Friday, January 18, 2013

ജാഗ്രതാ സമിതികള്‍ തുടരും


പതിനാറു നാള്‍ നീണ്ട ഐതിഹാസിക ഭൂസമരം താല്‍ക്കാലികമായി പിന്‍വലിച്ചെങ്കിലും, സര്‍ക്കാര്‍ ഭാവിയില്‍ എടുക്കുന്ന നടപടികള്‍ ഭൂസംരക്ഷണ സമിതി ജാഗ്രതയോടെ വീക്ഷിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍ പ്രകാശുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് സമരം ഒത്തുതീര്‍ന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇനി ഭൂസംരക്ഷണ സമിതി നേതൃത്വം വഹിക്കുക. പ്രക്ഷോഭം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും സര്‍ക്കാരിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും സമിതി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി വില്ലേജ്തലത്തില്‍ രൂപീകരിച്ച ജാഗ്രതാ സമിതികള്‍ തുടര്‍ന്നും സജീവമായി പ്രവര്‍ത്തിക്കും.

139 സമരകേന്ദ്രങ്ങളിലെ മിച്ചഭൂമി പൂര്‍ണമായും ഭൂരഹിതര്‍ക്ക് നല്‍കുമെന്നാണ് ഒത്തുതീര്‍പ്പില്‍ സര്‍ക്കാര്‍ നല്‍കിയ പ്രധാന ഉറപ്പ്. അതോടൊപ്പം അടുത്ത ആഗസ്തിനകം ഒരുലക്ഷം പേര്‍ക്ക് മൂന്നു സെന്റുവീതം ഭൂമി നല്‍കും. ഇതിനകം ഭൂമിക്കായി അപേക്ഷ നല്‍കാത്തവര്‍ക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാനും അവസരമുണ്ടാകും. ആദിവാസികള്‍ക്കുള്ള ഭൂമിവിതരണം ത്വരിതപ്പെടുത്തുമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഉറപ്പ് നല്‍കിയിട്ടുണ്ട്. പാവപ്പെട്ട കര്‍ഷകരുടെ കൈവശഭൂമിക്കും പുറമ്പോക്ക് ഭൂമിക്കും പട്ടയം നല്‍കാനുള്ള നടപടിയും വേഗത്തിലാക്കും. ഭൂമാഫിയകളുടെ അനധികൃത ഭൂകേന്ദ്രീകരണത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന ഉറപ്പും പ്രതീക്ഷ നല്‍കുന്നു. ഇതിനായി പ്രത്യേക സംവിധാനം സംസ്ഥാനതലത്തില്‍ രൂപം നല്‍കുന്നതോടൊപ്പം ഇത്തരം വിഷയങ്ങളില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ശക്തമായ നടപടി എടുക്കാന്‍ അതത് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തും.

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും ഇവ സംരക്ഷിക്കുമെന്നും ഉറപ്പ് നല്‍കി. കൂടാതെ നെല്‍വയലുകള്‍ കര്‍ഷകര്‍ക്കുമാത്രം കൈമാറുന്നതിനുള്ള നിയമനിര്‍മാണം കൊണ്ടുവരും. വ്യാഴാഴ്ച സമരകേന്ദ്രങ്ങളിലെങ്ങും ആഹ്ലാദപ്രകടനം നടത്തി. ലഡു വിതരണംചെയ്തും പായസം നല്‍കിയും സംസ്ഥാനത്തെ 139 കേന്ദ്രങ്ങളിലും ആയിരങ്ങള്‍ വിജയാഹ്ലാദം പ്രകടിപ്പിച്ചു. സമര കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തിയശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

പതിനാറ് ദിവസം നീണ്ട ചരിത്രപോരാട്ടത്തിനാണ് ബുധനാഴ്ച രാത്രി താല്‍ക്കാലികമായി വിരാമം കുറിച്ചത്. ആദ്യ പത്തുനാള്‍ 14 ജില്ലകളില്‍ ഓരോ കേന്ദ്രത്തില്‍വീതം പ്രതീകാത്മകമായി കൊടികെട്ടി അവകാശം സ്ഥാപിച്ചു. അറസ്റ്റിന് സന്നദ്ധമായാണ് വളന്റിയര്‍മാര്‍ ഓരോ ദിവസവും സമരകേന്ദ്രങ്ങളിലെത്തിയതെങ്കിലും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചു. സര്‍ക്കാര്‍ നിസ്സംഗത തുടര്‍ന്നപ്പോഴാണ് 139 കേന്ദ്രങ്ങളിലെ മിച്ചഭൂമികളില്‍ കയറി ഭൂരഹിതര്‍ കുടില്‍കെട്ടി താമസം തുടങ്ങിയത്. ആറു ദിവസം പിന്നിട്ടപ്പോള്‍ 5653 കുടിലാണ് ഉയര്‍ന്നത്.

deshabhimani 180113

No comments:

Post a Comment