Monday, May 13, 2013

വെല്ലുവിളികളെ അതിജീവിക്കാന്‍ ആഹ്വാനമേകി യുവതീസംഗമം


എസ്എല്‍ പുരം: വര്‍ത്തമാനകാലത്തിന്റെ ആകുലതകള്‍ പങ്കുവച്ചും സ്ത്രീസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ കഴിയുന്നവരായി യുവതികള്‍ മാറണമെന്നും ആഹ്വാനം ചെയ്ത് യുവതീസംഗമം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍ക്ക് തുടക്കംകുറിച്ച് കഞ്ഞിക്കുഴിയിലാണ് സംഗമം സംഘടിപ്പിച്ചത്.

സ്ത്രീകള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളും യുവതികളും വീട്ടിലും നാട്ടിലും തൊഴിലിടങ്ങളിലും യാത്രകളിലുമൊക്കെ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഗമം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപി ഉദ്ഘാടനംചെയ്തു. പതിമൂന്ന് വയസാകുമ്പോള്‍തന്നെ സ്ത്രീകള്‍ക്ക് ജീവിതത്തിനുമേല്‍ വളരെ നിയന്ത്രണം വളര്‍ന്നുവരുന്നതായി അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ പ്രധാനജോലി വീട്ടിനുള്ളിലാണെന്നാണ് സമൂഹം ധരിച്ചുവച്ചിട്ടുള്ളത്. തൊഴിലില്ലായ്മയുടെ കെടുതി കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. തൊഴില്‍ സുരക്ഷിതത്വം ഇല്ല. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീതൊഴിലാളികള്‍ പലവിധ ചൂഷണത്തിന് വിധേയരാകുന്നു. ചൂഷണകേന്ദ്രങ്ങളായി പലതൊഴിലിടങ്ങളും മാറി. തൊഴിലില്ലായ്മയും ദാരിദ്ര്യവും ആഗോളവല്‍ക്കരണവും ആണിന്റെയും പെണ്ണിന്റെയും ജീവിതത്തില്‍ ദുരിതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇരകളെതന്നെ കുറ്റവാളികളാക്കി ചിത്രീകരിക്കുന്ന സമീപനമാണ് ഇന്നുള്ളത്. കുഴപ്പംപിടിച്ച വസ്ത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണമെന്ന തെറ്റായ ധാരണ സമൂഹത്തിലേക്ക് പടരുന്നു. ഇത് യഥാര്‍ഥ വസ്തുതകളെ മറച്ചുവയ്ക്കാനാണ്. സ്ത്രീകള്‍ അടിമത്വം സ്വാംശീകരിച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാന്‍ കരുത്തുള്ളവരായി യുവതികള്‍ മാറണമെന്നും ടി എന്‍ സീമ പറഞ്ഞു.

ഒത്തിരി ബന്ധനങ്ങള്‍ക്ക് നടുവില്‍ സ്ത്രീകളെ തളച്ചിട്ടിരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇ എസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞു. സമൂഹത്തിന്റെ മനോഭാവത്തിലാണ് മാറ്റമുണ്ടാകേണ്ടത്. അരുതാത്തത് ഉണ്ടാകുമ്പോള്‍ അതിനെ വിലക്കാനും പ്രതികരിക്കാനുമുള്ള ആര്‍ജ്ജവം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. പി പി സ്വാതന്ത്ര്യം സ്മാരക കമ്യൂണിറ്റി ഹാളില്‍ നടന്ന സംഗമത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു പ്രതിഭാഹരി അധ്യക്ഷയായി. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥിനികളെ സംഗമത്തില്‍ ബിജിമോള്‍ എംഎല്‍എ അനുമോദിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടി വി അനിത, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജലജാചന്ദ്രന്‍, അഡ്വ. ആര്‍ റിയാസ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മനു സി പുളിക്കല്‍ സ്വാഗതവും ഏരിയ സെക്രട്ടറി എസ് സീനു നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment