Saturday, May 4, 2013
വരൂ... ചരിത്രവഴിയിലൂടെ സഞ്ചരിക്കാം
"ഒരു മറയ്ക്കിരുവശത്തായി ഇരുന്ന് സ്ത്രീകളും പുരുഷന്മാരും വി ടിയുടെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകം കാണുന്നു. നാടകം കഴിയുമ്പോഴേക്കും മറ അപ്രത്യക്ഷമായി. രാവിലെ സമ്മേളനസ്ഥലത്തേക്ക് മറക്കുട കളഞ്ഞ് സാരിയുടുത്ത് പാര്‍വതി മനേഴിയെത്തി. പാവാടയും ജാക്കറ്റും ധരിച്ച്, സുബ്രഹ്മണ്യന്‍ പോറ്റിയുടെ മക്കള്‍ പ്രാര്‍ഥന ചൊല്ലി. മറക്കുടയും ഘോഷയും ബഹിഷ്കരിക്കുന്നതിന്റെ ആദ്യപടി. ആര്യാ പള്ളവും പാര്‍വതി നെന്മിനിമംഗലവും ഘോഷ ബഹിഷ്കരിച്ചു"- എന്‍ജിഒ യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി തെക്കേഗോപുരനടയില്‍ ഒരുക്കിയ ചരിത്രപ്രദര്‍ശനത്തിലാണ് കേരളസമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ച സമരചരിത്രത്തിന്റെ ദൃശ്യങ്ങള്‍. സിവില്‍ സര്‍വീസ്-തൊഴിലാളിവര്‍ഗ പോരാട്ടചരിത്രങ്ങളിലേക്കും പ്രദര്‍ശനം കാണികളെ തിരിച്ചുനടത്തുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംഘടന വേണമെന്ന ഇ എം എസിന്റെ ലേഖനംമുതല്‍ വിമോചനസമരത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിയോജനക്കുറിപ്പുവരെ പ്രദര്‍ശനത്തിലെ സവിശേഷ ഇനങ്ങള്‍. നവോത്ഥാനത്തിന്റെ സ്വാധീനം തൊഴിലിടങ്ങളിലേക്ക് വ്യാപിക്കുന്നതും തീക്ഷ്ണസമരങ്ങളിലൂടെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം ലഭിക്കുന്നതും പ്രദര്‍ശനം പരിചയപ്പെടുത്തുന്നു. പുടവ ധരിക്കാനും മൂക്കുത്തിയിടാനുമുള്ള അവകാശങ്ങളും സമരത്തീച്ചൂളയില്‍ നേടിയെടുത്തവ. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി, വി ടി ഭട്ടതിരിപ്പാട്, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍, വക്കം മൗലവി തുടങ്ങിയ നവോത്ഥാന നായകരുടെ സ്മരണകളും പഴശിരാജ, വേലുത്തമ്പിദളവ, പാലിയത്തച്ചന്‍ എന്നിവരുടെ പോരാട്ടങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചവയില്‍ ചിലത്.
1962 ഒക്ടോബര്‍ 27, 28 തീയതികളില്‍ തൃശൂരില്‍ സിഎംഎസ് സ്കൂളില്‍ നടന്ന എന്‍ജിഒ യൂണിയന്‍ രൂപീകരണത്തെക്കുറിച്ചും രൂപീകരണത്തിലേക്ക് വഴിവച്ച സംഭവങ്ങളും ദൃശ്യങ്ങളിലൂടെ വിവരിക്കുന്നു. ആദ്യ എന്‍ജിഒ പണിമുടക്കും സമരമുഖങ്ങളിലെ എ കെ ജിയുടെ സാന്നിധ്യവും പോരാട്ടസ്മരണകളുടെ തിരിതെളിക്കുന്നു. കുടികിടപ്പവകാശത്തിനുള്ള സമരം, കരിവെള്ളൂര്‍ സമരം, എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണിജാഥ, ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നിവ വിവരിക്കുന്ന ചിത്രങ്ങളുമുണ്ട്. പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് എന്നിവരുടെ ചരിത്രപ്രാധാന്യമുള്ള പ്രസംഗങ്ങളും പ്രദര്‍ശനത്തിലുണ്ട്. കലാമണ്ഡലം ക്ഷേമാവതി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വര്‍ഗീസ് അധ്യക്ഷനായി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ സംസാരിച്ചു. കെ എം അജിത്കുമാര്‍ സ്വാഗതവും കെ എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയുള്ള പ്രദര്‍ശനം 14 വരെ നീളും.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment