Thursday, May 9, 2013

കേന്ദ്രം വൃത്തികേട് കാട്ടി


കല്‍ക്കരി കുംഭകോണക്കേസില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഹൃദയഭാഗമാണ് പ്രധാനമന്ത്രി കാര്യാലയം നീക്കം ചെയ്തതെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി കാര്യാലയത്തിന്റെയും നിയമമന്ത്രിയുടെയും ഇടപെടല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യമായ മാറ്റമുണ്ടാക്കിയില്ലെന്ന സിബിഐ വാദം രൂക്ഷമായ പരാമര്‍ശങ്ങളോടെ ജസ്റ്റിസ് ആര്‍ എം ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളി.

കേസില്‍ കോടതിയുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള പ്രധാനമന്ത്രി കാര്യാലയവും കല്‍ക്കരി മന്ത്രാലയവും അന്വേഷണത്തില്‍ കൈകടത്തിയതിന്റെ അടിസ്ഥാനം എന്തെന്ന് കോടതി ചോദിച്ചു. ആശങ്കാജനകമായ ഇടപെടലാണ് നടന്നത്. അന്വേഷണത്തില്‍ കൈകടത്താന്‍ നിയമമന്ത്രിക്ക് അധികാരമില്ല. അന്വേഷണത്തില്‍ പുറമെ നിന്നുള്ള ഇടപെടല്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച് സിബിഐയെ സ്വതന്ത്രമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയെന്നു കാട്ടി സിബിഐ തിങ്കളാഴ്ച നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് പരമോന്നത കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും. പ്രധാനമന്ത്രിയെയും നിയമമന്ത്രിയെയും സംരക്ഷിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളെ നിലംപരിശാക്കുന്ന പരാമര്‍ശങ്ങളാണ് രണ്ടരമണിക്കൂറിലേറെ നീണ്ട വാദംകേള്‍ക്കലില്‍ കോടതി നടത്തിയത്. കേസില്‍ അന്വേഷണസംഘത്തലവനെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കുകയും ചെയ്തു. അന്വേഷണത്തിന് നേതൃത്വം നല്‍കിവന്ന രവികാന്ത് മിശ്രയെ ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് മാറ്റിയ നടപടിയാണ് റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാരുമായി അനേഷണവിവരം പങ്കുവയ്ക്കാതിരിക്കാനുള്ള തന്റേടം സിബിഐ പുലര്‍ത്തണമായിരുന്നെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സിബിഐയില്‍ കോടതിക്ക് അത്തരമൊരു വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍, ഒരുപാട് യജമാനന്മാരുള്ള കൂട്ടിലടച്ച തത്തയായി അതു മാറി. ഇതൊരു വൃത്തികെട്ട രീതിയാണ്. പ്രധാനമന്ത്രി കാര്യാലയത്തിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരില്‍നിന്ന് അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു സിബിഐയുടെ കടമ. കേസില്‍ ഉള്‍പ്പെട്ട രണ്ടു വകുപ്പും കോടതിയുടെ നിരീക്ഷണത്തിലാണ്. നേരെമറിച്ച് സിബിഐ ചെയ്തത് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ്. പ്രധാനമന്ത്രി കാര്യാലയ സെക്രട്ടറി ശത്രുഘ്നസിങ്ങും കല്‍ക്കരി മന്ത്രാലയ സെക്രട്ടറി എ കെ ഭല്ലയും സിബിഐ ഓഫീസ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് തിരുത്തി.

2006-09ല്‍ (പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി വകുപ്പു ചുമതല വഹിച്ചിരുന്ന കാലം) കല്‍ക്കരി പാടങ്ങള്‍ വിതരണം ചെയ്തത് വ്യവസ്ഥാപിത രീതിയിലായിരുന്നില്ലെന്ന കണ്ടെത്തലാണ് ഒഴിവാക്കിയത്. ഇതിനു പുറമേ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ നിരന്തരമായി ഇടപെട്ടു. സിബിഐ അന്വേഷണം നടത്തുകയാണോ അതോ കേന്ദ്രസര്‍ക്കാരുമായി കൂട്ടുകച്ചവടം നടത്തുകയാണോ എന്ന് ബെഞ്ച് ആരാഞ്ഞു. സിബിഐയുടെ ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നത് അന്വേഷണത്തില്‍ കൈകടത്താനുള്ള ഒഴിവുകഴിവല്ല. പ്രധാനമന്ത്രി കാര്യാലയവും സഹമന്ത്രാലയവും ഉള്‍പ്പെട്ട കേസിലാണ് നിയമമന്ത്രി ഇടപെട്ടത്. അന്വേഷണത്തില്‍ നിയമമന്ത്രിക്ക് എന്തു കാര്യം?

അപേക്ഷ നല്‍കിയ കമ്പനികളുടെ പട്ടിക തയ്യാറാക്കുകയും വിശദപരിശോധന നടത്തുകയും ചെയ്യാതെയാണ് കല്‍ക്കരി പാടങ്ങള്‍ വിതരണം ചെയ്തതെന്ന ഭാഗമാണ് മന്ത്രി ഒഴിവാക്കിയത്. ലേലം കൂടാതെ പാടങ്ങള്‍ നല്‍കിയതിന്റെ നിയമസാധുത പരിശോധിക്കുന്നതില്‍നിന്ന് സിബിഐയെ തടസ്സപ്പെടുത്തി. നിയമമന്ത്രിയുടെ ആവശ്യപ്രകാരമാണ് താന്‍ സിബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി കോടതിയില്‍ വെളിപ്പെടുത്തിയത് സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയായി. സിബിഐ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തരുതെന്ന് ഹവാല കേസില്‍ 15 വര്‍ഷംമുമ്പേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണവിവരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥ നിലനില്‍ക്കുന്നില്ലെന്ന വാദം അതുകൊണ്ടുതന്നെ നിലനില്‍ക്കുന്നതല്ല. കല്‍ക്കരി കുംഭകോണക്കേസ് അന്വേഷണം കാര്യമായ പുരോഗതി ഇനിയും കൈവരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സഭ അനിശ്ചിതമായി പിരിഞ്ഞു
(പി വി അഭിജിത്)

deshabhimani 090513

No comments:

Post a Comment