Thursday, May 9, 2013

ബിജെപി തകര്‍ന്നു


ബിജെപി സര്‍ക്കാരിന്റെ അഴിമതിക്ക് കര്‍ണാടകത്തിലെ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. 223ല്‍ 121 സീറ്റ്കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിയും എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്കുലറും 40 സീറ്റുവീതം നേടി രണ്ടാംസ്ഥാനം പങ്കിട്ടു.

2008 ലെ തെരഞ്ഞെടുപ്പില്‍ 110 സീറ്റ്നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും പിന്നീട് സ്വതന്ത്രരെ വിലയ്ക്കെടുത്ത് അധികാരമേറുകയും ചെയ്ത ബിജെപിക്ക് ഇക്കുറി നഷ്ടമായത് 70 സീറ്റ്. കഴിഞ്ഞതവണ 80 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് 40 സീറ്റ് അധികം കിട്ടി. കഴിഞ്ഞതവണ 28 സീറ്റ് മാത്രമുണ്ടായിരുന്ന ജനതാദള്‍ സെക്കുലര്‍ 12 സീറ്റു കൂടുതല്‍ നേടി. ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കെജെപിക്ക് ആറ് സീറ്റേ ലഭിച്ചുള്ളു. ബിഎസ്ആര്‍ കോണ്‍ഗ്രസ് നാല് സീറ്റ് നേടി. സമാജ്വാദിപാര്‍ടി ഒരു സീറ്റു നേടിയപ്പോള്‍ പന്ത്രണ്ടിടത്ത് സ്വതന്ത്രര്‍ വിജയിച്ചു. ഇവരില്‍ ചിലര്‍ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും വിമതരാണ്. കര്‍ണാടകത്തെ അഴിമതിയില്‍ മുക്കിയ ബിജെപിക്ക് ഒരു ജില്ലയിലും മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. തീരമേഖലയുള്‍പ്പെടെ ബിജെപി ശക്തികേന്ദ്രങ്ങളിലെല്ലാം കോണ്‍ഗ്രസ് നേട്ടം കൈവരിച്ചു. ദക്ഷിണ കര്‍ണാടകത്തില്‍ ജനതാദള്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ബംഗളൂരു ജില്ലയില്‍ 2008ല്‍ 17 സീറ്റ് നേടിയ ബിജെപിക്ക് ഇക്കുറി 12 സീറ്റ് മാത്രം. ബിജെപിക്ക് കഴിഞ്ഞതവണ വന്‍വിജയം സമ്മാനിച്ച ബെല്ലാരി ജില്ല ഇത്തവണ അവരെ പൂര്‍ണമായും കൈയൊഴിഞ്ഞു. ഉപമുഖ്യമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ എസ് ഈശ്വരപ്പ ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയിലെ 12 മന്ത്രിമാരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ആഭ്യന്തരമന്ത്രി ആര്‍ അശോക്, പ്രതിപക്ഷനേതാവ് സിദ്ദരാമയ്യ, മുന്‍മുഖ്യമന്ത്രി കുമാരസ്വാമി, കെജെപി നേതാവ് ബി എസ് യെദ്യൂരപ്പ എന്നിവരാണ് വിജയിച്ചവരില്‍ പ്രമുഖര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വര്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം, ജനതാദള്‍ നേതാവ് അനിതാകുമാരസ്വാമി എന്നിവരാണ് പരാജയപ്പെട്ട പ്രമുഖര്‍.

മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഹുബ്ലി-ദാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് 18,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ 30,000 ത്തിലേറെ വോട്ടിന് വിജയിച്ചു. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍നിന്ന് 24,425വോട്ടിനാണ് വിജയിച്ചത്. രാമനഗര മണ്ഡലത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി 25,404 വോട്ടിനും വിജയിച്ചു. കോണ്‍ഗ്രസിനുവേണ്ടി ശാന്തിനഗര്‍, സര്‍വജ്ഞനഗര്‍, മംഗളൂരു മണ്ഡലങ്ങളില്‍ മത്സരിച്ച മലയാളികളായ എന്‍ എ ഹാരിസ്, കെ ജെ ജോര്‍ജ്, യു ടി ഖാദര്‍ എന്നിവരും ജയിച്ചു.
(വികാസ് കാളിയത്ത്)

deshabhimani 090513

No comments:

Post a Comment