Sunday, May 5, 2013

അഴിമതിയില്‍ നാണമില്ലാതെ മന്‍മോഹന്‍ സര്‍ക്കാര്‍


റെയില്‍വേ ബോര്‍ഡില്‍ ഉന്നതസ്ഥാനത്തിന് കോഴ കൈപ്പറ്റിയ വിവരംകൂടി പുറത്തുവന്നതോടെ യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. അഴിമതി ആരോപണത്തിന് വിധേയരാകാത്തവരായി ആരുമില്ലാത്ത സ്ഥിതിയിലാണ് യുപിഎ മന്ത്രിസഭ. ഇതോടെ എല്ലാ അഴിമതികളെയും ന്യായീകരിക്കുകയെന്ന പ്രതിരോധം മാത്രമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ലാത്ത അവസ്ഥ. 2ജി, കല്‍ക്കരി കുംഭകോണങ്ങളില്‍ യഥാക്രമം 1.76 ലക്ഷം കോടി, 1.86 ലക്ഷം കോടി എന്നിങ്ങനെയാണ് രാജ്യത്തിന് നഷ്ടമായത്. 750 കോടി രൂപ നഷ്ടപ്പെടുത്തിയ ടട്രാ ട്രക്ക് ഇടപാട്, കാല്‍ ലക്ഷം കോടിയുടെ കോമണ്‍വെല്‍ത്ത് അഴിമതി, 3600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി തുടങ്ങി ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ നടത്തിയ അഴിമതിയുടെ അളവ് അഞ്ചര ലക്ഷം കോടിയില്‍പ്പരം രൂപ വരും.

ഇതില്‍ ഏറ്റവും വലിയ അഴിമതിയില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രി തന്നെ തല്‍സ്ഥാനത്ത് തുടരുന്നത് മറ്റ് മന്ത്രിമാര്‍ക്ക് നിര്‍ഭയം അഴിമതി നടത്താന്‍ പ്രചോദനമാകുന്നു. മന്ത്രിമാര്‍ നേരിട്ട് കോഴ വാങ്ങാറില്ല. ഇടനിലക്കാര്‍ വേണ്ടത് ചെയ്യും. നേട്ടം മന്ത്രിക്കും പരിവാരങ്ങള്‍ക്കും തന്നെ. മന്ത്രിമാര്‍ കോണ്‍ഗ്രസുകാരാണെങ്കില്‍ അഴിമതിയുടെ പേരില്‍ രാജിവയ്ക്കേണ്ടതില്ല എന്നതാണ് രീതി. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ഏത് ഏജന്‍സിയിലും കടന്നുകയറി അട്ടിമറിപ്പണി നടത്തി അഴിമതിക്കാരെ രക്ഷിക്കാന്‍ യുപിഎ സര്‍ക്കാരിലും കോണ്‍ഗ്രസിലും സ്ഥിരം സംവിധാനമുണ്ട്.

2ജി കേസില്‍ ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടതുകൊണ്ടുമാത്രം പ്രതികളില്‍ ചിലരെങ്കിലും നിയമത്തിനു മുന്നിലെത്തി. 2ജി അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പ്രവര്‍ത്തനം തരംതാണ രീതിയില്‍ അട്ടിമറിക്കാന്‍ ചെയര്‍മാന് എല്ലാ പിന്തുണയും നല്‍കുന്നത് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും. കല്‍ക്കരി കുംഭകോണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം അട്ടിമറിക്കാനും കേന്ദ്രസര്‍ക്കാര്‍ നഗ്നമായി ഇടപെട്ടു. എന്നാല്‍ അഴിമതിക്കാരായ മന്ത്രിമാരെ രക്ഷിക്കാനുള്ള സംവിധാനമാക്കി സിബിഐയെ മാറ്റുന്നതിനെതിരെ ശക്തമായ പ്രതികരണമാണ് സുപ്രീംകോടതി നടത്തിയത്. കല്‍ക്കരിക്കേസില്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സിബിഐ പുതിയ സത്യവാങ്മൂലം നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകും. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലും വികസനപ്രവര്‍ത്തനങ്ങളുടെയും പ്രതിരോധ ഇടപാടുകളുടെയും മറവില്‍ വന്‍ തുക കൊള്ളയടിക്കുന്നതിലും റെക്കോഡിട്ട യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ നിയമനങ്ങളിലും കോഴ വാങ്ങുന്നതായി വ്യക്തമായിരിക്കുന്നു. രണ്ട് കോടി നല്‍കി റെയില്‍വേ ബോര്‍ഡില്‍ ആഗ്രഹിച്ച സ്ഥാനം നേടിയാല്‍ അവിടെയിരുന്ന് വന്‍ ഇടപാടുകള്‍ നടത്തി കോടികള്‍ കൊള്ളയടിക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ തന്നെ ചെയ്തുകൊടുക്കും.

deshabhimani 050513

No comments:

Post a Comment