Thursday, May 9, 2013

ബന്‍സലിന്റെ മുന്‍ അഴിമതികളും പുറത്ത്


റെയില്‍വേനിയമന കോഴക്കേസില്‍ സംശയത്തിന്റെ നിഴലിലായ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനസഹമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ അഴിമതികളും പുറത്തുവരുന്നു. തന്റെ കുടുംബത്തിന്റെ അക്കൗണ്ടന്റായിരുന്ന സുനില്‍കുമാര്‍ ഗുപ്തയെ പൊതുമേഖലാ ബാങ്ക് ഡയറക്ടറാക്കിയ മന്ത്രി അതിന് പ്രത്യുപകാരവും കൈപ്പറ്റി. ബന്‍സലിന്റെ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് 50 കോടി രൂപയുടെ വായ്പ എളുപ്പം തരപ്പെടുത്തിയാണ് ഗുപ്ത ബന്‍സലിനെ സഹായിച്ചത്. എണ്‍പതുകള്‍മുതല്‍ ബന്‍സലിന്റെ കുടുംബ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ച ഗുപ്തയെ 2007 നവംബറിലാണ് കനറാ ബാങ്കില്‍ "നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍" ആക്കിയത്. 2010 ജൂലൈ ആയതോടെ "ഓഹരിയുടമയായ ഡയറക്ടറാക്കി". നാലുമാസം കഴിഞ്ഞപ്പോള്‍ തിയോണ്‍ കമ്പനിക്ക് ഒമ്പതു കോടിയുടെ വായ്പ അനുവദിച്ചു. കനറാ ബാങ്കിന്റെ വായ്പകളെല്ലാം എച്ച്ഡിഎഫ്സി വഴിയാണ് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതെന്ന് ഗുപ്ത പ്രതികരിച്ചിരുന്നു. കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിന്റെ രേഖകളില്‍ തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് 50 കോടി രൂപ എച്ച്ഡിഎഫ്സി വഴി ലഭിച്ചെന്ന വിവരമുണ്ട്. ബന്‍സലിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ബന്‍സി റൗണഖ് എനര്‍ജി ഗ്രൂപ്പ് എന്ന കമ്പനിയുടെ ഡയറക്ടറായും ഗുപ്ത പ്രവര്‍ത്തിച്ചിട്ടുണ്ട്.

റെയില്‍വേ ബോര്‍ഡില്‍ അടക്കം റെയില്‍വേയിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ചും സിബിഐ അന്വേഷിക്കും. ഇനിയും നിരവധി വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നുവെന്നാണ് സിബിഐയുടെ നിഗമനം. നിയമനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് റെയില്‍വെ ഉദ്യോഗസ്ഥരുടെ സംഘടന കാബിനറ്റ് സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു. റെയില്‍വേ ബോര്‍ഡില്‍ ഇലക്ട്രിക്കല്‍ അംഗമായി നിയമിക്കണമെന്നാവശ്യപ്പെട്ട് മഹേഷ്കുമാര്‍ ഇക്കൊല്ലം ആദ്യം ബന്‍സലിനെ കണ്ടിരുന്നു. അന്ന് ആവശ്യം അംഗീകരിച്ചില്ല. ബോര്‍ഡിലെ വിവിധ വിഭാഗങ്ങളില്‍ നിയമിക്കപ്പെടേണ്ടവരെക്കുറിച്ച് വീണ്ടും ആലോചിച്ച ഘട്ടത്തിലാണ് മഹേഷ്കുമാര്‍ വീണ്ടും ബന്‍സലിനെ സമീപിച്ചത്. പിന്നീടാണ് കോഴയായി നല്‍കേണ്ട തുക ഇടനിലക്കാരുമായി ചര്‍ച്ചചെയ്ത് തീരുമാനിച്ചതും ആദ്യ ഗഡുവായി 90 ലക്ഷം രൂപ നല്‍കിയതും. ഇടപാട് ഉറപ്പിക്കാന്‍ മഹേഷ്കുമാറും സിംഗ്ലയും ബന്‍സലിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം സിബിഐക്ക് ലഭിച്ചു. കോഴയില്‍ മന്ത്രിക്ക് ഒരു പങ്കുമില്ലെന്ന് വിജയ് സിംഗ്ല അവകാശപ്പെട്ടുവെങ്കിലും അറസ്റ്റിലായ രണ്ട് പേരെ ചോദ്യം ചെയ്തപ്പോള്‍ മന്ത്രിയുടെ പങ്കിനെക്കുറിച്ച് അവര്‍ സിബിഐയോട് പറഞ്ഞു. ബന്‍സലിന്റെ പ്രൈവറ്റ് സെക്രട്ടറി രാഹുല്‍ ഭണ്ഡാരിയും അനന്തരവന്‍ വിജയ് സിംഗ്ലയും തമ്മില്‍ അടുത്ത ബന്ധമായിരുന്നുവെന്ന വിവരം സിബിഐക്ക് ലഭിച്ചിട്ടുണ്ട്. സിംഗ്ല അറസ്റ്റുചെയ്യപ്പെട്ടത് മെയ് മൂന്നിനാണ്. അതിന്റെ തലേന്നാള്‍വരെ ഭണ്ഡാരിയും സിംഗ്ലയും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നിരുന്നു. ഭണ്ഡാരിയെ ചോദ്യംചെയ്യാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം കിട്ടിയാല്‍ ബന്‍സലിനെ സിബിഐ ചോദ്യംചെയ്യും.
(വി ജയിന്‍)

deshabhimani 090513

No comments:

Post a Comment