ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ ഇടനിലക്കാരായ സ്വകാര്യ തേഡ്പാര്‍ടി അഡ്മിനിസ്ട്രേറ്റര്‍മാരെ (ടിപിഎ) ഒഴിവാക്കാനുള്ള പൊതുമേഖലാ കമ്പനികളുടെ നീക്കം മേഖലയെ കൂടുതല്‍ ചൂഷണവിമുക്തമാക്കുമെന്ന് വിലയിരുത്തല്‍. വിദേശ വേരുകളുള്ള ചില ടിപിഎ കമ്പനികള്‍വഴി രാജ്യത്തിനു പുറത്തേക്കുള്ള പണമൊഴുക്കിനുപോലും ഇത് വിരാമമിടും. സ്വന്തം നിലയ്ക്ക് സംയുക്തമായി ടിപിഎ സംവിധാനം ആരംഭിക്കാനാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എന്നീ നാല് പൊതുമേഖലാ കമ്പനികളുടെ തീരുമാനം. 200 കോടിരൂപ മുതല്‍മുടക്കിയുള്ള സംവിധാനം സെപ്തംബറോടെ നിലവില്‍ വന്നേക്കും. പോളിസി ഉടമകള്‍ക്ക് മതിയായ സേവനം ഒരുക്കുന്നതിലും പൊതുമേഖലാ കമ്പനികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിലും സ്വകാര്യ ടിപിഎ സ്ഥാപനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പൊതുമേഖലാ കമ്പനികള്‍ പുനരാലോചനയ്ക്ക് തയ്യാറാകുന്നത്.
സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി 2001 മുതലാണ് സ്വകാര്യ ടിപിഎ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. അതുവരെ ഓരോ സ്ഥാപനങ്ങളും നേരിട്ടാണ് ഈ സേവനങ്ങള്‍ നടത്തിയിരുന്നത്. പോളിസി ഉടമ ആശുപത്രിയില്‍ പ്രവേശിക്കുന്നതുമുതല്‍ ക്ലെയിം ലഭ്യമാക്കുന്നതുവരെയുള്ള സേവനമാണ് ടിപിഎ സ്ഥാപനങ്ങള്‍ നിര്‍വഹിക്കേണ്ടത്. പല ക്ലെയിമുകളുടെയും കാര്യത്തില്‍ തൃപ്തികരമായ സേവനം ഒരുക്കുന്നതില്‍ ഭൂരിപക്ഷം ടിപിഎ സ്ഥാപനങ്ങളും പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍. ചിലരാകട്ടെ ബോധപൂര്‍വമുള്ള തട്ടിപ്പും നടത്തുന്നു. ഇതേത്തുടര്‍ന്ന് ഓംബുഡ്സ്മാന്‍പോലുള്ള നീതികേന്ദ്രങ്ങളില്‍ എത്തുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരാതികള്‍ വര്‍ധിക്കുകയുമാണ്. ആശുപത്രികളുടെ ഏജന്റുമാരായി മാറുന്ന ടിപിഎ ഉദ്യോഗസ്ഥരും നിലവിലുണ്ട്. പോളിസിത്തുകനോക്കി ചികിത്സക്ക് ഫീസ് നിശ്ചയിക്കുകയും സാധാരണ രോഗിയില്‍നിന്ന് ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പോളിസിയുള്ള രോഗികളില്‍നിന്ന് ഈടാക്കുന്ന ആശുപത്രികളുമുണ്ട്. ഇതിന് ടിപിഎ കൂട്ടുനില്‍ക്കുന്നതോടെ ഒരേസമയം പോളിസിയുടമയും ഇന്‍ഷുറന്‍സ് കമ്പനികളും വഞ്ചിതരാകുന്നു. ക്ലെയിം കുറഞ്ഞാല്‍ ഇന്‍സന്റീവ് ലഭിക്കുമെന്നതിനാല്‍ അര്‍ഹമായ സഹായംപോലും നിഷേധിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ആറുശതമാനം ടിപിഎ സേവനങ്ങള്‍ക്കുള്ളതാണ്. പൊതുമേഖലാസ്ഥാപനം വരുമ്പോള്‍ പ്രീമിയ നിരക്കും കുറയാനിടയുണ്ട്.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) ലൈസന്‍സുള്ള 31 സ്വകാര്യ ടിപിഎ സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഇവയില്‍ പല പ്രമുഖ സ്ഥാപനങ്ങളും വിദേശ കമ്പനികളുമായി പങ്കാളിത്തമുള്ളതുമാണ്. ആയിരക്കണക്കിന് കോടി രൂപയാണ് പലതിന്റെയും വരുമാനം. ക്ലെയിം ലഭ്യതയ്ക്ക് ഏകീകൃതമായ സംവിധാനം ഒരുങ്ങുന്നതും പോളിസി ഉടമകള്‍ക്ക് സഹായകമാകും. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പോളിസി ഉടമകള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകും പൊതുമേഖലാ ടിപിഎ സംവിധാനമെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് ഓഫീസേഴ്സ് ഓള്‍ ഇന്ത്യാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി മോഹനന്‍ പറഞ്ഞു. അതേസമയം സ്വകാര്യ ടിപിഎ കമ്പനികള്‍ ചെയ്യുന്ന സേവനങ്ങള്‍ പൊതുമേഖലാ ടിപിഎ കമ്പനിക്ക് ഒരുക്കാനാകുമോ എന്നത് സംശയമാണെന്ന് ടിടികെ ഹെല്‍ത്ത്കെയര്‍ ടിപിഎ കമ്പനിയിലെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് എസ് പരമേശ്വരഅയ്യര്‍ പറഞ്ഞു.
(ഷഫീഖ് അമരാവതി)
deshabhimani
No comments:
Post a Comment