Monday, May 6, 2013

അട്ടപ്പാടിയിലേക്ക് അരിയും പയറും ശേഖരിക്കുന്നു നിറഞ്ഞമനസ്സോടെ സഹകരിക്കൂ: സിപിഐ എം


അട്ടപ്പാടിയില്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ആദിവാസി സമൂഹത്തെ സഹായിക്കാന്‍ സിപിഐ എം അരിയും പയറും ശേഖരിക്കുന്നു. പോഷകാഹാരക്കുറവ് മൂലം കഴിഞ്ഞ നാല് മാസത്തിനിടയില്‍ 18 പിഞ്ചുകുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്. പണിയും കൂലിയുമില്ലാതെ ആദിവാസി ഉരുകളിലുള്ളവര്‍ നരകിക്കുകയാണ്. കടുത്ത വേനലില്‍ കിലോമീറ്ററുകള്‍ താണ്ടി പണിക്ക് പോകാനുള്ള ആരോഗ്യം പുരുഷന്മാരിലില്ലാത്തതിനാല്‍ ആദിവാസി ഊരുകള്‍ പട്ടിണിയിലാണ്. അവരെ സഹായിക്കുന്ന രീതിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഊരുകളില്‍ കുടിവെള്ളം എത്തിക്കാന്‍ പോലും സര്‍ക്കാര്‍ സംവിധാനമോ പഞ്ചായത്തുകളോ ആത്മാര്‍ഥത കാണിക്കുന്നില്ല എന്ന കാര്യം ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും. കുട്ടികള്‍ മരിക്കാനുള്ള കാരണം ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്തതാണ് എന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഈ അമ്മമാരെ സഹായിക്കാനും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ നമ്മുടെ ജില്ലയുടെ പിന്നോക്ക പ്രദേശത്ത് താമസിക്കുന്നവരെ സാഹയിക്കേണ്ടത് സന്മനസുള്ള ഒരോരുത്തരുടെയും കടമയാണ്. സര്‍ക്കാര്‍ സംവിധാനം ഫലപ്രദമല്ല എന്ന് കരുതി നമുക്കാര്‍ക്കും കൈയുംകെട്ടി നോക്കിയിരിക്കാനാവില്ല. അതിനാല്‍ സിപിഐ എം നേതൃത്വത്തില്‍ 14 ഏരിയകളില്‍ നിന്ന് അരി ശേഖരിച്ച് 10ന് മുമ്പ് ആദ്യഘട്ടമെന്ന നിലയില്‍ അട്ടപ്പാടി ഗ്രാമങ്ങളില്‍ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓരോ ഏരിയയില്‍ നിന്ന് 20 ചാക്ക്അരിയും 100 കിലോഗ്രാം പയറുമാണ് ശേഖരിക്കുന്നത്. അവ പാലക്കാട് എത്തിച്ച്, അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി വിതരണം ചെയ്യും. ഇതുകൂടാതെ അട്ടപ്പാടിയിലെ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ സിപിഐ എം ദീര്‍ഘകാലപ്രവര്‍ത്തനവും തീരുമാനിച്ചിട്ടുണ്ട്. സിപിഐ എം പ്രവര്‍ത്തകര്‍ വീടുകളിലും മറ്റുമെത്തുമ്പോള്‍ അകമഴിഞ്ഞു സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അഭ്യര്‍ഥിച്ചു

deshabhimani

No comments:

Post a Comment