Wednesday, May 1, 2013

അന്യസംസ്ഥാനങ്ങളില്‍നിന്ന് മണല്‍ കൊണ്ടുവരാം

രൂക്ഷമായ മണല്‍ക്ഷാമം കണക്കിലെടുത്ത് അന്യസംസ്ഥാനങ്ങളില്‍നിന്ന് മണല്‍ കൊണ്ടുവരാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. മണല്‍ കിട്ടാത്തതുമൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നതും മണലെടുപ്പ് പരിസ്ഥിതിയെ ബാധിച്ചതും കണക്കിലെടുത്താണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണല്‍ക്ഷാമം പരിഹരിക്കാന്‍ ടി ബാലകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. ഇറക്കുമതി ഏജന്‍സി ഏതെന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. എഴുനൂറ് ട്രൈബല്‍ വാച്ചര്‍മാരെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പിഎസ്സി വഴിയായിരിക്കും നിയമനം. അട്ടപ്പാടി അഹാഡ്സില്‍ ജോലിചെയ്തിരുന്ന മുഴുവന്‍ ആദിവാസികള്‍ക്കും വാച്ചര്‍മാരായി നിയമനം നല്‍കും. സ്ത്രീകള്‍ക്ക് അസൗകര്യമുണ്ടെങ്കില്‍ മറ്റു ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അട്ടപ്പാടി പ്രശ്നം പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതി ശുപാര്‍ശ പ്രകാരമാണ് നിയമനം. പെരിയാര്‍ കടുവ സങ്കേതത്തില്‍ നാല് ഫോറസ്റ്റ് സ്റ്റേഷന്‍ ആരംഭിക്കും. ശബരിമല സന്നിധാനം, മുക്കുഴി, പച്ചക്കാനം, ഗവി എന്നിവിടങ്ങളിലാണ് ഫോറസ്റ്റ് സ്റ്റേഷന്‍. ഇതിനായി 88 തസ്തിക അനുവദിച്ചു. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും ഡിഎംആര്‍സിയുമായുണ്ടാക്കിയ കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. എത്രയും വേഗത്തില്‍ തുടര്‍നടപടി സ്വീകരിക്കും. ഒരു മാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ചെയര്‍മാനായി സംസ്ഥാനതല തണ്ണീര്‍ത്തട സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. 17 ഉദ്യോഗസ്ഥര്‍ കമ്മിറ്റി അംഗങ്ങളായിരിക്കും. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറെയും കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടറെയും കേന്ദ്രതണ്ണീര്‍ത്തട അതോറിറ്റിയില്‍ സംസ്ഥാനത്തിന്റെ പ്രതിനിധികളായി നിശ്ചയിച്ചു. എട്ടു മുതല്‍ 10 വര്‍ഷംവരെ ജോലിചെയ്ത 38 ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ സ്ഥിരപ്പെടുത്തും.

ജലഗതാഗത വകുപ്പ് റിപ്പയര്‍ വിഭാഗത്തില്‍ ഇരുപതും ഫിഷറീസ് വകുപ്പില്‍ സര്‍വേ വിഭാഗത്തില്‍ നാലും തസ്തിക അനുവദിച്ചു. മലപ്പുറം ഊര്‍ങ്ങാട്ടിരി പ്രാഥമികാരോഗ്യകേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി. 10 പുതിയ തസ്തിക അനുവദിച്ചു. ആറ് സ്കൂളില്‍ നടപ്പാക്കിയ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് അംഗീകാരം നല്‍കി. 32 തസ്തിക അനുവദിച്ചു. സാമൂഹ്യസുരക്ഷാ മിഷനില്‍ 17 പുതിയ തസ്തികയ്ക്കും അനുവാദം നല്‍കി. സംസ്ഥാനത്ത് 975 ജൂനിയര്‍ ഹയര്‍സെക്കണ്ടറി അധ്യാപകരുടെ തസ്തികയ്ക്ക് അനുവാദം നല്‍കി. ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതി വായ്പ എടുക്കാനുള്ള കാലാവധി മെയ് 31 വരെ നീട്ടി. മാനന്തവാടി ബൈപ്പാസ് ഒന്നാംഘട്ട പ്രവൃത്തിക്ക് 2.29 കോടി രൂപ അനുവദിച്ചു. മണക്കാട് അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിന്റെ രണ്ട് ഏക്കറില്‍ ട്രിഡ മുഖേന ബസ് ബേയും ഷോപ്പിങ് കോംപ്ലക്സും നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസപദ്ധതിക്ക് അംഗീകാരം നല്‍കി.

77നു മുമ്പത്തെ കൈവശ ഭൂമിയില്‍ നാല് ഏക്കര്‍ വരെ പട്ടയം: മുഖ്യമന്ത്രി

ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1977 ജനുവരി ഒന്നിനുമുമ്പ് കൈവശമുള്ള ഭൂമിയില്‍ നാല് ഏക്കറിന് വരെ പട്ടയം നല്‍കാന്‍ അധികാരം നല്‍കിയാണ് ഓര്‍ഡിനന്‍സെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈവശമുള്ള ഭൂമി മുഴുവന്‍ പതിച്ചുനല്‍കുന്ന നിയമമാണ് നിലവിലുള്ളത്. 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഭേദഗതി തിരുത്തിയാണ് പുതിയ ഭേദഗതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓര്‍ഡിനന്‍സ് കണ്ണൂര്‍, തലശേരി, വടക്കേക്കളം കര്‍ഷകര്‍ക്കും ബാധകമാക്കും. ഭേദഗതിയനുസരിച്ച് ഒരു കുടുംബത്തിന് നാല് ഏക്കര്‍ ഭൂമിയേ കൈവശം വയ്ക്കാനാകൂ. അധികമുള്ളത് റവന്യൂ ഭൂമിയായി മാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വരള്‍ച്ച: കേന്ദ്രത്തിന് വീണ്ടും നിവേദനം നല്‍കും-മുഖ്യമന്ത്രി

തിരു: വരള്‍ച്ചാദുരിതാശ്വാസത്തിനായി കേന്ദ്രസര്‍ക്കാരിന് ഒരു നിവേദനംകൂടി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 7900 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഒരു മാസംമുമ്പ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. അതിനുശേഷം കാര്‍ഷിക-മത്സ്യബന്ധന മേഖലകളില്‍ ഉള്‍പ്പെടെ ഭീമമായ നാശം നേരിട്ട സാഹചര്യത്തിലാണ് കൂടുതല്‍ സഹായം തേടുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണഫണ്ടില്‍നിന്ന് കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രമാനദണ്ഡപ്രകാരം കുറഞ്ഞ തുകയേ നല്‍കാനാവൂ. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കിയിരുന്നു. ഇതനുസരിച്ചായിരിക്കും നഷ്ടപരിഹാരം. സംസ്ഥാനത്ത് വരള്‍ച്ചാദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ എംഎല്‍എമാരും സഹകരിക്കുന്നുണ്ട്. ജില്ലകളില്‍ അവലോകനയോഗം ചേര്‍ന്നു. 481 പഞ്ചായത്തിലും പത്ത് മുനിസിപ്പാലിറ്റികളിലും നാല് കോര്‍പറേഷനിലും വാഹനത്തില്‍ കുടിവെള്ളം വിതരണംചെയ്യുന്നു. വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തമായി ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്ക് പ്ലാന്‍ഫണ്ടില്‍ ബാക്കിയുള്ള പണം മെയ് 31 വരെ കുടിവെള്ളവിതരണത്തിന് ചെലവഴിക്കാന്‍ അനുമതി നല്‍കി. കൂടുതല്‍ പൈപ്പുകളിട്ട് കുടിവെള്ളവിതരണം വിപുലീകരിക്കാന്‍ ജലഅതോറിറ്റിക്ക് 109.39 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കി. . ഭൂഗര്‍ഭ ജലവകുപ്പ് 10.46 കോടി രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 010513

No comments:

Post a Comment