Monday, May 6, 2013
കോടതി വിധിക്കെതിരെ അപ്പീലില്ല ഒത്തുകളിയെന്ന് ആക്ഷേപം
ചട്ടങ്ങള്‍ മറികടന്ന് മെഡിക്കല്‍ സീറ്റ് കച്ചവടം നടത്തിയ കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ കേസില്‍ ഹൈക്കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നില്ല. അപ്പീല്‍ നല്‍കാനുള്ള സമയം കഴിഞ്ഞിട്ട് ഒന്നര മാസമായി. കോളേജുകളുടെ അംഗീകാരം റദ്ദാക്കാതിരിക്കാനും അനധികൃതമായി പ്രവേശനം നല്കിയ ഒമ്പതു വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് അംഗീകരിക്കാനുമാണ് സര്‍ക്കാരിന്റെ ഒത്തുകളി. കോളേജുകള്‍ക്ക് അനുകൂലമായി ഇടക്കാല ഉത്തരവുണ്ടായപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ നല്കിയ സത്യവാങ്മൂലം അടക്കമുള്ള കേസിന്റെ രേഖകളൊന്നും സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്നും വ്യക്തമായി. തൃശൂരിലെ മനുഷ്യാവകാശ പ്രൊട്ടക്ഷന്‍ സെന്ററിന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. സത്യവാങ്മൂലത്തിന്റെയും ഹര്‍ജികളുടെയും പകര്‍പ്പ് ലഭ്യമാക്കാന്‍ എജിയോട് ആവശ്യപ്പെട്ടതായും മറുപടിയില്‍ പറയുന്നു.
അനധികൃത എംബിബിഎസ് പ്രവേശനം നല്‍കിയതിന് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ അംഗികാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ സര്‍വകലാശാല നോട്ടീസും നല്കി. ഇതിനെതിരെ കോളേജുകള്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വംമൂലം കോളേജുകള്‍ക്ക് അനുകൂലമായ ഉത്തരവുണ്ടായത്. മാര്‍ച്ച് 23ന് ഇടക്കാല വിധിയുണ്ടായിട്ടും ഇതു സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതിനിടെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഒമ്പതുപേരുടെ രജിസ്ട്രേഷനും അംഗീകരിക്കാന്‍ സര്‍വകലാശാലയില്‍ നടപടി തുടരുകയാണ്. പ്രവേശനപരീക്ഷയില്‍ അമ്പതു ശതമാനം മാര്ക്കുനേടാത്തവരും റാങ്ക്ലിസ്റ്റില്പെടാത്തവരുമായ ആറു പേര് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്നു പേര് കരുണ മെഡിക്കല്‍ കോളേജിലും പ്രവേശനം നേടിയവരാണ്. മെറിറ്റിലുള്ള വിദ്യാര്‍ഥികളുടെ ഭാവിപോലും അപകടപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ്സെക്രട്ടറി അഡ്വക്കറ്റ് ജനറലിന് വിവരം നല്‍കിയെങ്കിലും അതൊന്നും കോടതിയില്‍ നല്‍കിയില്ലെന്നാണ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ നിശ്ചിതസമയത്തിനകം എതിര്‍സത്യവാങ്മൂലം നല്‍കാത്തതിന്റെ വിശദീകരണം ആരോഗ്യവകുപ്പ് സെക്രട്ടറി എജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
deshabhimani 060513
Labels:
വാർത്ത,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment