Friday, January 18, 2013

കേരളത്തിന് നിയമാധികാരമില്ലെന്ന് സുപ്രീം കോടതി


മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ നടപടിക്ക് കേരളത്തിന് നിയമാധികാരമില്ലെന്ന് സുപ്രീംകോടതി. കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറും ജസ്റ്റിസ് ജെ ചെലമേശ്വറും ഉള്‍പ്പെട്ട ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേസില്‍ വിചാരണ നടക്കേണ്ടത് ഇന്ത്യയിലാണോ വിദേശത്താണോ എന്നതടക്കമുള്ള വിഷയങ്ങള്‍ പ്രത്യേക കോടതി പരിശോധിക്കും. ഇതോടെ, വെള്ളിയാഴ്ച തന്നെ പ്രതികളായ ലസ്തോറ മാസിമിലിയാനോ, സാല്‍വത്തോറോ ലിയോണ്‍ എന്നിവര്‍ കേരളം വിട്ടു. ഇരുവരും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് രാത്രി എട്ടിനുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. പതിവില്‍നിന്ന് വ്യത്യസ്ഥമായി സിവിലിയന്‍ വേഷത്തിലാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറലും രണ്ട് എംബസി ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടായി.

സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിനുപിന്നാലെ ഞൊടിയിടയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സംഘം കൊച്ചി വിട്ടത്. ഫോര്‍ട്ട്കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് വൈകിട്ട് 5.45നാണ് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. ഡല്‍ഹിയില്‍ ഇറ്റാലിയന്‍ എംബസിയോട് ചേര്‍ന്നുള്ള സ്ഥലത്താവും ഇവര്‍ താമസിക്കുക. വെടിവയ്പുണ്ടായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്നും അതിനാല്‍ കേസിന്റെ വിചാരണ ഇന്ത്യയില്‍നിന്ന് മാറ്റണമെന്നും കാട്ടി ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

കേരളതീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിന് അപ്പുറം നടന്ന സംഭവത്തില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ നിയമാധികാരമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, കേസില്‍ വിചാരണ നടത്താന്‍ ഇന്ത്യന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന വാദം അംഗീകരിക്കാനാവില്ല. വിചാരണയ്ക്കായി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് കേന്ദ്രം എത്രയും വേഗം പ്രത്യേക കോടതി രൂപീകരിക്കണം. ഇന്ത്യന്‍ ശിക്ഷാനിയമം, കപ്പലോട്ട നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും പ്രത്യേക കോടതിയില്‍ വിചാരണ നടക്കുക. നിലവില്‍ കേസ് നടക്കുന്നത് കൊല്ലം സെഷന്‍സ് കോടതിയിലാണ്. പുതിയ കോടതി എവിടെ വേണമെന്നത് പിന്നീട് തീരുമാനിക്കും. വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുംവരെ സൈനികര്‍ സുപ്രീംകോടതിയുടെ കസ്റ്റഡിയിലായിരിക്കും. ഡല്‍ഹി ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് ചെയ്യണം. പാസ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

കേസില്‍ തങ്ങള്‍ക്ക് നിയമാധികാരമുണ്ടെന്ന് സ്ഥാപിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രഗത്ഭ അഭിഭാഷകരെ വച്ച് കേസ് നടത്തിയപ്പോള്‍ കേരളവും കേന്ദ്രവും കേസില്‍ താല്‍പ്പര്യമെടുത്തിട്ടില്ല. കേരളത്തിന് നിയമാധികാരം നഷ്ടമാകുന്നതോടെ കേന്ദ്രനിലപാട് കേസില്‍ നിര്‍ണായകമാകും. തുടക്കം മുതല്‍ ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
(പി വി അഭിജിത്)

സുപ്രീംകോടതി വിധി കേരളത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി

കടല്‍ക്കൊല കേസില്‍ സുപ്രീംകോടതി വിധി കേരളത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിധിയെ സംസ്ഥാന സര്‍ക്കാര്‍ മാനിക്കുന്നു. സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധി. നിലവിലുള്ള കേസിനെ ഒരുതരത്തിലും വിധി ബാധിക്കില്ല. ഇന്ത്യന്‍ നിയമമനുസരിച്ച് വിചാരണ നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഏക സെസ് അനുവദിച്ചതിലൂടെ സ്മാര്‍ട്ട്സിറ്റിക്കുള്ള എല്ലാ തടസ്സവും മാറിയതായും അദ്ദേഹം പറഞ്ഞു.

deshabhimani 190113

No comments:

Post a Comment