Sunday, May 5, 2013

സംഘടനാ പ്രവര്‍ത്തന നിരോധം: കലിക്കറ്റ് വിസിക്കെതിരെ പ്രതിഷേധം


കലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ച വൈസ് ചാന്‍സലറുടെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധം കത്തുന്നു. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സര്‍വീസ് സംഘടനകള്‍ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചു. സിപിഐ എം അനുകൂല സര്‍വീസ് സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍, കോണ്‍ഗ്രസ് അനുകൂല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, ലീഗ് സര്‍വീസ് സംഘടനയായ സോളിഡാരിറ്റി ഓഫ് എംപ്ലോയീസ്, എംപ്ലോയീസ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ ജോലി ബഹിഷ്കരിച്ചായിരുന്നു പ്രതിഷേധം. ജീവനക്കാരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ വൈസ് ചാന്‍സലര്‍ രാവിലെത്തന്നെ ഓഫീസ് വിട്ടു. സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ച നടപടിക്കെതിരെ പ്രതിഷേധിച്ച എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍ ശനിയാഴ്ച ഉച്ചവരെ പണിമുടക്കി.

യുഡിഎഫ് സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍ ശനിയാഴ്ച മുഴുവനും ജോലി ബഹിഷ്കരിച്ചു. എംപ്ലോയീസ് യൂണിയന്‍ വിശദീകരണ യോഗത്തില്‍ സെക്രട്ടറി എസ് സദാനന്ദന്‍, പ്രസിഡന്റ് പി ഒമര്‍, സെനറ്റംഗവും യൂണിയന്‍ നേതാവുമായ കെ വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് യു വി രാജഗോപാല്‍, നേതാക്കളായ പി പ്രേമരാജന്‍, സോളിഡാരിറ്റി സെക്രട്ടറി പി അബ്ദുറഹിമാന്‍, ഇസ്മായില്‍, ഇ മുഹമ്മദ് ബഷീര്‍, കരീം മേച്ചേരി എന്നിവര്‍ യുഡിഎഫ് യോഗത്തില്‍ സംസാരിച്ചു. സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരും സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മുന്നറിയിപ്പുമില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വെള്ളിയാഴ്ചയാണ് വിസി ഉത്തരവിറക്കിയത്. വെള്ളിയാഴ്ചതന്നെ പ്രതിഷേധവുമായി എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ് എന്നീ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് ജീവനക്കാരുടെയും വിദ്യാര്‍ഥി സംഘടനകളുടെയും തീരുമാനം.

ജനാധിപത്യവിരുദ്ധം: കെ എന്‍ പണിക്കര്‍

വൈസ് ചാന്‍സലറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രമുഖ ചരിത്രകാരനും സംസ്കൃത സര്‍വകലാശാല മുന്‍ വിസിയുമായ കെ എന്‍ പണിക്കര്‍ വ്യക്തമാക്കി. അധ്യാപകരും അനധ്യാപകരുമെല്ലാം പൊതുസമൂഹത്തിന്റെ ഭാഗമാണ്. അവര്‍ക്ക് സംഘടനാ പ്രവര്‍ത്തനം പാടില്ലെന്ന് പറയാന്‍ വിസിക്ക് അധികാരമില്ല. രാഷ്ട്രീയം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്നതാണ് ചോദ്യം. രാഷ്ട്രീയം സമൂഹത്തെ മാറ്റിയെടുക്കുന്ന ക്രിയാത്മക പ്രക്രിയയാണ്. അതിനെ ചീത്തകാര്യമായി കാണുന്നവരാണ് ഇത്തരത്തിലുള്ള ഉത്തരവിറക്കുന്നത്. വിദ്യാര്‍ഥി സമൂഹം ഉള്‍പ്പെടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് അവസരമൊരുക്കുകയാണ് ക്യാമ്പസുകള്‍ ചെയ്യേണ്ടത്. വോട്ട് ചെയ്യാന്‍ അവകാശമുള്ളവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല-പണിക്കര്‍ പറഞ്ഞു.

തെറ്റായ പ്രവണത: കെ കെ എന്‍ കുറുപ്പ്

സര്‍വകലാശാലപോലുള്ള ജനാധിപത്യ സ്ഥാപനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മുന്‍ വി സി കെ കെ എന്‍ കുറുപ്പ് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ക്ക് എതിരാണിത്. ദൂരക്കാഴ്ചയില്ലാത്ത ഭരണാധികാരികള്‍ക്ക് മാത്രമേ ഇത്തരം തീരുമാനങ്ങളെടുക്കാനാവൂ. താന്‍ കലിക്കറ്റ് സര്‍വകലാശാല വിസിയായ കാലത്ത് വന്‍ അപവാദ പ്രചാരണങ്ങളാണ് ഒരു വിഭാഗം അഴിച്ചുവിട്ടത്. വര്‍ഗീയവാദിയെന്നുവരെ മുദ്രകുത്താന്‍ ശ്രമമുണ്ടായി. അന്ന് അതിനെ അടിച്ചമര്‍ത്തുന്ന സമീപനമല്ല സ്വീകരിച്ചത്. ജനാധിപത്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് രാഷ്ട്രീയ പ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും അനിവാര്യമാണ്-കുറുപ്പ് വ്യക്തമാക്കി. വിസിയുടെ നടപടി കാടത്തമാണെന്ന് അസോസിയേഷന്‍ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 050513

No comments:

Post a Comment