Thursday, May 9, 2013

പരിഷത്ത് സുവര്‍ണജൂബിലി സമ്മേളനം നാളെ തുടങ്ങും


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുവര്‍ണജൂബിലി സമ്മേളനത്തിന് വ്യാഴാഴ്ച കോഴിക്കോട്ട് തുടക്കമാവും. തളി സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് 12 വരെ നീളുന്ന സമ്മേളനം. കേരളത്തിലെ സാധാരണ ജനങ്ങള്‍ നേരിടുന്ന കുടിവെള്ളക്ഷാമം, വൈദ്യുതിക്ഷാമം, പൊതുഗതാഗത തകര്‍ച്ച തുടങ്ങിയ ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാനുള്ള ചര്‍ച്ചകള്‍ക്ക് സമ്മേളനം മുന്‍തൂക്കം നല്‍കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്" എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള ദേശീയ സെമിനാര്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയുടെ 25 വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തിലാണ് സെമിനാര്‍.

വ്യാഴാഴ്ച രാവിലെ 10ന് ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. സത്യജിത് രഥ് സെമിനാര്‍ ഉദ്ഘാടനംചെയ്യും. ഡോ. ബി ഇക്ബാല്‍, പ്രൊഫ. എം കെ പ്രസാദ്, ഡോ. വിനോദ് റെയ്ന, ഡോ. ടി എം തോമസ് ഐസക് തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 50 പേരും കേരളത്തില്‍നിന്ന് 70 പേരും പങ്കെടുക്കും. വെള്ളിയാഴ്ച പകല്‍ രണ്ടിന് 50 പരിഷത്ത് പതാകകള്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കിയാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം. ഇന്ത്യ നേരിടുന്ന മൂന്ന് പ്രശ്നങ്ങളെ അധികരിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മുന്‍ ഡയറക്ടര്‍ ഡോ. എം വിജയന്‍, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലെ ഡോ. മഹത എസ് ബാംചി, ഡോ. സത്യജിത് രഥ് എന്നീ ശാസ്ത്രജ്ഞര്‍ ഉദ്ഘാടനപ്രസംഗം നടത്തും. തുടര്‍ന്ന് ശാസ്ത്രകലാ ജാഥ, പൂര്‍വകാല പ്രവര്‍ത്തകരുടെ സ്മൃതി സംഗമം, കലാപരിപാടികള്‍ എന്നിവയുണ്ടാവും. "സൗരജനാധിപത്യത്തിലേക്ക്" എന്ന വിഷയത്തില്‍ ശനിയാഴ്ച ഡോ. വി കെ ദാമോദരന്‍ പി ടി ബി സ്മാരക പ്രഭാഷണം നടത്തും. 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി 14 ജില്ലകളിലും അനുബന്ധ പരിപാടികള്‍ നടന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 16 സെമിനാറുകള്‍, പുസ്തകങ്ങളുടെ പ്രകാശനം എന്നിവ സംഘടിപ്പിച്ചു. സമ്മേളന പ്രധാനവേദി പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുക. ഭക്ഷണത്തിനുള്ള അരിയും പച്ചക്കറിയും പരിഷത്ത് പ്രവര്‍ത്തകര്‍ കൃഷി ചെയ്തുണ്ടാക്കിയതാണ്. പരിഷത് പ്രവര്‍ത്തകരുടെ വീടുകളില്‍ വെച്ച കുടുക്ക, പുസ്തക വില്‍പന, പരിഷത്ത് ഉല്‍പന്ന വിപണനം എന്നിവയിലൂടെയാണ് സമ്മേളന ചെലവിനുള്ള പണം കണ്ടെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ ടി പി സുകുമാരന്‍, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, പ്രൊഫ. കെ ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 090513

No comments:

Post a Comment