Thursday, May 9, 2013

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ 2000 കോടിയുടെ പാക്കേജ് വേണം


കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച "സേവ് കെഎസ്ആര്‍ടിസി" സെമിനാര്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി രണ്ടായിരം കോടിയുടെയെങ്കിലും പാക്കേജിന് രൂപം നല്‍കണം. അതില്‍ ആയിരം കോടി സര്‍ക്കാര്‍ ഗ്രാന്റായി നല്‍കണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പലിശരഹിത വായ്പയായി ബാക്കി ആയിരംകോടി അനുവദിക്കണം. ഇതിനായി സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ച് ധനസമാഹരണം നടത്തണം. ഇങ്ങനെ സമാഹരിക്കുന്ന തുക കടം പൂര്‍ണമായി തീര്‍ക്കാനും ബാക്കി തുക ബസ് വാങ്ങാനുമായി വിനിയോഗിക്കാമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് മന്ത്രി പറയുമ്പോള്‍ സാധാരണക്കാരന് എങ്ങനെ പ്രതീക്ഷയുണ്ടാകുമെന്ന് കോടിയേരി ചോദിച്ചു. ലാഭനഷ്ടങ്ങള്‍ നോക്കാതെ സാധാരണക്കാന് ഗതാഗത സൗകര്യം ഒരുക്കുകയെന്ന ദൗത്യമാണ് സര്‍ക്കാര്‍ നിര്‍വഹിക്കേണ്ടത്. വിവിധ രൂപത്തിലുള്ള സൗജന്യങ്ങള്‍ നല്‍കിയതു വഴിയുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. കെടിഡിഎഫ്സിയില്‍ നിന്നുള്ള 1400 കോടിയുടെ വായ്പാബാധ്യത നിലനിര്‍ത്തിയാല്‍ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനാകില്ല. കെഎസ്ആര്‍ടിസിക്കുള്ള മൂലധനവിഹിതം കേന്ദ്ര സര്‍ക്കാര്‍ 1988നു ശേഷം നല്‍കിയിട്ടില്ല. കേരള സര്‍ക്കാര്‍ നല്‍കിയതായി കണക്കാക്കുന്ന 563.88 കോടി രൂപയ്ക്ക് ആനുപാതികമായി കേന്ദ്രവിഹിതമനുവദിച്ചാല്‍ത്തന്നെ 281.95 കോടി ലഭിക്കണം. കേരളത്തിന്റെ ഗതാഗതത്തില്‍ 27 ശതമാനം മാത്രമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ വിഹിതം. ഇത് 50 ശതമാനമായി ഉയര്‍ത്തുകയാണ് വേണ്ടത്. അതിനനുസൃതമായ ഗതാഗതനയം സര്‍ക്കാരിനുണ്ടാകണം. വന്‍ നഗരങ്ങളില്‍ വലിയ തുക മുടക്കി മെട്രോ റെയില്‍വേ ആരംഭിക്കുന്നത് സാധാരണക്കാരുടെ ഗതാഗതപ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമല്ല. കെഎസ്ആര്‍ടിസിയോടുള്ള സര്‍ക്കാരിന്റെ സമീപനം മാറണം. സ്ഥാപനം പൂട്ടിപ്പോകട്ടെ, എനിക്കൊന്നുംചെയ്യാന്‍ കഴിയില്ലെന്ന സമീപനം മാറണം. പൊതുമേഖലാസ്ഥാപനങ്ങള്‍ ബാധ്യതയാണെന്ന തത്വശാസ്ത്രം അടിച്ചേല്‍പ്പിക്കുന്ന കാലഘട്ടമാണിത്. അതിനുള്ള തിരുത്തായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം. പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കിയതിനുപുറമെ പുതിയവ ആരംഭിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി-കോടിയേരി ചൂണ്ടിക്കാട്ടി.

അസോസിയേഷന്‍ പ്രസിഡന്റ് വൈക്കം വിശ്വന്‍ അധ്യക്ഷനായി. "കെഎസ്ആര്‍ടിസി പ്രതിസന്ധിയും പരിഹാരമാര്‍ഗങ്ങളും" എന്ന വിഷയം വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരന്‍ അവതരിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, കെഎസ്ആര്‍ടിസി സിഎംഡി കെ ജി മോഹന്‍ലാല്‍, കെഎസ്ആര്‍ടിഡബ്ല്യുയു (ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി ആര്‍ ശശിധരന്‍, കെഎസ്ആര്‍ടി എംപ്ലോയീസ് സംഘ് വര്‍ക്കിങ് പ്രസിഡന്റ് കെ ഗോപിനാഥന്‍നായര്‍, ഫ്രാറ്റ് ജനറല്‍ സെക്രട്ടറി പരണിയം ദേവകുമാര്‍ എന്നിവരും സംസാരിച്ചു. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ്് സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment