പവര്‍കട്ടിനെത്തുടര്‍ന്ന് സാക്ഷിവിസ്താരം മുടങ്ങി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടക്കേണ്ട സാക്ഷിവിസ്താരമാണ് മാറ്റിവച്ചത്. സാക്ഷി വിസ്താരം തുടങ്ങുമ്പോള്‍ മുതല്‍ കോടതിയില്‍ വൈദ്യുതിയില്ലായിരുന്നു. ജഡ്ജിയുടെ ഇരിപ്പിടത്തിനുമുകളിലുള്ള ഫാനും രണ്ടു ട്യൂബ് ലൈറ്റുകളും ഉച്ചയ്ക്ക് ഒരുമണി വരെ ഇന്‍വര്‍ട്ടറിലാണ് പ്രവര്‍ത്തിച്ചത്. അതിനുശേഷം ഇന്‍വര്‍ട്ടറിലെ വൈദ്യുതിയും തീര്‍ന്നു. കത്തുന്ന ചൂടില്‍ ഉച്ചവരെ ഉരുകിയാണ് കോടതി ഹാളില്‍ എല്ലാവരും കഴിച്ചുകൂട്ടിയത്. ഉച്ചയ്ക്കുശേഷം ഒരുസാക്ഷിയെക്കൂടി വിസ്തരിക്കാനുണ്ടെങ്കിലും വൈദ്യുതി ഇല്ലാത്തതിനാല്‍ വിസ്താരം തുടരാനാവില്ലെന്ന് ജഡ്ജി ആര്‍ നാരായണപിഷാരടി അറിയിച്ചു. കേസ് ഡയറിയിലെ 266-ാം സാക്ഷിയും പൊലീസ് ഉദ്യോഗസ്ഥനുമായ ടി പി രാജീവിനെയാണ് വിസ്തരിക്കാനുണ്ടായിരുന്നത്. ഈ സാക്ഷിയെ എന്ന് വിസ്തരിക്കണമെന്ന് പിന്നീട് തീരുമാനിക്കും. എരഞ്ഞിപ്പാലം ഭാഗത്ത് വൈകിട്ട് അഞ്ചുവരെ വൈദ്യുതി വിതരണം ഉണ്ടായിരുന്നില്ല.
6 പൊലീസ് ഉദ്യോഗസ്ഥരെ വിസ്തരിച്ചു
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിവിധ മഹസര്‍ സാക്ഷികളായ ആറ് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിച്ചു. തൃശൂര്‍ കെഎപി ബറ്റാലിയന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ എ സണ്ണി, ലിജോ ജോസ്, വടകര പൊലീസ്സ്റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ്, പെരുവണ്ണാമൂഴി പൊലീസ്സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍ വി ബാലകൃഷ്ണന്‍, കുറ്റ്യാടി പൊലീസ്സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ എന്‍ വാസുദേവന്‍, തൊട്ടില്‍പാലം പൊലീസ്സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീധരന്‍ എന്നിവരെയാണ് ചൊവ്വാഴ്ച വിസ്തരിച്ചത്. ഇതോടെ വിസ്തരിച്ച സാക്ഷികളുടെ എണ്ണം 124 ആയി.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ടി കെ രജീഷും ഷനോജും സംഭവദിവസം കൂത്തുപറമ്പ് ലിന്‍ഡാസ് ലോഡ്ജില്‍ താമസിച്ചതിന്റെ രേഖകള്‍ കണ്ടെടുക്കുന്നതിന് സാക്ഷിയാണെന്ന് സ്ഥാപിക്കാനാണ് 124-ാം സാക്ഷിയായി ശ്രീധരനെ വിസ്തരിച്ചത്. ലോഡ്ജ് രേഖകള്‍ കണ്ടെടുത്തു എന്ന് കേസാവശ്യാര്‍ഥം സാക്ഷി കളവുപറയുകയാണെന്ന് പ്രതിഭാഗം വാദിച്ചു. പൂരിപ്പിക്കാത്ത ബില്‍ബുക്കും രജിസ്ട്രേഷന്‍ കാര്‍ഡും എടുത്തുകൊണ്ടുപോയി വടകര ക്യാമ്പ് ഓഫീസില്‍ ഒപ്പിടുകയായിരുന്നുവെന്നും വാദമുയര്‍ന്നു. ടി കെ രജീഷ് ഇന്നോവ കാര്‍ ഡിവൈഎസ്പി ഓഫീസില്‍ ഹാജരാക്കിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് അറിയില്ലെന്ന് 119ാം സാക്ഷി കെ എ സണ്ണി ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ മൊഴി നല്‍കി. കാറില്‍നിന്ന് വല്ലതും കണ്ടെടുത്തതായി മഹസറില്‍ എഴുതിയതായി അറിയില്ല. കാറില്‍നിന്ന് കണ്ടെടുത്തുവെന്ന് പറഞ്ഞ ഫ്ളോര്‍ മാറ്റുകള്‍ പൊതിയുകയോ സീല്‍ ചെയ്യുകയോ ചെയ്തതായി അറിയില്ലെന്നും സാക്ഷി ബോധിപ്പിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ ഗോപാലകൃഷ്ണക്കുറുപ്പ്, എം അശോകന്‍, പി വി ഹരി എന്നിവരും പ്രോസിക്യൂഷനായി സി കെ ശ്രീധരനും സാക്ഷികളെ വിസ്തരിച്ചു.
deshabhimani 090513
No comments:
Post a Comment