Monday, May 13, 2013

മഹിളാ നേതാവിനെ വീരന്‍ വിഭാഗം ഭീഷണിപ്പെടുത്തുന്നതായി പരാതി


ഒഞ്ചിയം: സോഷ്യലിസ്റ്റ് ജനതയിലെ മഹിളാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയെ വീരന്‍ വിഭാഗം ഭീഷണിപ്പെടുത്തുന്നതായി പരാതി. അഴിയൂര്‍ പഞ്ചായത്ത് അംഗവും സോഷ്യലിസ്റ്റ് പഠനകേന്ദ്രം ജില്ലാ കമ്മിറ്റി അംഗവുമായ കെ ലീല പൊലീസിലും വനിതാ കമീഷനിലും പരാതി നല്‍കി.

ലീലക്കെതിരെ ഭീഷണി പോസ്റ്ററുകള്‍ വീടിന് സമീപവും മറ്റ് പ്രദേശങ്ങളിലും വ്യാപകമായി പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോമ്പാലയില്‍ വീരേന്ദ്രകുമാര്‍ പങ്കെടുത്ത പരിപാടി കുളമാക്കിയെന്നാരോപിച്ചാണ് പോസ്റ്ററുകളില്‍ ഭീഷണിമുഴക്കിയത്. വീരേന്ദ്രകുമാര്‍ പങ്കെടുത്ത സോഷ്യലിസ്റ്റ് കുടുംബസംഗമം പരിപാടിയില്‍ ആള് കുറഞ്ഞത് ലീലയുടെ ഇടപെടല്‍ കൊണ്ടാണെന്നാണ് വീരന്‍ വിഭാഗത്തിന്റെ ആരോപണം. ചോമ്പാലയില്‍ ഇരുവിഭാഗം നടത്തിയ കുടുംബസംഗമത്തില്‍ പ്രേംനാഥ് വിഭാഗം പരിപാടിയില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. ഇതാണ് വീരന്‍ വിഭാഗത്തെ ചൊടിപ്പിച്ചത്. നേരത്തെയും ലീലക്കെതിരെ ഭീഷണിയുണ്ടായിരുന്നു. സോഷ്യലിസ്റ്റ് ജനതക്ക് സ്വാധീനമുള്ള അഴിയൂര്‍ പഞ്ചായത്തില്‍ പ്രേംനാഥ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പഠനകേന്ദ്രം ശക്തിപ്രാപിക്കുന്നത് വീരന്‍ വിഭാഗത്തിന് തലവേദനയായിട്ടുണ്ട്. അണികളും ചേരിതിരിഞ്ഞ് തുറന്ന പോരിലാണ്. മഹിളാ നേതാവിനെതിരെയുള്ള ഭീഷണിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

deshabhimani

No comments:

Post a Comment