Saturday, May 4, 2013

കേരള യാത്രയ്ക്ക് പണംപിരിച്ചില്ല; എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലംമാറ്റം


കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയ്ക്ക് ആവശ്യപ്പെട്ട പണം പിരിച്ചു നല്‍കാത്തതിന് എക്സൈസ് വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. ഇന്‍സ്പെക്ടര്‍ തലത്തിലുള്ള 134 ഉദ്യോഗസ്ഥരെയാണ് മാനദണ്ഡങ്ങള്‍ മറികടന്ന് സ്ഥലംമാറ്റിയത്. എക്സൈസ് കമീഷണറുടെ എക്സ് ഡി 3-5175-13 നമ്പര്‍ ഉത്തരവ് വ്യാഴാഴ്ച ഇറങ്ങി. ഇന്‍സ്പെക്ടര്‍മാരോട് രണ്ടുലക്ഷം രൂപ വരെ നല്‍കാനാണ് ആവശ്യപ്പെട്ടത്. ജില്ലയിലെ എ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന എംഎല്‍എയാണ് പണം പിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടത്. സംഖ്യ നല്‍കാത്തവരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഒരു സ്ഥലത്ത് കുറഞ്ഞത് ഒന്നരവര്‍ഷമെങ്കിലും ജോലി ചെയ്തവരെയാണ് സാധാരണ സ്ഥലം മാറ്റുക. എന്നാല്‍ ആറും എട്ടും മാസംമുമ്പ് സ്ഥലംമാറി വന്നവരേയും ഇപ്പോള്‍ മാറ്റി. തൃശൂര്‍ ജില്ലയില്‍ രണ്ടുപേരെ ഇത്തരത്തില്‍ മാറ്റി. ചാലക്കുടിയില്‍നിന്ന് സ്ഥലം മാറ്റിയ ഇന്‍സ്പെക്ടര്‍ എട്ടുമാസം മുമ്പാണ് ഇവിടെയെത്തിയത്. കണ്ണൂരില്‍നിന്നും എട്ടുമാസം മുമ്പ് സ്ഥംമാറി മാളയിലെത്തിയ ഇന്‍സ്പെക്ടറെ വീണ്ടും കണ്ണൂരിലേക്ക് മാറ്റി. ഇത്തരത്തില്‍ വ്യാപകമായ പകപോക്കല്‍ നടപടിയാണുണ്ടായത്.

രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ പണപിരിവ് ഇതിനകം വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. പണം വീതംവയ്ക്കുന്നതില്‍ തര്‍ക്കങ്ങളും ഉണ്ടായി. ചിലയിടങ്ങളില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലി. ഇതിനിടയിലാണ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിക്കുന്നതും പുറത്തായത്.

deshabhimani

No comments:

Post a Comment