Tuesday, May 7, 2013

വൈദ്യുതി: കരുതല്‍ വെള്ളവും ഉപയോഗിക്കാന്‍ നീക്കം


മെയ് മധ്യത്തോടെ ശക്തമായ മഴ കിട്ടിയില്ലെങ്കില്‍ ഡാമുകളിലെ കരുതല്‍ ശേഖരമായ (ബഫര്‍ സ്റ്റോക്ക്) വെള്ളവും ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ നീക്കം. ജൂണ്‍ ഒന്നിനു ശേഷവും മഴ പെയ്തില്ലെങ്കില്‍ ഉപയോഗിക്കാനുള്ളതാണ് കരുതല്‍ ശേഖരം. ചരിത്രത്തിലാദ്യമായി അത് നേരത്തെ ഉപയോഗിക്കാനാണ് ശ്രമം. നിശ്ചിത സമയത്തിനകം മഴ കിട്ടിയില്ലെങ്കില്‍ ജൂണില്‍ കേരളം ഇരുട്ടിലാവുമെന്നും വൈദ്യുതി ബോര്‍ഡിലെ ഉന്നതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളില്‍ 900 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കാനുള്ള വെള്ളമാണുള്ളത്. ഇതില്‍ 450 ദശലക്ഷത്തിനുള്ള വെളളമാണ് കരുതല്‍ശേഖരം. മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാഭീഷണി ഉയര്‍ന്നപ്പോള്‍ 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു. നിലവില്‍ കെഎസ്ഇബിയുടെ ശരാശരി വൈദ്യുതി ലഭ്യതയുടെ കണക്ക് ഇപ്രകാരം: ജലവൈദ്യുത പദ്ധതികളിലെ ഉല്‍പ്പാദനം-12.5 ദശലക്ഷം യൂണിറ്റ്. തെര്‍മല്‍ പദ്ധതികളിലെ ഉല്‍പ്പാദനം-11 ദശലക്ഷം. കേന്ദ്രപൂളില്‍നിന്നുള്ള ലഭ്യത-30 ദശലക്ഷം. സ്വകാര്യ ഉല്‍പ്പാദകരില്‍നിന്നടക്കം വിലകൊടുത്തു വാങ്ങുന്നത്-8 ദശലക്ഷം യൂണിറ്റ്. 60-61ദശലക്ഷം യൂണിറ്റാണ് വൈദ്യുതിയുടെ പ്രതിദിന ഉപയോഗം. പ്രതീക്ഷിച്ചപോലെ മഴ കിട്ടിയില്ലെങ്കില്‍ വൈകാതെ പകല്‍ പകുതിയിലേറെ സമയവും പവര്‍കട്ട് ഏര്‍പ്പെടുത്തുമെന്നാണ് സൂചന. ഔദ്യോഗികമായി നിലവില്‍ ഒന്നര മണിക്കൂര്‍ ലോഡ്ഷെഡ്ഡിങ് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും നാലും അഞ്ചും മണിക്കൂര്‍ വരെ വൈദ്യുതി ലഭിക്കുന്നില്ല. അഞ്ഞൂറോളം സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണികളുടെ പേരില്‍ പകല്‍ മുഴുവനും ലൈന്‍ ഓഫാക്കുന്നു. ഇത് വരും നാളുകളില്‍ രൂക്ഷമാകാനാണ് സാധ്യത.
(വി എം രാധാകൃഷ്ണന്‍)

deshabhimani 070513

No comments:

Post a Comment