Saturday, May 11, 2013
സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി
ബംഗളൂരു: കര്‍ണാടകത്തില്‍ കെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കത്തിനൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രനേതാക്കള്‍ നിര്‍ബന്ധിതരായത്. തിങ്കളാഴ്ച പകല്‍ 11.15ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മൈസൂരു ജില്ലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ (64) തെരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യമന്ത്രിപദത്തെച്ചൊല്ലി നിയമസഭാ കക്ഷിയോഗത്തില്‍ നേതാക്കളും എംഎല്‍എമാരും ചേരിതിരിഞ്ഞു. തുടര്‍ന്ന് രഹസ്യ വോട്ടെടുപ്പ് നടത്തിയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. രഹസ്യവോട്ടെടുപ്പില്‍ 78 എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണച്ചു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം പ്രതിരോധമന്ത്രി എ കെ ആന്റണി, എഐസിസി ജനറല്‍സെക്രട്ടറി മധുസൂദന്‍ മിസ്ത്രി, ലുസിഞ്ഞോ ഫെലിറോ, കേന്ദ്രമന്ത്രി ജിതേന്ദ്രസിംങ് എന്നിവര്‍ എംഎല്‍എമാരുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയശേഷമാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. പ്രശ്നപരിഹാരമെന്ന നിലയില്‍ ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും നിയമസഭതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പിസിസി പ്രസിഡന്റ് ഡോ. ജി പരമേശ്വരയെ ആഭ്യന്തരമന്ത്രിയാക്കാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന സമയത്തുതന്നെ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് കൂടുതല്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ സിദ്ധരാമയ്യ ശ്രമം ആരംഭിച്ചിരുന്നു. സിദ്ധരാമയ്യക്കെതിരെ ഒരു വിഭാഗം കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കണമെന്നുംഇവര് ആവശ്യപ്പെട്ടു. ഇതിനൊപ്പം വീരപ്പമൊയ്ലിയുടെ പേരും ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് രഹസ്യവോട്ടെടുപ്പ് നടത്തിയത്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു സിദ്ധരാമയ്യ.
deshabhimani 110513
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment