തേക്കടി തടാകത്തിലെ തനത് മത്സ്യസമ്പത്തിന് ഭീഷണിയായ ആഫ്രിക്കന്‍ മുഷിയെ പിടിക്കാന്‍ നടപടി തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ച ദൗത്യത്തില്‍ നൂറില്‍ പരം മുഷിയെ പിടികൂടി. കേരളത്തിലും പുറത്തുമുള്ള എട്ട് സംഘടനകളുടെ നേതൃത്വത്തിലാണ് ഇതിനുള്ള ജോലികള്‍ തുടങ്ങിയത്. തേക്കടി വനംവകുപ്പിലെ 20പേര്‍ ഉള്‍പ്പെടെ 65ല്‍ പരം പേരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഷിയെ പിടിക്കാന്‍ ഇറങ്ങിയത്. മലിന ജലം കെട്ടികിടക്കുന്ന ആനവച്ചാല്‍ തോട്ടിലെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് പ്രവര്‍ത്തനം നടത്തിയത്.
സൗത്ത്-ഈസ്റ്റ് ഏഷ്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുഷിയെ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേരള കണ്‍സര്‍വേഷന്‍ റിസര്‍ച്ച് ഗ്രൂപ്പ്, സൂ ഔട്ട് റിച്ച് ഓര്‍ഗനൈസേഷന്‍, ദി ഇന്ത്യന്‍ അലിയന്‍സ് ഫോര്‍ സീറോ എക്സ്റ്റിന്‍ഷന്‍, പെരിയാര്‍ ഫൗണ്ടേഷന്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ഫ്രഷ്വാട്ടര്‍ ഫിഷ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ്, ക്രിട്ടിക്കല്‍ എക്കോസിസ്റ്റം, അശോക ട്രസ്റ്റ്ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് ദി എന്‍വയോണ്‍മെന്റ്, റഫോര്‍ഡ് തുടങ്ങിയ കേരളത്തിലും പുറത്തുനിന്നുമുള്ള എട്ട് സംഘടനകളൂടെ നേതൃത്വത്തിലാണ് 45 അംഗ സംഘം തിങ്കളാഴ്ച എത്തിയത്. തിങ്കളാഴ്ച വൈകിട്ട് പരീക്ഷണാടിസ്ഥാനത്തില്‍ 10 എണ്ണത്തെ പിടികൂടിയിരുന്നു. സംഘത്തെ സഹായിക്കാന്‍ തേക്കടി വനംവകുപ്പിലെയും ഇഡിസിയിലേയും 20 പേരും ഉണ്ടായി. കൃഷ്ണകുമാര്‍, സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഫ്രിക്കന്‍ മുഷിയെ പിടിക്കാന്‍ നേതൃത്വം നല്‍കുന്നത്. തേക്കടിയിലെ അപൂര്‍വയിനം മത്സ്യങ്ങള്‍ക്കും മത്സ്യ സമ്പത്തിനും ഭീഷണിയായ ആഫ്രിക്കന്‍ മുഷിയുടെ വംശവര്‍ധന തടയുകയാണ് ഇതിലൂടെ വനംവകുപ്പും ഇതര സംഘടനകളും ഉദ്ദേശിക്കുന്നത്.
തേക്കടിയില്‍ 50ല്‍പരം ഇനം മത്സ്യങ്ങളുണ്ട്. ഇതില്‍ ഏഴെണ്ണം ലോകത്തില്‍ ഒരിടത്തും ഇല്ലാത്തവയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇനം മത്സ്യങ്ങളുള്ള തടാകങ്ങളിലൊന്നാണ് തേക്കടി. പത്ത് വര്‍ഷം മുമ്പാണ് തേക്കടി തടാകത്തില്‍ മുഷി എത്തിയത്. ഇതോടെ ഇത് വന്‍തോതില്‍ തേക്കടിയിലാകെ വ്യാപിക്കുകയായിരുന്നു. തേക്കടിയില്‍ നിന്ന് 32 കിലോ ഭാരമുള്ള മുഷിയെ നേരത്തെ ലഭിച്ചിരുന്നു. മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളത്തില്‍ ജീവിക്കുന്ന ആഫ്രിക്കന്‍ മുഷി മത്സ്യ സമ്പത്തിനും മറ്റ് ജലജീവികള്‍ക്കും ഭീഷണിയാണ്. ഇവയുടെ പ്രജനനം ആരംഭിക്കുന്ന മഴയ്ക്ക് മുമ്പായി ഇവയെ നശിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിടികൂടിയ മത്സ്യങ്ങളെ ഫിഷര്‍മെന്‍ ഇഡിസി വഴി വില്‍പ്പന നടത്തും.
deshabhimani 010513
No comments:
Post a Comment