Thursday, May 9, 2013
ഇടതുപക്ഷ ആഭിമുഖ്യം തകര്‍ക്കാന്‍ ഇടതുവേഷക്കാരും: പിണറായി
കേരളീയസമൂഹത്തിലെ ഇടതുപക്ഷ ആഭിമുഖ്യം തകര്‍ക്കാന്‍ വലതുപക്ഷക്കാരുടെ കൈയില്‍ കളിക്കുന്ന ഇടതുപക്ഷ വേഷക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. എം വി ഗോവിന്ദന് രചിച്ച "മാര്‍ക്സിസ്റ്റ് ദര്‍ശനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിനെ ആക്ഷേപിക്കാന്‍ ചില അഭിനവ പണ്ഡിതന്മാരും അവതരിച്ചിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.
മാര്ക്സിസ്റ്റ്ദര്ശനം ശരിയായി കൈകാര്യംചെയ്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. എന്നാല്‍, ഇതൊന്നും അവര്‍ക്ക് ബാധകമല്ല. മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കുകയോ ബഹുജന മുന്നേറ്റം സാധ്യമാക്കുകയോ അല്ല അവരുടെ ലക്ഷ്യം. രാത്രിയിലെ ചാനല്‍ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു വിരുതന് എഴുപതിനായിരം പേര് സിപിഐ എം വിട്ടുവെന്നാണ് ഒരു മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. എ കെ ജി സെന്ററില്‍നിന്ന് അയാള്‍ക്ക് രഹസ്യമായി വിവരം കിട്ടിയെന്നാണ് വാദം. ഇതേക്കുറിച്ചൊക്കെ ഒന്നും പറയാതിരിക്കുകയാണ് ഭേദം. വലതുപക്ഷത്തെ സഹായിക്കാനാണ് ഇത്തരം പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിക്കുന്നത്. മാധ്യമ വിമര്ശകന് എന്ന മട്ടിലാണ് ഒരാള്‍ രംഗത്തുവരുന്നത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിശ്വാസിയെന്നാണ് പുറത്തുപറയുന്നത്. എന്നാല്‍, ചാനലില്‍ വരുമ്പോള്‍ വലിയ വലതുപക്ഷക്കാരനാകും. ഇദ്ദേഹം ഒരു വ്യക്തിയല്ല, ഒരു സംഘടനയുടെ ആളാണ്. സിപിഐ എമ്മിന് സംസ്കാരമില്ലെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. പഠിക്കുന്ന കാലത്തെ തെറി ഉപയോഗിച്ചാല്‍ സിപിഐ എം നേതാക്കള്‍ ഓടിപ്പോകുമെന്നാണ് വാദം.
സിപിഐ എമ്മിനെ തെറിവിളിക്കാന്‍ ഇയാളെ കയറൂരി വിട്ടിരിക്കുകയാണോ ആ സംഘടനയെന്ന് വ്യക്തമാക്കണം. മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ കണികയെങ്കിലുമുണ്ടെങ്കില്‍ ഇങ്ങനെ ആക്ഷേപിക്കില്ല. ഇദ്ദേഹത്തിന് മുകളിലുള്ള ആളിനോട് പരാതി പറയാമെന്നു വച്ചാല്‍ അദ്ദേഹത്തിന്റെ കാര്യം അതിനേക്കാള്‍ കഷ്ടമാണ്. തൊഴിലാളിവര്‍ഗ സംസ്കാരം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ഇങ്ങനെ പരസ്യമായി ആക്ഷേപിക്കില്ല. മറ്റ് സിപിഐ എം വിരുദ്ധരുമായി കൂടിച്ചേര്‍ന്നാണ് ഇയാളുടെ ആക്ഷേപം. ഇത്തരം വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കഴിയണമെന്ന് പിണറായി പറഞ്ഞു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി ആദ്യപ്രതി ഏറ്റുവാങ്ങി. ഇ പി ജയരാജന് സംബന്ധിച്ചു. എം വി ഗോവിന്ദന് സംസാരിച്ചു. ചിന്ത എഡിറ്റര്‍ ഡോ. ജയദേവദാസ് അധ്യക്ഷനായി. ജനറല്‍ മാനേജര്‍ വി കെ ജോസഫ് സ്വാഗതവും എസ് രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
deshabhimani 090513
Labels:
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment