Monday, May 13, 2013

പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം: പ്രകാശ് കാരാട്ട്


റ്റു ജി സ്പെക്ട്രം- കല്‍ക്കരി അഴിമതികളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. കേന്ദ്രകമ്മറ്റി-പിബി തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കാരാട്ട്. ആരോപണവിധേയരായ രണ്ടു മന്ത്രിമാരെ രാജി വെപ്പിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കല്‍ക്കരി കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് തിരുത്തിയിട്ടുണ്ട്.പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാകാന്‍ കഴിയില്ല. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണ് കല്‍ക്കരിമന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ബജറ്റില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെയും വളത്തിന്റെയും സബ്സിഡി എടുത്തുകളഞ്ഞത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

പ്രത്യേകാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്ത് നരേന്ദ്രമോഡി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ല. സിഖ് കലാപകേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണം. ഒഴിവാക്കിയ കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കണം. ഭക്ഷ്യസുരക്ഷ-ഭൂമി ഏറ്റെടുക്കല്‍ ബില്ലുകള്‍ ഭേദഗതികളോടെ മാത്രമേ അംഗീകരിക്കാനാവൂ. ദേശീയ ജാഥയില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തി പിക്കറ്റിങ്ങ് സമരങ്ങള്‍ക്ക് ഈ മാസം മധ്യത്തോടെ തുടക്കമാവും. ബംഗാളില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും മമതയും ശ്രമിക്കുന്നത്.ത്രിപുരയില്‍ അഭിമാനകരമായ വിജയം നേടിയ ഇടതുമുന്നണിയെ പി ബി അഭിവാദ്യം ചെയ്തു. പ്രകൃതിവാതകത്തിന് വില വര്‍ധിപ്പിക്കണമെന്ന രംഗരാജന്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ക്കുന്നു.

കേരളത്തിലും യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ല. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാരകരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം. കരാര്‍ കാര്‍ഷിക വ്യവസായമേഖലകളെ ബാധിക്കും. ബംഗ്ലാദേശിലെ ജനാധിപത്യവിരുദ്ധനീക്കങ്ങള്‍ അവസാനിക്കണം. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിച്ചത് സ്വാഗതം ചെയ്യുന്നു. പാകിസ്ഥാനില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെടാന്‍ തെരഞ്ഞെടുപ്പ് സഹായകമാവുമെന്നും കാരാട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.

സംഘടനാപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗകമീഷന്‍

ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗകമീഷനെ നിയോഗിച്ചതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. ജനറല്‍ സെക്രട്ടറി കാരാട്ട്, എസ്ആര്‍പി, യെച്ചൂരി, നിരുപം സെന്‍,രാഘവുലു,എകെ പത്മനാഭന്‍ എന്നിവരാണ് അംഗങ്ങള്‍. കേരളത്തില്‍ നാലു പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി കേന്ദ്രകമ്മറ്റി അംഗീകരിച്ചു. പാര്‍ട്ടി നടപടിക്ക് വിധേയരായവര്‍ക്ക് പ്രതിപക്ഷനേതാവിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ തുടരാനാവില്ല. അവരെ നിയമിച്ചത് സര്‍ക്കാരല്ല. പാര്‍ട്ടിയാണെന്നും കാരാട്ട് വിശദീകരിച്ചു.

വധശിക്ഷക്കു പകരം ജീവിതാന്ത്യം വരെ തടവ് നല്‍കണം

ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. പി ബി ഈ വിഷയം ചര്‍ച്ച ചെയ്തു. വധശിക്ഷക്കു പകരം ജീവിതാവസാനം വരെ തടവുശിക്ഷ നല്‍കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. ഇന്ത്യയില്‍ വധശിക്ഷ വിധിക്കുന്നത് സേഛാപരമായാണ്. ഇത് മനുഷ്യത്വരഹിതവും പിന്നീട് പിന്‍വലിക്കാനാവാത്തതുമാണ്. അത്യപൂര്‍വ്വവും ഹീനവുമായ കുറ്റകൃത്യങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ തടവ് നല്‍കാം. കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment