Wednesday, May 8, 2013

ഡിയുവില്‍ 4 വര്‍ഷ ഡിഗ്രി: ധൃതി പാടില്ലെന്ന് സിപിഐ എം


ഡല്‍ഹി സര്‍വകലാശാലയില്‍ നാലുവര്‍ഷ ഡിഗ്രി കോഴ്സ് പെട്ടെന്ന് കൊണ്ടുവരാനുള്ള തീരുമാനം വേണ്ടത്ര ആലോചനയില്ലാത്തതാണെന്ന് സിപിഐ എം. തലസ്ഥാനനഗരിയിലെ പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയില്‍ യുജിസി വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഡിഗ്രി കോഴ്സിന്റെ ഘടന മാറ്റാനുള്ള നടപടിയില്‍നിന്ന് പിന്തിരിയാന്‍ നിര്‍ദേശിക്കണമെന്ന് സിപിഐ എം എംപിമാര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്താകെ 10+2+3 എന്നതാണ് ഡിഗ്രിവരെ അംഗീകരിച്ച മാതൃക. എല്ലായിടത്തും മൂന്നുവര്‍ഷംകൊണ്ട് ഡിഗ്രി നേടുമ്പോള്‍ ഡല്‍ഹി സര്‍വകലാശാലയില്‍മാത്രം ഡിഗ്രി നേടാന്‍ നാലുവര്‍ഷം വേണമെന്നത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. വിദ്യാര്‍ഥികളെ ഒരു വര്‍ഷം പിന്നിലാക്കുന്ന തീരുമാനമാണിത്. വിദ്യാഭ്യാസച്ചെലവും വര്‍ധിക്കും. മറ്റു സര്‍വകലാശാലകളില്‍നിന്ന് ബിരുദാനന്തര കോഴ്സുകളില്‍ ചേരാന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടും. ഉന്നതവിദ്യാഭ്യാസമേഖലയിലെ കോഴ്സുകളുടെ ഘടനയില്‍ മാറ്റംവരുത്തുന്നതിന് യുജിസിയുടെ അംഗീകാരം വേണം. അതിനായി ആറു മാസംമുമ്പ് വിശദമായ നിര്‍ദേശം യുജിസിക്ക് സമര്‍പ്പിക്കണം. അതൊന്നും ഡല്‍ഹി സര്‍വകലാശാല ചെയ്തിട്ടില്ല. വിശദമായി ചര്‍ച്ചചെയ്യാതെ ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍നിന്ന് സര്‍വകലാശാലയെ പിന്തിരിപ്പിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി, സി പി നാരായണന്‍, ടി കെ രംഗരാജന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, ഡോ. ടി എന്‍ സീമ, എം പി അച്യുതന്‍, പ്രശാന്ത ചാറ്റര്‍ജി, ഡോ. ബരുണ്‍ മുഖര്‍ജി എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.

deshabhimani 070513

How to destroy a University - Jayati Ghosh

Why Delhi University’s four-year degree is a good ideaChandrachur Singh

No comments:

Post a Comment