Wednesday, May 8, 2013

കൂടംകുളം- കൊച്ചി വൈദ്യുതിലൈന്‍ സര്‍വകക്ഷിയോഗം വിളിക്കണം: എ കെ ബാലന്‍


 കൂടംകുളം ആണവോര്‍ജപദ്ധതിക്ക് സുപ്രീംകോടതി പ്രവര്‍ത്തനാനുമതി നല്‍കിയ സാഹചര്യത്തില്‍ കേരളത്തിന് അവകാശപ്പെട്ട വൈദ്യുതിവിഹിതം ലഭിക്കാന്‍ കൂടംകുളം- ഇടമണ്‍- കൊച്ചി വിതരണലൈന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുന്‍ വൈദ്യുതിമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലന്‍ ആവശ്യപ്പെട്ടു.

വിതരണലൈന്‍ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ബാലന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ 133 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്ന് കേരളത്തിന് ലഭിക്കും. കോട്ടയം ജില്ലയിലെ ചില ഭാഗത്തുമാത്രമാണ് ലൈന്‍ വലിക്കാന്‍ തടസ്സമുള്ളത്. ഇതില്‍ ഭൂരിഭാഗം പ്രദേശവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലാണ്. ലൈന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേരളത്തിന് അവകാശപ്പെട്ട വിഹിതം നഷ്ടപ്പെടും. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കേരളത്തിന്റെ വിഹിതം തരാതിരിക്കാനുള്ള വഴി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കരുത്. ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയിരുന്നു. പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഈ പ്രശ്നത്തില്‍ നിരവധിതവണ ഉമ്മന്‍ചാണ്ടിയെ ബന്ധപ്പെട്ടെങ്കിലും അനുകൂലനിലപാടുമുണ്ടായില്ല. മൈസൂരു- അരീക്കോട്- മാടക്കത്തറ- കൊച്ചി- എടമണ്‍- കൂടംകുളം ലൈനാണ് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ വിഭാവനംചെയ്തത്. ഇതിനായി 1500 കോടിയിലധികം രൂപ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ നീക്കിവച്ചിട്ടുണ്ട്.

കൂടംകുളം പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ കേരളത്തിന് 266 മെഗാവാട്ട് വൈദ്യുതി ലഭിക്കും. വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിന് 300 മെഗാവാട്ടിന്റെ കുറവാണ് കേരളത്തിനുള്ളത്. വൈദ്യുതിപ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിന്റെ നിര്‍ണായക ഭാഗം എന്നനിലയില്‍ ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ടേ മതിയാകൂ എന്നു ബാലന്‍ പറഞ്ഞു

deshabhimani 070513

No comments:

Post a Comment