Wednesday, May 1, 2013

കുട്ടികള്‍ക്കുള്ള കേന്ദ്ര പദ്ധതി നടപ്പാക്കിയില്ല; 14 കോടി പാഴായി


കുട്ടികള്‍ക്ക് സംരക്ഷണവും സാമൂഹ്യനീതിയും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി കേരളം നടപ്പാക്കിയില്ല. അതുവഴി കേന്ദ്ര സഹായമായി ലഭിക്കേണ്ട 14 കോടി രൂപ നഷ്ടവമായി. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്കീം (ഐസിപിഎസ്) ആവിഷ്കരിച്ചത്. ബാലവേല, ലൈംഗിക ചൂഷണം തുടങ്ങിയവയില്‍ നിന്നും കുട്ടികളെ മോചിപ്പിച്ച് പുനരധിവസിപ്പിക്കുക, ജനങ്ങളെ ബോധവത്കരിക്കുക, ശിശുക്ഷേമസമിതിയെയും ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുക, 2012ലെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരം ഇരകളാകുന്ന കുട്ടികള്‍ക്ക് നിയമസഹായവും വൈദ്യസഹായവും ഉറപ്പാക്കുക, ദത്ത്കേന്ദ്രങ്ങള്‍ നിയന്ത്രിക്കുക, അമ്മത്തൊട്ടിലുകള്‍ ആരംഭിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിട്ടിരുന്നത്.

മറ്റു സംസ്ഥാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിവരുന്ന പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പോലും രണ്ട് വര്‍ഷത്തിനിടെ കേരളം തുടങ്ങിയിട്ടില്ല. സാമൂഹ്യനീതി വകുപ്പിന്റെ കടുത്ത അനാസ്ഥയാണ് കാരണം. 2011 ഡിസംബര്‍ 16നാണ് പദ്ധതി കേരളത്തില്‍ അംഗീകരിച്ചത്. തുടര്‍ന്ന് സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി ചെയര്‍മാനായി സംസ്ഥാന ശിശുക്ഷേമ സൊസൈറ്റി (എസ്സിപിഎസ്) രൂപീകരിച്ചു. ജില്ലാ മജിസ്ട്രേറ്റ് ചെയര്‍മാനായി ജില്ലാതല കമ്മിറ്റികള്‍ (ഡിസിപിസി) രൂപീകരിക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. തുടക്കത്തില്‍ യോഗം ചേര്‍ന്ന് പിരിഞ്ഞതല്ലാതെ ഒരിടത്തും ജില്ലാതല സമിതി രൂപീകരിച്ചില്ല. സംസ്ഥാന സമിതിയും ഇതിനിടെ നിശ്ചലമായി. വര്‍ഷം ഏഴുകോടി രൂപ സമിതിക്ക് കേന്ദ്രസഹായംലഭിക്കുമായിരുന്നു. ജില്ലക്ക് 50 ലക്ഷം രൂപയാണ് നല്‍കുക. ഇത്തരത്തില്‍ രണ്ടുവര്‍ഷം ലഭിക്കേണ്ട 14 കോടിയാണ് നഷ്ടപ്പെട്ടത്.
(പി സി പ്രശോഭ്)

DESHABHIMANI 010513

No comments:

Post a Comment