ദക്ഷിണേന്ത്യയിലെ അധികാരകവാടമെന്ന് ബിജെപി വിശേഷിപ്പിച്ച കര്‍ണാടകത്തിലെ കനത്ത തോല്‍വി പാര്‍ടി കേന്ദ്രനേതൃത്വത്തിന് നിരാശയായി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവരോധിക്കാന്‍ നടത്തിയ ശ്രമങ്ങളോട് ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് തെളിയിക്കുന്നതു കൂടിയായി കര്‍ണാടകത്തിലെ ജനവിധി. "ഞങ്ങള്‍ ഞെട്ടലോടെയാണ് കര്‍ണാടകത്തിലെ തോല്‍വി ഏറ്റുവാങ്ങുന്നത്. ഞങ്ങള്‍ വളരെ അസന്തുഷ്ടരാണ്"- ബിജെപി വക്താവ് രാജീവ്പ്രതാപ് റൂഡി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ത്തുന്ന തരത്തില്‍ നിരവധി ഘടകങ്ങള്‍ ഒരേസമയം പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി വോട്ടുകളുടെ നല്ലൊരു ഭാഗം ബി എസ് യെദ്യൂരപ്പ കൊണ്ടുപോയെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. യെദ്യൂരപ്പയ്ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുണ്ടായിരുന്നു. ലോകായുക്തയുമായുള്ള പ്രശ്നങ്ങളും ഗൗരവമുള്ളതായിരുന്നു. അതിനാല്‍, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. പാര്‍ടിക്കുള്ളില്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍, അദ്ദേഹം സ്വന്തംവഴിയാണ് സ്വീകരിച്ചത്- അദ്ദേഹം പറഞ്ഞു.
അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപി തോറ്റതും നേതൃത്വത്തെ ആശങ്കപ്പെടുത്തുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും ബിജെപി സര്‍ക്കാരുകള്‍ നിലംപൊത്തി. കര്‍ണാടകത്തിലെ തോല്‍വി ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ഇപ്പോള്‍ മധ്യപ്രദേശിലും ഗുജറാത്തിലും മാത്രമേ ബിജെപി ഭരണമുള്ളൂ. നേതൃത്വത്തിലെ ആശയക്കുഴപ്പവും പടലപ്പിണക്കവും കര്‍ണാടകത്തിലെ തിരിച്ചടിക്ക് ആക്കംകൂട്ടി. എല്‍ കെ അദ്വാനിയെപ്പോലും പിന്തള്ളിയാണ് നരേന്ദ്രമോഡിയെ പ്രചാരണത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവന്നത്. ഇക്കൊല്ലംതന്നെയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകള്‍. രാജസ്ഥാനിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരം മുതലെടുക്കാന്‍ ഇന്നത്തെ നിലയില്‍ കഴിയില്ലെന്ന തോന്നല്‍ ബിജെപിയില്‍ ശക്തിപ്പെടുകയാണ്. മധ്യപ്രദേശില്‍മാത്രമാണ് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പ് നേരിടാന്‍ കഴിയുക. ഇക്കൊല്ലംതന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ എന്ന് ബിജെപി നേതാവ് വെങ്കയ്യനായിഡു കോണ്‍ഗ്രസിനെ വെല്ലുവിളിച്ചെങ്കിലും ബിജെപി നേതൃത്വം അതിന് സജ്ജമല്ലെന്നതാണ് വസ്തുത. മോഡിയെ ഉയര്‍ത്തിക്കാട്ടുന്നതോടെ എന്‍ഡിഎ സംവിധാനം കൂടുതല്‍ ദുര്‍ബലമാകുമെന്നും കരുതുന്നവര്‍ ബിജെപി നേതൃത്വത്തിലുണ്ട്.
deshabhimani 090513
No comments:
Post a Comment