Friday, May 10, 2013

ചിട്ടി തട്ടിപ്പ് സിബിഐ അന്വേഷിക്കണം: ഇടതുപക്ഷം


പശ്ചിമബംഗാളില്‍ ചിട്ടി തട്ടിപ്പിനിരയായി എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ നടപടിയെടുക്കണമെന്നും തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കണ്ട് ഈ ആവശ്യമടങ്ങുന്ന നിവേദനം നേതാക്കള്‍ സമര്‍പ്പിച്ചു. പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്രയും മറ്റ് ഇടതുപക്ഷപാര്‍ടി നേതാക്കളും സംഘത്തിലുണ്ടായിരുന്നു.

ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പിന് നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇരയായതിനാല്‍ സുപ്രീംകോടതിയുടെയും കൊല്‍ക്കത്ത ഹൈക്കോടതിയുടെയും നിയന്ത്രണത്തില്‍ സിബിഐ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ധനകാര്യ തട്ടിപ്പുകള്‍ അന്വേഷിക്കേണ്ട കേന്ദ്ര സ്ഥാപനം സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ചസ് ബ്യൂറോ ഓഫ് ഇന്ത്യ (സെബി) ആണ്. ഗുരുതരമായ ധനകാര്യ തട്ടിപ്പുകള്‍ സംബന്ധിച്ച് അന്വേഷിക്കേണ്ട എസ്എഫ്ഐഒ, സിബിഐ എന്നിവയെ ഉപയോഗിച്ചുള്ള സമഗ്രമായ അന്വേഷണത്തിന് സെബി ഏകോപനം നിര്‍വഹിക്കണം. ചിട്ടി ഉടമകളുടെ സ്വത്ത് ഉടന്‍ പിടിച്ചെടുത്ത് തട്ടിപ്പിനിരയായവര്‍ക്ക് കോടതി നിര്‍ദേശപ്രകാരം വിതരണംചെയ്യാനുള്ള നടപടികളും സ്വീകരിക്കണം. പശ്ചിമബംഗാളില്‍ തുടര്‍ന്നും മുന്‍കരുതല്‍ സ്വീകരിക്കണം. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ വ്യവസ്ഥകളുള്ള ബില്‍ നിയമസഭ പാസാക്കിയിരുന്നു. 2003ല്‍ പാസാക്കിയ നിയമം കേന്ദ്രത്തിന് അയച്ചുകൊടുത്തെങ്കിലും രാഷ്ട്രപതിയുടെ അനുമതി ലഭിച്ചില്ല. 2009ല്‍ രണ്ട് വ്യവസ്ഥ മാറ്റി അയക്കാനാവശ്യപ്പെട്ട് മടക്കി അയച്ചു. വ്യവസ്ഥകള്‍ മാറ്റി ബില്‍ വീണ്ടും പാസാക്കി അയച്ചുകൊടുത്തിട്ടും ഫലമുണ്ടായില്ല. എത്രയും പെട്ടെന്ന് ബില്ലിന് അനുമതി നല്‍കണം. അവിശ്വസനീയ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്താനുള്ള പരിപാടികള്‍ ആവിഷ്കരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പശ്ചിമബംഗാള്‍ മുന്‍ ധനമന്ത്രി ഡോ. അസിംദാസ് ഗുപ്തയും നിവേദകസംഘത്തിലുണ്ടായിരുന്നു.

deshabhimani 100513

No comments:

Post a Comment