Wednesday, May 1, 2013

മഞ്ചേരി മെഡിക്കല്‍ കോളേജ്: സ്വയംഭരണാവകാശം നല്‍കാന്‍ നീക്കം


മഞ്ചേരിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളേജിന് സ്വയംഭരണാവകാശം നല്‍കാന്‍ നീക്കം. കഴിഞ്ഞ 19-നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവുപ്രകാരം പുതുതായി തുടങ്ങുന്ന മഞ്ചേരി മെഡിക്കല്‍ കോളേജ് പേരിനുമാത്രം സര്‍ക്കാരിന്റേതാകും. മഞ്ചേരി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ കോളേജാകുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. ചിലരുടെ താല്‍പ്പര്യസംരക്ഷണത്തിനായിട്ടാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന ആക്ഷേം ഉയര്‍ന്നിട്ടുണ്ട്. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാകില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍നിന്നുള്ള ആനുകൂല്യം ലഭിക്കില്ല. ആരോഗ്യവകുപ്പില്‍നിന്നും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിനായി നിയമിക്കപ്പെടുന്നവര്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന സീനിയോറിറ്റി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ലഭിക്കില്ല.
സംസ്ഥാനത്തിന്റെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ ജോലിചെയ്യുന്നവരെ സ്ഥാനക്കയറ്റം നല്‍കിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് നിയമിച്ചത്. എന്നാല്‍ നിയമന ഉത്തരവിലെ അവ്യക്തതകാരണം പലരും നിയമനം നിരസിക്കുകയായിരുന്നു. ആവശ്യമായ ജീവനക്കാരെ ലഭിച്ചിട്ടില്ലെങ്കില്‍ സര്‍വീസില്‍നിന്ന് വിരമിച്ചവരെയടക്കം സ്പെഷ്യല്‍ ഓഫീസര്‍വഴി നിയമിക്കാനും നിര്‍ദേശമുണ്ട്. ഡിഎംഇയെ ഒഴിവാക്കി സ്പെഷ്യല്‍ ഓഫീസര്‍വഴി നിയമനം നടത്താനുള്ള തീരുമാനം നേരത്തേതന്നെ വിവാദമായിരുന്നു. ഇതേ രീതിയില്‍തന്നെ വീണ്ടും നിയമനം നടത്താനാണ് പുതിയ ഉത്തരവില്‍ പറയുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനക്ക് മുന്നോടിയായി നിയമനനടപടി പൂര്‍ത്തീകരിക്കേണ്ടതിനാലാണ് പുതിയ ഉത്തരവ് ഉറക്കിയതെന്നാണ് പറയപ്പെടുന്നത്. മെഡിക്കല്‍ കോളേജിന് സ്വയംഭരണാവകാശം നല്‍കുന്നതോടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്കും കച്ചവടവല്‍ക്കരണത്തിനും ഇടയാക്കും. മഞ്ചേരി മെഡിക്കല്‍ കോളേജിന് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തിനെതിരെ കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെജിഎംസിടിഎ) നേരത്തെതന്നെ സമരപ്രഖ്യാപനം നടത്തിയിരുന്നു.

deshabhimani

No comments:

Post a Comment