Friday, May 10, 2013

ബോള്‍ഗാട്ടിയില്‍ നികത്തിയ 24 ഏക്കര്‍ പാട്ടത്തിനു നല്‍കിയത് റദ്ദാക്കണം: യൂണിയന്‍


തുറമുഖ ആവശ്യത്തിനെന്ന പേരില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് ബോള്‍ഗാട്ടി ദ്വീപില്‍ നികത്തിയ 24.7 ഏക്കര്‍ ഭൂമി ഇല്ലാത്ത അധികാരം ഉപയോഗിച്ച് ലുലു ഗ്രൂപ്പിന് പാട്ടത്തിനു നല്‍കിയത് റദ്ദാക്കണമെന്ന് കൊച്ചിന്‍ പോര്‍ട്ട് ലേബര്‍ യൂണിയന്‍ (സിപിഎല്‍യു-സിഐടിയു) പ്രസിഡന്റ് എം എം ലോറന്‍സും വൈസ് പ്രസിഡന്റ് കെ വി എ അയ്യരും പറഞ്ഞു. ഈ തട്ടിപ്പിനെതിരെ സമഗ്രാന്വേഷണം നടത്തണമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബോള്‍ഗാട്ടിയില്‍ മറീന പദ്ധതിക്കെന്ന പേരില്‍ നികത്തിയ ഭൂമി പാട്ടത്തിനു നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പോര്‍ട്ട് ട്രസ്റ്റിന് അധികാരമില്ല. തുറമുഖാവശ്യത്തില്‍ കവിഞ്ഞുള്ള സ്ഥലം പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇവിടെ 572 അപ്പാര്‍ട്ട്മെന്റുകള്‍, 270 മുറികള്‍, 3400 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വന്‍ഷന്‍ സെന്റര്‍, വില്ല, റസ്റ്ററന്റ് എന്നിവ നിര്‍മിക്കുകയാണ് പാട്ടത്തിനെടുത്ത കമ്പനിയുടെ ലക്ഷ്യം. തീരദേശസംരക്ഷണ നിയമം ബാധകമായ ഇവിടെ നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഇവര്‍ അപേക്ഷ നല്‍കിയതായും അറിയുന്നു. ആകെ 1,49,820 ചതുരശ്ര അടി നിര്‍മാണപ്രവര്‍ത്തനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ചട്ടംലംഘിച്ചുള്ള പാട്ടത്തിനു പുറമെ ഭൂമിയുടെ വിലപോലും ഗണ്യമായി കുറച്ച് പാട്ടം നിശ്ചയിച്ചു. കരാറുകാരെ വഴിവിട്ട് സഹായിച്ചു. മെട്രോ റെയിലിന് സെന്റിന് 51 ലക്ഷം രൂപയ്ക്കാണ് സ്ഥലം ഏറ്റെടുക്കുന്നതെങ്കില്‍ അതിനെക്കാള്‍ വിലയേറിയ സുന്ദര ജലാഭിമുഖ പ്രദേശമായ ബോള്‍ഗാട്ടി ഭൂമിക്ക് താരിഫ് അതോറിറ്റി ഫോര്‍ മേജര്‍ പോര്‍ട്സ് (ടിഎഎംപി) അംഗീകരിച്ച മതിപ്പുവില സെന്റിന് 2.10 ലക്ഷം (ഏക്കറിന് 2.1 കോടി) മാത്രമാണ്. ഇതിന്റെ ആറുശതമാനം മാത്രമാണ് വാര്‍ഷിക പാട്ടനിരക്ക്.

2004ല്‍ ഗോശ്രീപാലത്തിനായി നികത്തിയ സ്ഥലം വിറ്റപ്പോള്‍ സെന്റിന് ഒമ്പതുലക്ഷം രൂപവരെ സര്‍ക്കാരിന് ലഭിച്ചു. ഈ ഭൂമിയില്‍നിന്ന് 500 മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബോള്‍ഗാട്ടിയിലെ ജലാഭിമുഖ സ്ഥലത്തിന് 2010ല്‍ സെന്റിന് 2.10 ലക്ഷം രൂപയേ ലഭിക്കൂവെന്ന കണ്ടെത്തല്‍ അത്ഭുതപ്പെടുത്തുന്നതാണ്. പാട്ടഭൂമിക്കായി ഒരു കമ്പനി മാത്രമേ ടെന്‍ഡര്‍ നല്‍കിയുള്ളൂവെന്ന പോര്‍ട്ട് ട്രസ്റ്റിന്റെ വാദവും ദുരൂഹമാണ്. ഈ ഘട്ടത്തില്‍ പലതവണ പുനര്‍ ടെന്‍ഡര്‍ ചെയ്യാനും ട്രസ്റ്റിനു കഴിയും. ചിലരുടെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കുകയാണ് പാട്ടക്കരാറിലൂടെ നടന്നിട്ടുള്ളത്. ഇതിനു കൂട്ടുനിന്ന പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ക്കെതിരെ നടപടി വേണം. ഇതിനെതിരെ സിപിഎല്‍യു ശക്തമായ പ്രക്ഷോഭം ആരംഭിക്കും. മുഴുവന്‍ രാഷ്ട്രീയപാര്‍ടികളും ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ലോറന്‍സ് പറഞ്ഞു.

deshabhimani

No comments:

Post a Comment