Saturday, May 11, 2013

പണത്തിന്റെ വഴിയില്‍ പാളംതെറ്റി


പാര്‍ടിയിലെ ഉന്നതരുമായി സൗഹൃദം. കഴിവുകേട് മറയ്ക്കുന്നതിന് ലാളിത്യത്തിന്റെ മുഖംമൂടി. ചുമതല വഹിച്ച വകുപ്പുകള്‍ ഭരിച്ചു നശിപ്പിച്ചുവെന്ന ദുഷ്പേര്. വളഞ്ഞ വഴിയില്‍ സമ്പത്ത് കുന്നുകൂട്ടിയിട്ടും ആര്‍ത്തി തീരാത്ത കോണ്‍ഗ്രസുകാരന്‍. ഒടുവില്‍ കൈക്കൂലിക്കേസില്‍ അനിവാര്യ പതനവും. പവന്‍കുമാര്‍ ബന്‍സല്‍ എന്ന പഞ്ചാബിയുടെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം ഇങ്ങനെ ചുരുക്കിപ്പറയാം. ബന്‍സലിന്റെ വിപുലമായ ഇടപാടുകളുടെ നടത്തിപ്പുകാരനായ അനന്തരവന്‍ വിജയ് സിംഗ്ല 90 ലക്ഷം കൈക്കൂലി വാങ്ങിയതാണ് രാജിയിലെത്തിച്ചത്. ഇനിയും സംരക്ഷിക്കുന്നത് പന്തിയല്ലെന്ന ഘട്ടത്തില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസും കൈവിട്ടു.

പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ ഇന്ദിര ഗാന്ധിയുടെ വിശ്വാസത്തിന് പാത്രമായ പവന്‍കുമാര്‍ ബന്‍സല്‍ രാജീവ്ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും തോഴനായി. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്തരുടെ സംഘാംഗമായി. പാര്‍ലമെന്ററികാര്യ മന്ത്രിയായിരിക്കെ കഴിവുകേട് തെളിയിച്ച ബന്‍സലിനെ മാറ്റിയെങ്കിലും മന്‍മോഹന്‍ കൈവിട്ടില്ല; റെയില്‍ വകുപ്പു നല്‍കി. പഞ്ചാബില്‍ സംഗ്രുര്‍ ജില്ലയിലെ സുനാം ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ 1948ല്‍ ജനിച്ച ബന്‍സല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി-യുവജന സംഘടനകളിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചു. ഇതിനിടെ നിയമപഠനം പൂര്‍ത്തിയാക്കി. ഇന്ദിര ഗാന്ധിയുമായുള്ള അടുപ്പം ബന്‍സലിനെ 1984 ഏപ്രിലില്‍ രാജ്യസഭയിലെത്തിച്ചു. ആ വര്‍ഷം ഒക്ടോബറില്‍ ഇന്ദിര ഗാന്ധി കൊല്ലപ്പെടുകയും രാജീവ്ഗാന്ധി പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ രാജീവുമായി സൗഹൃദം തുടങ്ങി. രാജീവിന്റെ മരണശേഷം പ്രധാനമന്ത്രിയായ നരസിംഹറാവുവിനെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 1999ല്‍ ലോക്സഭയിലെത്തി.

2004ല്‍ ഒന്നാം യുപിഎ മന്ത്രിസഭയില്‍ ബന്‍സല്‍ മന്ത്രിയായി. 2006ല്‍ ധന സഹമന്ത്രി. 2008ല്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രി. 2009ല്‍ ജലവിഭവ മന്ത്രാലയത്തിന്റെ ചുമതല. 2009ല്‍ രണ്ടാം യുപിഎ മന്ത്രിസഭയില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ പൂര്‍ണ ചുമതലയുള്ള മന്ത്രിയായെങ്കിലും സുഗമമായ സഭാനടത്തിപ്പിലും പ്രതിപക്ഷവുമായുള്ള ഏകോപനത്തിലും പരാജയപ്പെട്ടതോടെ ആ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതല നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടതോടെ 2012 ഒക്ടോബറില്‍ റെയില്‍ മന്ത്രിയായി. മന്ത്രിയായ ഉടന്‍ റെയില്‍വേ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചു. ചണ്ഡീഗഢിലും പരിസരത്തുമുള്ള വിപുലമായ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ അധിപനാണ് ബന്‍സല്‍.

deshabhimaini 110513

No comments:

Post a Comment