Tuesday, May 7, 2013

ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചു


സെന്‍സസ് ജോലിയില്‍ പങ്കെടുത്ത അധ്യാപകരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ഉത്തരവ് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് അധ്യാപക സംഘടനാ ഭാരവാഹികള്‍ യോഗംചേര്‍ന്ന് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന നിസ്സഹകരണ സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭം മാറ്റിവച്ചു. ശനിയാഴ്ച അധ്യാപക സംഘടനാനേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടില്‍ അധ്യാപക സംഘടനകള്‍ ഒറ്റക്കെട്ടായി അണിനിരന്നതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കാന്‍ നിര്‍ബന്ധിതരായത്.

2010 ലെ സെന്‍സസ് ജോലിയില്‍ പങ്കെടുത്ത അധ്യാപകരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞമാസം 20നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുപ്രകാരം 16 ദിവസത്തെ ശമ്പളം അധ്യാപകര്‍ തിരിച്ചു നല്‍കണമായിരുന്നു. ഈ ഉത്തരവിനെതിരെ ഭരണകക്ഷി അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച ആരംഭിക്കുന്ന അധ്യാപക പരിശീലനം ബഹിഷ്കരിക്കാനും അധ്യാപകര്‍ തീരുമാനിച്ചിരുന്നു. അധ്യാപക സംഘടനകളുമായി ചര്‍ച്ചചെയ്തശേഷംമാത്രമേ ലീവ് സറണ്ടറിന്റെ കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കൂവെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അധ്യാപക സംഘടനകളുടെ സംയുക്ത യോഗശേഷം കെഎസ്ടിഎ ജനറല്‍സെക്രട്ടറി എം ഷാജഹാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. അധ്യാപകര്‍ സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ടുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് എല്ലാ അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തും. മരവിപ്പിക്കല്‍ നടപടിയില്‍ മാറ്റംവരുത്തി തുക തിരിച്ചുപിടിച്ചാല്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും വിവിധ അധ്യാപക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

deshabhimani 070513

No comments:

Post a Comment