Tuesday, May 7, 2013

വിസി വിഷയത്തില്‍ ലീഗ് ചുവടുമാറി; കോണ്‍ഗ്രസ് വെട്ടില്‍


കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമിനെ മാറ്റണമെന്ന കാര്യത്തില്‍ മുസ്ലിംലീഗ് പൊടുന്നനെ നിലപാട് മാറ്റിയതോടെ കോണ്‍ഗ്രസ് വെട്ടിലായി. സര്‍വകലാശാലയില്‍ ലീഗ്, കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗങ്ങളും സര്‍വീസ് സംഘടനകളും വിസിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ചുനില്‍ക്കെ മുസ്ലിംലീഗിന്റെ നിലപാട്മാറ്റം സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും യുഡിഎഫ് സര്‍വീസ് സംഘടനകള്‍ക്കും തിരിച്ചടിയായി. ടി വി ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളും ആര്‍ എസ് പണിക്കര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അംഗങ്ങളും വിസിക്കെതിരെ രംഗത്തുവന്നപ്പോള്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാന്‍ ലീഗ് നിര്‍ബന്ധിതമായി. എന്നാല്‍ സര്‍വകലാശാലാ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന തസ്തികകളില്‍ വേണ്ടപ്പെട്ടവരെ നിയമിക്കാന്‍ സമ്മതിച്ചാല്‍ തുടരാന്‍ അനുവദിക്കാമെന്ന ലീഗ് ആവശ്യം വിസി അംഗീകരിച്ചതോടെ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കാന്‍ ലീഗ് തയ്യാറാവുകയായിരുന്നു.

വിസിയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കും ദര്‍ഭരണത്തിനുമെതിരെ തുടക്കംമുതല്‍ പ്രതിഷേധിച്ച ആര്‍ എസ് പണിക്കരുടെ നേതൃത്വത്തിലുള്ള സിന്‍ഡിക്കേറ്റംഗങ്ങള്‍ ഇപ്പോഴും ശക്തമായ നിലപാടില്‍ത്തന്നെയാണ്. എന്നാല്‍ സര്‍വകലാശാലയെയും ജീവനക്കാരെയും ബാധിക്കുന്നവിധം പല നടപടികളും വിസി കൈക്കൊണ്ടപ്പോഴെല്ലാം മൗനത്തിലായിരുന്ന ലീഗ് അനുകൂല സര്‍വീസ് സംഘടനയായ സോളിഡാരിറ്റി ഓഫ് എംപ്ലോയീസും കോണ്‍ഗ്രസ് അനുകൂല സ്റ്റാഫ് ഓര്‍ഗനൈസേഷനും സിന്‍ഡിക്കേറ്റംഗങ്ങളും ഇപ്പോള്‍ വിസിക്കെതിരെ രംഗത്തുവന്നിരിക്കയാണ്. സംഘടനാ പ്രവര്‍ത്തനം നിരോധിച്ചതിനെതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവാരം ആചരിക്കുന്ന വേളയിലാണ് വിസിയെ സംരക്ഷിക്കുന്ന നിലപാടിലേക്ക് ലീഗ് നേതൃത്വം ചുവടുമാറ്റിയത്. ഇത് ലീഗ്, കോണ്‍ഗ്രസ് സര്‍വീസ് സംഘടനാ നേതൃത്വത്തെ ചൊടിപ്പിച്ചു. ലീഗും വിസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടാകാം, എന്നാല്‍ സിന്‍ഡിക്കേറ്റംഗങ്ങളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് പണിക്കര്‍ പറഞ്ഞു. നേരത്തെ കൈക്കൊണ്ട നിലപാടില്‍നിന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസി സിന്‍ഡിക്കേറ്റിന്റെ അധികാരം കവരുന്നു, സിന്‍ഡിക്കേറ്റംഗങ്ങളുടെ അഭാവത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ വിസി പാലിക്കുന്നില്ല, പല നിയമനങ്ങളും സിന്‍ഡിക്കേറ്റ് അറിയുന്നില്ല, സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് തുടങ്ങിയ പരാതികളും ആരോപണങ്ങളും അടങ്ങിയ മെമ്മോറാണ്ടം 13 സിന്‍ഡിക്കേറ്റംഗങ്ങളും ഒപ്പിട്ടാണ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചത്.

deshabhimani 070513

No comments:

Post a Comment