Saturday, May 4, 2013

രാജിവെക്കാന്‍ തയ്യാറെന്ന് ബന്‍സല്‍


അനന്തരവന്‍ റയില്‍വേ ബോര്‍ഡംഗത്തിന്റെ കയ്യില്‍ നിന്നും കോഴ വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബന്‍സല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ബെന്‍സലിന്റെ രാജിക്കാര്യം സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് കോര്‍കമ്മറ്റിയില്‍ തീരുമാനിക്കുമെന്നാണ് പാര്‍ട്ടി നിലപാട്. ബന്‍സല്‍ രാജിവെക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ബന്‍സലിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ശക്തമായ അന്വേഷണം ആവശ്യമാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.

റെയയില്‍വെ ബോര്‍ഡംഗം മഹേഷ്കുമാറിന്റെ കൈയില്‍നിന്ന് 90 ലക്ഷം രൂപ കോഴ വാങ്ങിയതിന് ബന്‍സലിന്റെ അനന്തരവനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ബന്‍സലിനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ചോദിക്കുകയും ചെയ്തു. വിവിധ കോണുകളില്‍ നിന്ന് ബന്‍സലിന്റെ രാജി ആവശ്യമുയര്‍ന്നതോടെയാണ് രാജിവെക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചത്. അഴിമതിയില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന വിശദീകരണവുമായി ബന്‍സല്‍ ശനിയാഴ്ച രാവിലെ തന്നെ രംഗത്തെത്തിയിരുന്നു. അനന്തരവനെ അറസ്റ്റ് ചെയ്ത സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഔദ്യോഗിക കൃത്യവിലോപം നടത്തിയിട്ടില്ലെന്നും ബന്‍സല്‍ അവകാശപ്പെട്ടു.

അതേസമയം കോഴക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. പണം എത്തിച്ചുകൊടുത്ത രണ്ടുപേരാണ് ശനിയാഴ്ച പിടിയിലായത്. പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവനായ വിജയ് സിംഗ്ലയെ വെള്ളിയാഴ്ച മുംബൈയില്‍ വെച്ചാണ് സിബിഐ അറസ്റ്റ് ചെയ്തത്. സിംഗ്ലയ്ക്ക് നല്‍കാന്‍ പണവുമായി എത്തിയ മഹേഷ്കുമാറിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് സിംഗ്ല കൈക്കൂലി ആവശ്യപ്പെട്ട കാര്യം പുറത്താകുന്നത്. വ്യാഴാഴ്ചയാണ് മഹേഷ്കുമാര്‍ റെയില്‍വേ ബോര്‍ഡംഗമായി ചുമതലയേറ്റത്.

deshabhimani

No comments:

Post a Comment