Sunday, May 5, 2013
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടി
ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടി. രമേശ് ചെന്നിത്തലയുടെ 'കേരള യാത്ര' സമാപിക്കുന്ന 18 ന് ശേഷം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിച്ചാല്‍ മതി എന്നിടത്താണ് കെ പി സി സി നേതൃത്വം.
ജാഥ സമാപനത്തിനു മുമ്പായി പ്രവര്‍ത്തകര്‍ മറ്റു ചുമതലകളിലേക്ക് നീങ്ങിയാല്‍ അത് ജാഥയുടെ വിജയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നൊക്കെയാണ് നാലാള്‍ കാണ്‍കെ പുറത്ത് ഭാവിക്കുന്നതെങ്കിലും യാഥാര്‍ത്ഥ്യം മറിച്ചാണ്. ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ വരാനിരിക്കുന്നത് മുന്‍കൂട്ടിക്കണ്ട് തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിക്കളഞ്ഞതാണെന്ന യാഥാര്‍ത്ഥ്യം യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പാണ് തെളിയിച്ചത്. ഇതിലും ഭേദമായിരുന്നു നോമിനേഷന്‍ രീതി എന്ന്, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അരങ്ങേറിയ 'തെരുവ് കലാപ'ത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്നവര്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും ഏറെയാണ്. രാഹുല്‍ഗാന്ധിയുടെ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ആദ്യം യൂത്ത് കോണ്‍ഗ്രസില്‍ പരീക്ഷിച്ച സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയേല്‍പ്പിച്ചത് ഡല്‍ഹിയിലെ 'ലിന്‍കോ' എന്ന സ്വകാര്യ പ്രൊഫഷണല്‍ ഏജന്‍സിയെയായിരുന്നു.
തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടം നീട്ടിവച്ച നടപടിയെ ചങ്കിടിപ്പോടെ കാണുന്നവരാണ് നിയമസഭ - പാര്‍ലമെന്റ് കമ്മറ്റികളിലെയും സംസ്ഥാന കമ്മറ്റിയിലെയും ഭാരവാഹികള്‍ അധികവും. ഗ്രൂപ്പിന്റെ പേരില്‍ ജയിച്ചു വന്നവര്‍ മറുഗ്രൂപ്പുകളുടെ ചാക്കില്‍ക്കയറുന്ന അപകടം ഒഴിവാക്കാന്‍ കണ്ണിലെണ്ണയുമൊഴിച്ച് നാളുകളെത്ര കാത്തിരിക്കണം. അതിനു വരുന്ന ചെലവുമുണ്ട്. എന്നാല്‍, തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ തീയതി നീട്ടിവച്ചത് ഗുണകരമായി എന്ന് കണക്ക് കൂട്ടുന്നവരും കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കാള്‍ വീറും വാശിയും ആളും അര്‍ത്ഥവും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഒഴിച്ചു കൂടാനാവാത്തവയാണ് എന്നതിനാല്‍ ധനസമ്പാദനത്തിന് സാവകാശം കിട്ടി എന്ന നിലയിലും തെരഞ്ഞെടുപ്പ് നീട്ടിവച്ച നടപടിയെ സ്വാഗതം ചെയ്യുന്നവരുണ്ട്.
ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അരങ്ങേറിയ ബാലറ്റുപെട്ടി തട്ടിക്കൊണ്ടുപോകലിന്റെയും വരണാധികാരികളെ കയ്യേറ്റം ചെയ്യലിന്റെയും കൂട്ടയടിയുടെയും വീടാക്രമണങ്ങളുടെയും പരിഷ്‌കരിച്ച പകര്‍പ്പുകള്‍ ആസ്വദിക്കാന്‍, അടുത്ത ഘട്ടത്തിന്റെ തീയതി പ്രഖ്യാപിക്കുന്നതുവരെ നാട്ടുകാര്‍ കാത്തിരുന്നേ പറ്റൂ!
(ബേബി ആലുവ)
janayugom 060513
Subscribe to:
Post Comments (Atom)
No comments:
Post a Comment