Tuesday, July 2, 2013

കേന്ദ്രം ഉപാധികള്‍ നീക്കുന്നു

ചില്ലറവില്‍പ്പന മേഖലയിലേക്ക് വിദേശകുത്തകകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിബന്ധനകളില്‍ കൂടുതല്‍ അയവുവരുത്തുന്നു. ചില്ലറവില്‍പ്പനശൃംഖലാ സ്ഥാപനത്തില്‍ 50 ശതമാനം ഓഹരിയില്ലാത്ത ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഉപാധിയില്ലാതെ വിപണി തുറന്നുകൊടുക്കാനാണ് തീരുമാനം. വിദേശനിക്ഷേപം അനുവദിക്കുന്നതിന് തീരുമാനമെടുത്തിട്ടുംഇതുവരെ ബഹുരാഷ്ട്രകുത്തകകള്‍ താല്‍പ്പര്യം കാട്ടിയില്ലെന്ന ന്യായമാണ് നിബന്ധന ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കാരണമായി കാണിക്കുന്നത്. നിലവില്‍ ചില്ലറവിപണിയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപമാണ്(എഫ്ഡിഐ) സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, നിക്ഷേപത്തിന് ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിരുന്നു. സംഭരണമേഖലയുള്‍പ്പെടെയുള്ള പശ്ചാത്തലസൗകര്യമേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുക, ഉല്‍പ്പന്നങ്ങളില്‍ 30 ശതമാനം ചെറുകിട- ഇടത്തരം ആഭ്യന്തരസംരംഭകരില്‍നിന്ന് ശേഖരിക്കുക എന്നിവയായിരുന്നു പ്രധാന ഉപാധി. വാള്‍മാര്‍ട്ടും ടെസ്കോയുംപോലുള്ള വന്‍കുത്തകകള്‍ ഈ നിബന്ധന ഭയന്ന് ഇന്ത്യന്‍ വിപണിയില്‍ വരാന്‍ മടിക്കുന്നുവെന്ന കണ്ടുപിടിത്തം കേന്ദ്ര ധനമന്ത്രാലയത്തിന്റേതാണ്. നിക്ഷേപത്തിന് അനുകൂലസാഹചര്യമൊരുക്കാന്‍ നിബന്ധന മാറ്റണമെന്ന ആവശ്യം മുന്നോട്ടുവച്ചതും ധനമന്ത്രാലയമാണ്. വിദേശ കോര്‍പറേറ്റ് സ്ഥാപനത്തിന്റെ ഓഹരി 49 ശതമാനം മാത്രമാണെങ്കില്‍ നിബന്ധകള്‍ വേണ്ടെന്ന ബദല്‍നിര്‍ദേശവും ധനമന്ത്രാലയം മുന്നോട്ടുവച്ചു. പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ ചില്ലറവിപണി മേഖലയിലേക്ക് വിദേശനിക്ഷേപം ഒഴുകുമെന്നാണ് സര്‍ക്കാരിന്റെ വാദം. നിര്‍ദേശം ആദ്യം ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചചെയ്തശേഷം മന്ത്രിസഭ പരിഗണിക്കും.

ചില്ലറവിപണി മേഖലയില്‍ കടന്നുവരുന്ന വിദേശ കോര്‍പറേറ്റുകളുടെ ഓഹരി ആഗ്രഹിക്കുന്ന ആഭ്യന്തരകമ്പനികള്‍ക്കും തീരുമാനം സഹായകമാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. വിദേശനിക്ഷേപനയം പരിഷ്കരിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മായാറാമിന്റെ നേതൃത്വത്തിലുള്ള സമിതി, സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ചില്ലറവിപണിയിലെ വിദേശനിക്ഷേപം 51 ശതമാനത്തില്‍നിന്ന് 74 ആയി ഉയര്‍ത്തണമെന്ന നിര്‍ദേശം സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് ചില്ലറവിപണിമേഖല വിദേശ കോര്‍പറേറ്റുകള്‍ക്കായി തുറന്നുകൊടുത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തത്. അന്തിമതീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാമെന്ന ഉപാധിയോടെയായിരുന്നു തീരുമാനം. ഇതുവരെ 11 സംസ്ഥാനങ്ങളാണ് വിദേശനിക്ഷേപത്തോട് താല്‍പ്പര്യം പ്രകടിപ്പിച്ചത്. എഫ്ഡിഐ തീരുമാനം വന്ന് മാസങ്ങളായിട്ടും വിദേശ കോര്‍പറേറ്റുകളൊന്നും ഇന്ത്യയില്‍ നിക്ഷേപത്തിന് താല്‍പ്പര്യം കാട്ടിയിട്ടില്ല.

deshabhimani

No comments:

Post a Comment