Monday, May 6, 2013
ചെന്നിത്തലയുടെ യാത്ര പിരിവിനുള്ള ഉപാധിയായി
പെണ്‍വാണിഭക്കേസില്‍ കുറ്റാരോപിതനായ മുനിസിപ്പല്‍ ചെയര്‍മാന്‍, അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മേയര്‍, പാര്‍ടി മുഖപത്രത്തിന്റെ പരസ്യക്കൂലിയിനത്തില്‍ ലഭിച്ച പണം സ്വകാര്യ അക്കൗണ്ടില്‍ മാറി 18 ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം, നേതൃമാറ്റത്തിന്റെ പേരില്‍ കയ്യാങ്കളിയോളമെത്തുന്ന തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങി ഒരു പ്രശ്നത്തിനും പരിഹാരം കാണാതെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തുന്ന കേരളയാത്ര പണപ്പിരിവിനുമാത്രമുള്ള ഉപാധിയായി ചുരുങ്ങി. എറണാകുളം ജില്ലയിലെ ആദ്യദിവസമായ ശനിയാഴ്ച ലഭിച്ച തണുപ്പന്‍ സ്വീകരങ്ങള്‍ ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. എ ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ക്കുമുന്നില്‍ കെപിസിസി മുട്ടുമടക്കുകയാണെന്ന പരാതിയാണ് ഐ ഗ്രൂപ്പിനുള്ളത്. ഇതിന്റെ പ്രതിഫലനം സ്വീകരണങ്ങളിലും വ്യക്തമായിരുന്നു.
വീക്ഷണത്തിന് പരസ്യയിനത്തിലും മറ്റും ലഭിച്ച പണം വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ച് തിരിമറി ചെയ്തെന്ന കേസില്‍ വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിട്ടും സംഘടന നടപടി എടുക്കാന്‍ കെപിസിസിക്ക്് കഴിഞ്ഞിട്ടില്ല. കെപിസിസി ജോയിന്റ് സെക്രട്ടറിയും എ ഗ്രൂപ്പിലെ പ്രമുഖനുമായ അബ്ദുള്‍ മുത്തലിബ് ചെയര്‍മാനായ ആലുവ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ബാങ്ക് വൈസ് ചെയര്‍മാനും വീക്ഷണത്തിന്റെ പ്രാദേശിക ലേഖകനുമായ ജോസി പി ആന്‍ഡ്രൂസാണ് അക്കൗണ്ട് തുറന്നത്. വീക്ഷണത്തിന്റെ പരസ്യക്കൂലിയായി ബാങ്കില്‍നിന്ന് 21 ലക്ഷം രൂപ പിന്‍വലിച്ചതില്‍ മൂന്നുലക്ഷം മാത്രമെ വീക്ഷണത്തിന്റെ അക്കൗണ്ടില്‍ എത്തിയിട്ടുള്ളു എന്നാണ് പരാതി. വിളക്കുകാല്‍ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കൊച്ചി മേയര്‍ ടോണി ചമ്മണിയെ മാറ്റണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യവും എങ്ങുമെത്തിയിട്ടില്ല. കൊച്ചി നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മേയര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്. എന്നാല്‍ എ ഗ്രൂപ്പുകാരനായ മേയറെ മാറ്റണമെന്ന ആവശ്യത്തിന് ഇനിയും കെപിസിസിയുടെ പച്ചക്കൊടി ലഭിച്ചിട്ടില്ല.
വിതുര പെണ്‍വാണിഭ കേസ് രണ്ടാംഘട്ടത്തില്‍ അവശേഷിച്ച കേസിലെ പ്രതി ആലുവ നഗരസഭാധ്യക്ഷന്‍ എം ടി ജേക്കബിനെ (ജേക്കബ് മൂത്തേടന്‍) ആ സ്ഥാനത്തുനിന്ന് മാറ്റാന്‍കഴിയാത്തതും കെപിസിസി നേതൃത്വത്തിന് നാണക്കേട് സമ്മാനിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട് രൂക്ഷ തര്‍ക്കമാണ്്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രണ്ടരവര്‍ഷം കഴിയുമ്പോള്‍ നേതൃത്വമാറ്റമെന്ന ഗ്രൂപ്പ് ധാരണകള്‍ പാലിക്കാത്തതാണ് മിക്കസ്ഥലത്തും പ്രശ്നം. എറണാകുളം ജില്ലയില്‍ എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂക്കാന്‍പിടിക്കുന്ന മന്ത്രി കെ ബാബുവും ബെന്നി ബഹനാനും പറയുന്നതുപോലെയാണ് കാര്യങ്ങളെല്ലാം നടക്കുന്നതെന്ന നിരാശ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കുണ്ട്്.
മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ സാഹചര്യമറിയില്ല: ചെന്നിത്തല
കൊച്ചി: ചന്ദ്രശേഖരന്‍ വധക്കേസില്‍ കോണ്‍ഗ്രസും സിപിഐ എമ്മും തമ്മില്‍ ധാരണയുണ്ടെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളയാത്രക്കിടെ ജ. കൃഷ്ണയ്യരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യുഡിഎഫിന് സിപിഐ എമ്മുമായി ഒരു ധാരണയുമില്ല. അങ്ങനെ ഉണ്ടാവുകയുമില്ല. ടി പി വധക്കേസ് വിചാരണക്കോടതിയുടെ മുന്നിലായതിനാല്‍ സിബിഐക്കു വിടണമോയെന്ന് സര്‍ക്കാര്‍ അതിന്റെ നിയമവശം മനസ്സിലാക്കി ചര്‍ച്ചചെയ്തു തീരുമാനിക്കും. എന്‍എസ്എസും എസ്എന്‍ഡിപിയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അവര്‍ ഉന്നയിക്കുന്ന ഏത് ആവശ്യങ്ങളും ചര്‍ച്ചചെയ്തു പരിഹരിക്കും. പൊതുപ്രവര്‍ത്തകന് വിമര്‍ശങ്ങള്‍ നേരിടേണ്ടിവരിക പതിവാണ്. അതിനാല്‍ സാമുദായിക നേതാക്കള്‍ ഉന്നയിക്കുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ തയാറല്ലെന്നും ചെന്നിത്തല പറഞ്ഞു.
deshabhimani 060513
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment