Friday, January 18, 2013

പാകിസ്ഥാനുമായി ഉന്നതതല ചര്‍ച്ചവേണം: സിപിഐ എം


കൊല്‍ക്കത്ത: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘനം ആവര്‍ത്തിക്കാതിരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയിലാണ് യോഗം.

ജനുവരി എട്ടിന് രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ചതും ഇവരില്‍ ഒരാളുടെ തല വെട്ടിയെടുത്തതും അപലപനീയമാണ്. ഈ വിഷയത്തില്‍കേന്ദ്രസര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിക്കുകയും ഇത്തരം ആക്രമണങ്ങള്‍ അസ്വീകാര്യവും സഹിക്കാന്‍ കഴിയാത്തതുമാണെന്ന സന്ദേശം പാക് അധികൃതര്‍ക്ക് കൈമാറുകയും ചെയ്യണം. നിയന്ത്രണരേഖയില്‍ 2003ല്‍ നിലവില്‍വന്ന വെടിനിര്‍ത്തലിനുശേഷമുള്ള കാലയളവില്‍ സ്ഥിതിഗതി താരതമ്യേന ശാന്തമായിരുന്നു. അതിര്‍ത്തിയില്‍ സ്ഥിതി വഷളാകുന്നത് തടയണം. പ്രശ്നത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കുമ്പോള്‍ത്തന്നെ പാകിസ്ഥാനുമായുള്ള സംഭാഷണപ്രക്രിയ മുന്നോട്ടുകൊണ്ടുപോകണം. ഇരുരാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം വളര്‍ന്നുവരുന്നതിന് തടസ്സമൊന്നും ഉണ്ടാകരുതെന്നും കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയതലത്തില്‍ രൂപീകരിക്കേണ്ട തന്ത്രങ്ങളും സമകാലിക രാഷ്ട്രീയ സ്ഥിതിഗതികളുമാണ് കേന്ദ്രകമ്മിറ്റിയോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മാര്‍ച്ചില്‍ രാജ്യവ്യാപകമായി നടത്തുന്ന ജാഥകളുടെ വിശദാംശങ്ങളും യോഗം ചര്‍ച്ചചെയ്യും. യോഗം ശനിയാഴ്ച സമാപിക്കും.

deshabhimani 180113

No comments:

Post a Comment