Friday, January 18, 2013

ജ്യോതി വധക്കേസ് അതിവേഗ കോടതിയില്‍

ഡല്‍ഹി കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റി. നിഷ്ഠുരകൃത്യം നടന്ന് ഒരു മാസത്തിന് ശേഷമാണ് വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കേസിലെ അഞ്ച് പ്രതികളുടെ വിചാരണ 21ന് തുടങ്ങും. ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനമെടുക്കും. രാജ്യത്തെ നടുക്കിയ ബലാത്സംഗത്തിന് ശേഷമാണ് ഈ കേസിന്റെയും സ്ത്രീകള്‍ക്കെതിരായ മറ്റ് ലൈംഗികാതിക്രമ കേസുകളുടെയും വിചാരണയ്ക്കായി അതിവേഗ കോടതി രൂപീകരിച്ചത്.

അതിനിടെ കേസിലെ മുഖ്യപ്രതി വിചാരണ ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന് മുഖ്യപ്രതി മെട്രോ പൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ ആവശ്യപ്പെട്ടു. നിഷ്ഠുരകൃത്യം നടന്ന ബസിന്റെ ഡ്രൈവറായ രാംസിങ്ങാണ് ആവശ്യമുന്നയിച്ചത്. ഡല്‍ഹിയില്‍ വിചാരണ നടന്നാല്‍ നീതി കിട്ടില്ലെന്ന് ആശങ്കയുള്ളതായി രാംസിങ്ങിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും പുറമേയ്ക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസിലെ അഞ്ച് പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി കഴിഞ്ഞ ദിവസം കോടതി ജനുവരി 21 വരെ നീട്ടിയിരുന്നു. കേസിലെ മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം കഴിഞ്ഞ ചൊവ്വാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിശോധിച്ചിരുന്നു. ഈ വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് അടുത്ത 28ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരണമടഞ്ഞ വിദ്യാര്‍ഥിനിയുടെ സ്മരണയുമായി ജന്തര്‍മന്ദറിലും മറ്റും വീണ്ടും പ്രതിഷേധ കൂട്ടായ്മകള്‍ സജീവമായി.

deshabhimani 180113

No comments:

Post a Comment