സ്ത്രീശാക്തീകരണത്തേയും മുപ്പത്തിമുന്നു ശതമാനം വനിതാസംവരണത്തേയും കുറിച്ചുള്ള വായ്ത്താരികള്‍ അലയടിക്കുന്നതിനിടയില്‍ മെയ് അഞ്ചിന് കര്‍ണാടകയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന ഒരു സര്‍വേയില്‍ ഇന്ത്യ തനി 'ആണരശുനാട്' ആണെന്ന കണക്കുകള്‍ പുറത്തുവരുന്നു.
224 അംഗ കര്‍ണാടക നിയമസഭ വനിതാ പ്രാതിനിധ്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നില്‍. കഴിഞ്ഞ നിയമസഭയില്‍ ആകെയുണ്ടായിരുന്ന പെണ്ണുങ്ങള്‍ അഞ്ച് മാത്രം. വനിതാ പ്രാതിനിധ്യം ഭൂതക്കണ്ണാടിവെച്ചുനോക്കിയാല്‍ മാത്രം കാണാവുന്ന വെറും 2.2 ശതമാനം. രാഷ്ട്രതലസ്ഥാനം സ്ഥിതിചെയ്യുന്ന ഡല്‍ഹിയില്‍ ഷീലാദീക്ഷിതാണ് മുഖ്യമന്ത്രിയെങ്കിലും മൂന്ന് വനിതകളും 4.3 ശതമാനം പ്രാതിനിധ്യവുമായി ഇന്ദ്രപ്രസ്ഥ സംസ്ഥാനം രണ്ടാം സ്ഥാനത്താണ്.
മൂന്നാം സ്ഥാനത്തുനില്‍ക്കുന്ന 140 അംഗ കേരള നിയമസഭയില്‍ വനിതകള്‍ ഏഴുപേര്‍ മാത്രം. പ്രാതിനിധ്യശതമാനം അഞ്ച്. ദക്ഷിണേന്ത്യയില്‍ 34 വനിതകള്‍ നിയമസഭാംഗങ്ങളായ ആന്ധ്രാപ്രദേശിലെ ശതമാനം 11.6. ഇക്കാര്യത്തില്‍ തെന്നിന്ത്യയില്‍ തെലുങ്കുനാടിനുതന്നെ ഒന്നാം സ്ഥാനം. തമിഴ്‌നാട് നിയമസഭയില്‍ 17 'പെണ്‍കള്‍' പ്രാതിനിധ്യമുണ്ട്. പക്ഷേ ശതമാനം 7.3 മാത്രം.പശ്ചിമ ബംഗാള്‍ നിയമസഭയും 34 പേരുടെ അംഗബലത്തോടെയും 11.6 ശതമാനത്തോടെയും ആന്ധ്രയ്‌ക്കൊപ്പം നില്‍ക്കുന്നു. പക്ഷേ 243 അംഗ ബിഹാര്‍ നിയമസഭയില്‍ പെണ്ണുങ്ങള്‍ 34. പ്രാതിനിധ്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം ബിഹാറിന് സ്വന്തം. ഏറ്റവും വലിയ സംസ്ഥാനമായ യു പിയില്‍ 35 സ്ത്രീകള്‍ നിയമസഭയിലുണ്ട്. 403 അംഗങ്ങള്‍ക്കിടയിലേക്കാണ് ഈ പെണ്‍തരികളെ ഹിന്ദി ഹൃദയഭൂമി നുള്ളിപ്പെറുക്കിയെടുത്തത്. പ്രാതിനിധ്യ ശതമാനത്തില്‍ 8.7 മാത്രം. എണ്ണത്തില്‍ ഒന്നാമതെങ്കിലും പെണ്ണുങ്ങളെ സംബന്ധിച്ചിടത്തോളം കഥയില്ലാത്ത ഒന്നാംസ്ഥാനം!
90 അംഗങ്ങളുടെ ഹരിയാന നിയമസഭയില്‍ വനിതകള്‍ ഒമ്പത് മാത്രം. ശതമാനം 10. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 14 പേര്‍ സ്ത്രീകള്‍. ശതമാനം 10. വനിതാ പ്രാതിനിധ്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കര്‍ണാടകയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലുള്ള 3000 ല്‍പരം സ്ഥാനാര്‍ഥികളില്‍ പെണ്ണുങ്ങള്‍ വെറും 170 മാത്രം. ഇതില്‍ നൂറ്റന്‍പതോളം പേര്‍ സര്‍വതന്ത്ര സ്വതന്ത്രകള്‍. അതേസമയം ബി ജെ പിയും കോണ്‍ഗ്രസും ജനതാദളും (എസ്) മുന്‍മുഖ്യമന്ത്രി യദ്യൂരപ്പയുടെ കര്‍ണാടക ജനതാപാര്‍ട്ടിയും വിരലിലെണ്ണാവുന്ന വനിതാസ്ഥാനാര്‍ഥികളെ മാത്രമേ കളത്തിലിറക്കിയിട്ടുള്ളു. മുന്‍മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പത്‌നിയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മരുമകളുമായ അനിതാകുമാരസ്വാമി, യദ്യൂരപ്പയുടെ 'കൂട്ടുകാരി'യെന്നറിയപ്പെടുന്ന ശോഭാ കരന്തലജേ, ചലച്ചിത്രതാരം ഉമാശ്രീ (കോണ്‍ഗ്രസ്) എന്നിവരാണ് ഇവരില്‍ പ്രമുഖര്‍.
മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടറിനുവേണ്ടി പ്രചരണരംഗത്ത് ഏറ്റവുമധികം വിയര്‍പ്പൊഴുക്കുന്നത് ഭാര്യ ശില്‍പ്പാഷെട്ടറാണ്.കര്‍ണാടകയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനമാണ് വനിതാ പ്രാതിനിധ്യമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുഖ്യകക്ഷികള്‍ക്കെല്ലാം പെണ്ണ് ഒരു ചതുര്‍ഥി!
janayugom 060513
No comments:
Post a Comment