Saturday, May 11, 2013
ദീര്‍ഘദൂര റൂട്ടില്‍ സമാന്തര സര്‍വീസുകാര്‍ ലക്ഷങ്ങള്‍ കൊയ്യുന്നു
കെഎസ്ആര്‍ടിസിക്ക് ഭീഷണിയായി, ദീര്‍ഘദൂര സമാന്തര സര്‍വീസുകള്‍ പെരുകി. കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് എടുത്ത വാഹനങ്ങളാണ് നിയമവിരുദ്ധമായി പ്രതിദിന സര്‍വീസായി ദീര്‍ഘദൂര റൂട്ടുകളില്‍ ഓടുന്നത്. ഇതുമൂലം വന്‍ വരുമാനനഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടാകുന്നത്. വിവാഹം, വിനോദയാത്ര തുടങ്ങിയവയ്ക്ക് മുന്‍കൂട്ടി ബുക്ചെയ്ത് ആളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങളാണ് കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്നത്. കോണ്‍ട്രാക്ട് കാര്യേജ് ആയി രജിസ്റ്റര്‍ചെയ്ത് അനുമതി നേടുന്നതിന് ചെലവു കുറവാണ്. ദിനംപ്രതിയുള്ള യാത്രയ്ക്ക് ആളുകളെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് കയറ്റിക്കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്ക് (സ്റ്റേജ് കാര്യറുകള്‍) ചെലവുകൂടും. ഇത് ഒഴിവാക്കാനാണ് കോണ്‍ട്രാക്ട് കാര്യേജ് രജിസ്ട്രേഷനുള്ള ബസുകള്‍ സ്റ്റേജ് കാര്യറുകളായി സര്‍വീസ് നടത്തുന്നത്. അന്യസംസ്ഥാനങ്ങളിലേക്കും മലബാര്‍ മേഖലയിലേക്കും രാത്രിയില്‍ സര്‍വീസ് നടത്തുന്ന ആഡംബര ബസുകളില്‍ പലതും ഇങ്ങനെ അനുമതിപത്രത്തില്‍ തിരിമറി കാണിച്ചാണ് സര്‍വീസ് നടത്തുന്നത്. പൊലീസും മോട്ടോര്‍വാഹന വകുപ്പ് അധികൃതരും ഇതിന് ഒത്താശ ചെയ്യുകയാണെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് സമാന്തര സര്‍വീസുകള്‍ ഏറെയും ഭീഷണിയാകുന്നത്. കെഎസ്ആര്‍ടിസിക്ക് ആകെയുള്ള ബസുകളില്‍ 30 ശതമാനമാണ് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്. അതേസമയം കെഎസ്ആര്‍ടിസി വരുമാനത്തിന്റെ 70 ശതമാനവും ദീര്‍ഘദൂര സര്വീസുകളില്നിന്നാണ്്. ഹ്രസ്വദൂര സര്‍വീസുകള്‍ക്ക് ചെലവ് കൂടുതലാണ്. ഇതുമൂലം ലാഭവും കുറയും. സമാന്തര സര്‍വീസ് തടയാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിനായി പൊലീസ്, ആര്‍ടി ഓഫീസ് അധികൃതര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക വാഹനത്തില്‍ ചെക്പോയിന്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി എത്ര ആഡംബര ബസുകള്‍ നിരത്തിലിറക്കിയാലും നഷ്ടമുണ്ടാവില്ല. എന്നാല്‍ കോര്പറേഷന് ഇത് ശ്രദ്ധിക്കുന്നില്ല. കെഎസ്ആര്‍ടിസിയുടെ അലംഭാവം മുതലെടുക്കുന്നത് സമാന്തര സര്‍വീസുകാരും അന്യസംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളുമാണ്. മള്‍ട്ടി ആക്സില്‍ വോള്‍വോ ഉള്‍പ്പെടെയുള്ള ആധുനിക ആഡംബര ബസുകള്‍ നിരത്തിലിറക്കി അവര്‍ കേരളത്തില്‍നിന്ന് കോടികളാണ് കൊയ്യുന്നത്. എന്നാല്‍ ഇവിടെ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസുകള്‍പോലും കട്ടപ്പുറത്താണ്. ടയര്‍ കിട്ടാനില്ലെന്ന കാരണത്താല്‍ 10 ബസുകളാണ് എറണാകുളം ഡിപ്പോയില്‍ മാത്രം സര്‍വീസ് നടത്താനാവാതെ കിടക്കുന്നത്
(അഞ്ജുനാഥ്)
deshabhimani 110513
Labels:
പൊതുഗതാഗതം,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment