ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി തന്റെ മൊഴി തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് പൊലീസുകാരനായ സാക്ഷി കോടതിയില്‍ പറഞ്ഞു. 125-ാം സാക്ഷിയായി വിസ്തരിച്ച വടകര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ മനോജ്കുമാറിന്റേതാണ് മൊഴി. ചന്ദ്രശേഖരന്‍ വള്ളിക്കാട്ട് വെട്ടേറ്റുകിടക്കുന്നത് അറിഞ്ഞ് എസ്ഐയുടെ നിര്‍ദേശപ്രകാരം രാത്രി 10.40ന് സംഭവസ്ഥലത്ത് എത്തിയെന്നും പരിക്കേറ്റുകിടന്നയാളെ രണ്ടുപേരുടെ സഹായത്തോടെയാണ് പൊലീസ് ജീപ്പില്‍ കയറ്റിയതെന്നും ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മനോജ്കുമാര്‍ ബോധിപ്പിച്ചു. എന്നാല്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ അഞ്ചാറുപേരുടെ സഹായത്തോടെ എന്നാണുള്ളതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൊലീസിന് എഴുതുമ്പോള്‍ തെറ്റിപ്പോയതാണെന്നായിരുന്നു മറുപടി. പൊലീസ് രേഖപ്പെടുത്തിയ മൊഴി വായിച്ചുകേള്‍പ്പിച്ചതാണ്. തെറ്റായ കാര്യം രേഖപ്പെടുത്തിയതാണോയെന്ന് ഓര്‍ക്കുന്നില്ല. പിറ്റേന്ന് നേരം വെളുക്കുന്നതുവരെ അവിടെ ഡ്യൂട്ടിയുണ്ടായിരുന്നു. ചന്ദ്രശേഖരന്റെ ഫോട്ടോയുള്ള കാര്‍ഡുകള്‍ ചിതറിക്കിടക്കുന്നത് ശ്രദ്ധിച്ചില്ല. എന്തൊക്കെയാണ് ചിതറിക്കിടക്കുന്നതെന്ന് അവ ബന്തവസ്സിലെടുക്കുമ്പോഴാണ് മനസ്സിലായത്. വെട്ടേറ്റയാള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെന്ന് ഡിവൈഎസ്പിയോട് പറഞ്ഞിട്ടില്ല. അപ്രകാരം എഴുതിക്കാണുന്നുണ്ടെങ്കില്‍ ഒന്നും പറയാനില്ല. ഡിവൈഎസ്പിക്ക് കൊടുത്ത മൊഴിയില്‍നിന്ന് വ്യത്യസ്തമായി പറയുന്നത് പ്രോസിക്യൂഷന്‍ പറഞ്ഞുപഠിപ്പിച്ച പ്രകാരമാണെന്ന് പ്രതിഭാഗം വാദിച്ചു.
deshabhimani
No comments:
Post a Comment