Thursday, May 9, 2013

വല്ലാര്‍പാടം ടെര്‍മിനല്‍ കൊച്ചി തുറമുഖത്തെ മുക്കിക്കൊല്ലുന്നു


വല്ലാര്‍പാടം രാജ്യാന്തര ടെര്‍മിനല്‍വഴി വന്‍ നേട്ടം കൊയ്യുമെന്ന് അധികൃതര്‍ പറഞ്ഞ കാലാവധി എത്തിയിട്ടും കൊച്ചി തുറമുഖ ട്രസ്റ്റ് വന്‍ സാമ്പത്തികബാധ്യതയില്‍തന്നെ. കേരളത്തിലെ വമ്പന്‍ പൊതുമേഖലാ സ്ഥാപനത്തിന് ഇപ്പോള്‍ വായ്പ നല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍പോലും തയ്യാറാകാത്ത സ്ഥിതിയാണ്.

വല്ലാര്‍പാടം ടെര്‍മിനലിലെ കരാറുകാര്‍ക്കായി രാജ്യത്തെ കബോട്ടാഷ് നിയമത്തില്‍വരെ ഇളവു നല്‍കിയിട്ടും ചരക്കുനീക്കം മെച്ചപ്പെട്ടിട്ടില്ല. കേന്ദ്ര സ്ഥാപനമായ ഷിപ്പിങ് കോര്‍പറേഷന്‍പോലും വല്ലാര്‍പാടത്തെ ബഹിഷ്കരിക്കുകയാണ്. കേന്ദ്ര ഷിപ്പിങ് മന്ത്രി ജി കെ വാസന്‍ ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുപ്രകാരം വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് 2011ല്‍ കൊച്ചി തുറമുഖ ട്രസ്റ്റിനു ലഭിച്ചത് 49.39 കോടിയും 2012ല്‍ 53.39 കോടി രൂപയുമാണ്. എന്നാല്‍, വല്ലാര്‍പാടത്ത് കപ്പല്‍ചാലില്‍ ആഴംകൂട്ടുന്നതിനുള്ള ഡ്രഡ്ജിങ്ങിനു മാത്രം കൊച്ചിതുറമുഖം ചെലവഴിച്ചത് 377.94 കോടി രൂപയാണ്. തുടര്‍ച്ചയായി നടത്തേണ്ട ഡ്രഡ്ജിങ്ങിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം ചെലവഴിച്ചതാകട്ടെ 125 കോടിയും. ഇത് വര്‍ഷംതോറും വര്‍ധിക്കുമെന്നതിനാല്‍ വല്ലാര്‍പാടം വഴിയുള്ള കൊച്ചി തുറമുഖത്തിന്റെ നഷ്ടവും ദിനംപ്രതിയെന്നോണം കൂടും. വല്ലാര്‍പാടത്തുനിന്നുള്ള വരുമാനത്തിന്റെ 25 ശതമാനം തുക മാറ്റിവയ്ക്കപ്പെട്ട വരുമാനമായി നീക്കിവയ്ക്കും എന്നതിനാല്‍ കേന്ദ്രമന്ത്രി വ്യക്തമാക്കിയതിന്റെ 75 ശതമാനം തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. മാറ്റിവച്ച വരുമാനത്തിന് ഒമ്പതുവര്‍ഷത്തിനു ശേഷമേ തുറമുഖ ട്രസ്റ്റിന് അര്‍ഹതയുണ്ടാകൂ. വല്ലാര്‍പാടം ടെര്‍മിനലില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 33 ശതമാനം വരുമാനം മാത്രമേ കൊച്ചി തുറമുഖത്തിനുള്ളു. വല്ലാര്‍പാടത്തെ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിനാണ് 67 ശതമാനം. ഫലത്തില്‍ കൊച്ചി തുറമുഖത്തിന്റെ ചെലവില്‍ വന്‍ നേട്ടമാണ് ഇവര്‍ ഉണ്ടാക്കുന്നത്. കൊച്ചി തുറമുഖത്തെ മുഴുവന്‍ കണ്ടെയ്നര്‍ ചരക്കുനീക്കവും അവസാനിപ്പിച്ചും വല്ലാര്‍പാടത്തേക്കുള്ള റോഡ്, റെയില്‍ ഗതാഗതത്തിന് 1284 കോടി രൂപ മുടക്കിയും രാജ്യാന്തര ടെര്‍മിനല്‍ ആരംഭിക്കുമ്പോള്‍ 2013-ഓടെ ടെര്‍മിനല്‍വഴി തുറമുഖത്തിന് വന്‍ ലാഭം ഉണ്ടാകുമെന്നായിരുന്നു അധികൃതര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ കാലാവധി പിന്നിട്ടിട്ടും ലാഭം പോയിട്ട് നഷ്ടം കുറയ്ക്കാനുള്ള മാര്‍ഗംപോലും ഒരുങ്ങുന്നില്ല.

അധികൃതരുടെ കണക്കുകൂട്ടല്‍പ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം വല്ലാര്‍പാടംവഴി കൈകാര്യംചെയ്യേണ്ടത് ഏതാണ്ട് ഏഴരലക്ഷം ടിഇയു കണ്ടെയ്നറുകളാണ്. എന്നാല്‍ കൈകാര്യംചെയ്തതാകട്ടെ 3,34,295 ടിഇയു കണ്ടെയ്നറുകള്‍ മാത്രം. അതിനു മുമ്പത്തെ വര്‍ഷമാകട്ടെ 3,34,103 ടിഇയു കണ്ടെയ്നറുകളും. ആഭ്യന്തര ചരക്കുനീക്കത്തില്‍ വിദേശ കപ്പലുകളെ വിലക്കുന്ന കബോട്ടാഷ് നിയമം വല്ലാര്‍പാടത്തിനായി ഭേദഗതിചെയ്തിരുന്നു. ഇതുവഴി മദര്‍ഷിപ്പുകള്‍ പ്രവഹിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും നേട്ടമൊന്നും ഉണ്ടായില്ല.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഷിപ്പിങ് കോര്‍പറേഷന്‍ (എസ്സിഐ)പോലും രാജ്യത്തെ ഏക രാജ്യാന്തര ടെര്‍മിനലിനെ ഒഴിവാക്കി കൊളംബോയെ സഹായിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 3,40,000 ടിഇയു കണ്ടെയ്നറുകളാണ് എസ്സിഐ കൊളംബോവഴി കൈകാര്യംചെയ്തത്. ഇവകൂടി വല്ലാര്‍പാടംവഴി കൈകാര്യംചെയ്തിരുന്നെങ്കില്‍ കൊച്ചി തുറമുഖത്തിന്റെ വരുമാനം ഇരട്ടിയാകുമായിരുന്നു. ആദ്യമായി കപ്പല്‍ അടുത്തതിന്റെ 85-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന കൊച്ചി തുറമുഖം ഇപ്പോള്‍ പ്രതിസന്ധികളാല്‍ വീര്‍പ്പുമുട്ടുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ 100 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ബാങ്കുകള്‍ അനുവദിക്കുന്നില്ലെന്നാണ് തുറമുഖവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
(ഷഫീഖ് അമരാവതി)

deshabhimani 090513

No comments:

Post a Comment