Thursday, May 9, 2013

കരുതല്‍ ശേഖരത്തില്‍നിന്ന് ഭക്ഷ്യ കയറ്റുമതി വേണ്ട: സിഎജി


പൊതുവിതരണസംവിധാനം വഴിയുള്ള ഭക്ഷ്യധാന്യ വിതരണം ഫലപ്രദമാക്കാന്‍ കരുതല്‍ ഭക്ഷ്യശേഖരം വര്‍ധിപ്പിക്കണമെന്ന് സിഎജി ശുപാര്‍ശ. നിലവിലുള്ള ശേഖരം പൊതുവിതരണസംവിധാനത്തിനും മറ്റ് ക്ഷേമപദ്ധതികള്‍ക്കും പര്യാപ്തമല്ല. ഭക്ഷ്യസുരക്ഷ, അടിയന്തരസാഹചര്യം നേരിടല്‍, വിലനിയന്ത്രണം തുടങ്ങിയവ കണക്കിലെടുത്താകണം കരുതല്‍ ശേഖരം നിശ്ചയിക്കേണ്ടത്. പരമാവധി കരുതല്‍ ശേഖരത്തെക്കുറിച്ച് വ്യക്തമായ മാനദണ്ഡം ഇല്ലാത്തത് രാജ്യത്തിന്റെ ആവശ്യം പരിഗണിക്കാതെ ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതിചെയ്യാന്‍ കാരണമാക്കുന്നു. എഫ്സിഐയുടെ ഭക്ഷ്യധാന്യസംഭരണം വിപുലപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. പൊതുവിതരണസംവിധാനം വഴിയും മറ്റും വിതരണംചെയ്യാന്‍ ആവശ്യമായത്ര ധാന്യം സംഭരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇത് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം.

സംഭരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം എഫ്സിഐയ്ക്ക് ആണെങ്കിലും ഇത് ശരിയായി നിര്‍വഹിക്കപ്പെടുന്നില്ല. എഫ്സിഐയുടെ പങ്കാളിത്തം മൊത്തം സംഭരണത്തിന്റെ ഒന്‍പത് ശതമാനം മാത്രം. 70 ശതമാനവും സംഭരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികളും സ്വകാര്യ മില്ലുകളുമാണ്. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്താനും ഭക്ഷ്യശേഖരം വര്‍ധിപ്പിക്കാനും എഫ്സിഐ സംഭരണശേഷി കൂട്ടണം. അടിയന്തരസാഹചര്യം, വിലസ്ഥിരത, ഭക്ഷ്യസുരക്ഷ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കാതെയാണ് കുറഞ്ഞ കരുതല്‍പരിധി നിശ്ചയിച്ചത്. ഇതില്‍ മാറ്റം വരുത്തുകയും ഓരോ ഘടകത്തിനും വേണ്ട കുറഞ്ഞ പരിധി നിശ്ചയിക്കുകയും വേണം. നിലവില്‍ പരമാവധി കരുതല്‍ശേഖരം എത്രയായിരിക്കണമെന്നതിന് വ്യവസ്ഥയില്ല. കുറഞ്ഞ പരിധി കടക്കുമ്പോള്‍ത്തന്നെ അധിക ഭക്ഷ്യശേഖരമായി കണക്കാക്കി കയറ്റുമതി ചെയ്യുകയോ വിപണിയിലേക്ക് നല്‍കുകയോ ആണ് കേന്ദ്രം ചെയ്യുന്നത്.

കേന്ദ്രപൂളിലെ ഭക്ഷ്യശേഖരം സംബന്ധിച്ച സുതാര്യമല്ലാത്ത കണക്കുകള്‍ പലപ്പോഴും അനാവശ്യമായ ഭക്ഷ്യകയറ്റുമതിക്ക് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി. 2000-01 മുതല്‍ 2003-04 വരെയുള്ള കാലയളവില്‍ ഭക്ഷ്യശേഖരം കുറഞ്ഞ പരിധി മറികടന്നെന്ന് കാട്ടി കേന്ദ്രം 197.10 ലക്ഷം ടണ്‍ ഗോതമ്പും 135.30 ലക്ഷം ടണ്‍ അരിയും കയറ്റുമതി ചെയ്തു. ഭക്ഷ്യവിതരണത്തിന് ആവശ്യമായ അളവ് പരിഗണിക്കാതെയായിരുന്നു നടപടി. കയറ്റുമതിയുടെ ഫലമായി അരിശേഖരം 2003ല്‍ കുറഞ്ഞ പരിധിയായ 65 ലക്ഷം ടണ്ണിനേക്കാള്‍ താഴെ 52.41 ലക്ഷം മെട്രിക് ടണ്ണായി. ഗോതമ്പ്ശേഖരം 2004 ഡിസംബറില്‍ കുറഞ്ഞ പരിധിയായ 116 ലക്ഷം മെട്രിക് ടണ്ണില്‍നിന്ന് കുറഞ്ഞ് 106.60 ലക്ഷം ടണ്ണിലേക്ക് ചുരുങ്ങി. 2005ല്‍ ഗോതമ്പിന്റെ കുറഞ്ഞ 84 ലക്ഷം ടണ്‍ ആയിരുന്നെങ്കില്‍ അതേ വര്‍ഷം ഫെബ്രുവരിയില്‍ ശേഖരത്തിലുള്ള ഗോതമ്പ് 73.05 ലക്ഷം ടണ്ണിലേക്ക് ഇടിഞ്ഞു. മാര്‍ച്ചില്‍ വീണ്ടും കുറഞ്ഞ് ഇത് 57.50 ലക്ഷം ടണ്ണിലെത്തി. ഭക്ഷ്യധാന്യസംഭരണത്തിന്റെ മേല്‍നോട്ടത്തിനും സുതാര്യതയ്ക്കുമായി ഒരു നോഡല്‍ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

deshabhimani 090513

No comments:

Post a Comment