Monday, May 6, 2013

ഗിന്നസ് ബുക്കില്‍ ഇടം നേടി; അഴിമതിയിലും മുമ്പന്‍


കഴിവുതെളിയിച്ച ഉദ്യോഗസ്ഥനായിരിക്കെത്തന്നെ അഴിമതിക്കാരെ രക്ഷിക്കുന്നതിലും മുമ്പനായിരുന്നു റെയില്‍വെ മന്ത്രിയുടെ അനന്തരവന് കോഴ കൊടുത്തതിന് റെയില്‍വെ ബോഡില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മഹേഷ്കുമാര്‍. ഇന്ത്യന്‍ റെയില്‍വെയെ സാങ്കേതികമായി ഉയര്‍ത്തി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ ഇയാള്‍ പശ്ചിമ റെയില്‍വേ ആസ്ഥാനമായ മുംബൈയില്‍ റെയില്‍വേ വിജിലന്‍സ് മേധാവിയായിരിക്കെ നിരവധി അഴിമതിക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് മുംബൈയിലെ സാമൂഹ്യപ്രവര്‍ത്തകനായ സമീര്‍ സാവരി പറഞ്ഞു. ഇതുസംബന്ധിച്ച് നിരവധി പരാതി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സമീര്‍ അയച്ചിട്ടുണ്ട്.

1975ല്‍ റൂര്‍ക്കി സര്‍വകലാശാലയില്‍ നിന്ന് (ഇപ്പോഴത്തെ റൂര്‍ക്കി ഐഐടി) എന്‍ജിനിയറിങ് ബിരുദം നേടിയ മഹേഷ്കുമാര്‍ അതേവര്‍ഷം തന്നെ ഇന്ത്യന്‍ റെയില്‍വേ സര്‍വീസില്‍ ചേര്‍ന്നു. റെയില്‍വേ സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 36 മണിക്കൂര്‍ കൊണ്ട് ഏറ്റവും വലിയ "റൂട്ട് റിലേ ഇന്റര്‍ലോക്കിങ്" സംവിധാനത്തിന്റെ നിര്‍മാണം ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ പൂര്‍ത്തിയാക്കി ഗിന്നസ് ബുക്കില്‍ ഇടംനേടി. മൂടല്‍മഞ്ഞിലും സുഗമമായി ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതികസംവിധാനം വികസിപ്പിക്കല്‍, ഉപഗ്രഹം വഴി റിസര്‍വേഷന്‍ സംവിധാനത്തെ ബന്ധിപ്പിക്കല്‍, 139 എന്ന നമ്പര്‍ ഉപയോഗിച്ചുള്ള റെയില്‍വേ കോള്‍ സെന്റര്‍ തുടങ്ങി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന നിരവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നേതൃത്വം നല്‍കിയിട്ടുണ്ട് മഹേഷ്കുമാര്‍.

സിംഗ്ലയുടെ ഉയര്‍ച്ച ബന്‍സലിന്റെ ചിറകില്‍

ന്യൂഡല്‍ഹി: ബിസിനസില്‍ പരാജയപ്പെട്ട സാധാരണക്കാരന്‍ എന്ന നിലയില്‍നിന്ന് ചണ്ഡീഗഢിലെ ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള ബിസിനസുകാരനായി വിജയ് സിംഗ്ല മാറിയത് കുറഞ്ഞ കാലംകൊണ്ട്. രാജീവ്ഗാന്ധിയുമായും പിന്നീട് സോണിയ ഗാന്ധിയുമായുള്ള അടുപ്പംകൊണ്ട് അമ്മാമന്‍ പവന്‍കുമാര്‍ ബന്‍സല്‍ ഡല്‍ഹിയിലും ചണ്ഡീഗഢിലും സ്വാധീനമുള്ള രാഷ്ട്രീയനേതാവായി മാറിയതാണ് സിംഗ്ലയുടെയും ഉയര്‍ച്ചക്ക് സഹായകമായത്. ബിസിനസില്‍ വന്‍ തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് എണ്‍പതുകളുടെ അവസാനത്തിലാണ് ഭട്ടിന്‍ഡയില്‍ നിന്ന് ചണ്ഡീഗഢിനടുത്ത പഞ്ച്കുലയിലെ വാടകവീട്ടിലേക്ക് സിംഗ്ല മാതാപിതാക്കള്‍ക്കൊപ്പം താമസം മാറ്റിയത്. തുടര്‍ന്ന് "ജഗന്‍ ട്യൂബ്സ്" എന്ന കമ്പനിയുണ്ടാക്കി. ദേരാ ബസ്സിയിലെ വ്യവസായികളുടെ അസോസിയേഷന്‍ പ്രസിഡന്റായി സിംഗ്ല ക്രമേണ ഉയര്‍ന്നു. 1991ല്‍ ബന്‍സല്‍ ചണ്ഡീഗഢില്‍നിന്ന് ലോക്സഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് സിംഗ്ലയാണ്. തെരഞ്ഞെടുപ്പില്‍ ബന്‍സല്‍ വിജയിച്ചതോടെ ചണ്ഡീഗഢിലെ ഭരണത്തലപ്പത്ത് സിംഗ്ല സ്വാധീനമുറപ്പിക്കാന്‍ തുടങ്ങി.

പഞ്ചാബിന്റെയും ഹരിയാനയുടെയും ഭരണകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ചണ്ഡീഗഢില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും പൊലീസിലും ഏറ്റവും സ്വാധീനശക്തിയുള്ള ആളായി സിംഗ്ലക്ക് മാറാന്‍ കഴിഞ്ഞത് ബന്‍സലിന്റെ തണലുള്ളതുകൊണ്ടുതന്നെ. 1996ലെ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 1999, 2004, 2009 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ചണ്ഡീഗഢില്‍ നിന്ന് ബന്‍സല്‍ തന്നെ ലോക്സഭയിലെത്തി. 2006ല്‍ കേന്ദ്ര ധനസഹമന്ത്രിയായി ബന്‍സല്‍ നിയമിതനായതോടെ സിംഗ്ല സ്വാധീനം ശക്തമാക്കി. വാടകവീട്ടില്‍നിന്ന് ചണ്ഡീഗഢിലെ സെക്ടര്‍ 28ലെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ബന്‍സലിന്റെ വീടും ഇതേ പ്രദേശത്താണ്. സെക്ടര്‍ 28ലെ പകുതിയോളം സ്ഥലം ഇപ്പോള്‍ സിംഗ്ലയുടേതാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പിടിമുറുക്കി ചണ്ഡീഗഢിലും പരിസരങ്ങളിലുള്ള നൂറുകണക്കിനേക്കര്‍ സ്ഥലം ഇയാള്‍ സ്വന്തമാക്കി. ദേര ബസ്സിയിലെ സൈബ്പുര ഗ്രാമത്തില്‍ മാത്രം 100 ഏക്കര്‍ ഭൂമി. സിരക്പൂരിലെ നഗ്ഗ ഗ്രാമത്തില്‍ 84 ഏക്കര്‍. ഇവിടങ്ങളിലെല്ലാം വന്‍കിട അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മാണമാണ് നടക്കുന്നത്. ചണ്ഡീഗഢ് നഗരത്തില്‍ നിരവധി വ്യാപാരസ്ഥാപനങ്ങളും ഇയാള്‍ക്ക് സ്വന്തമായുണ്ട്. ബന്‍സലിന്റെ നിരവധി സാമ്പത്തിക ഇടപാടുകള്‍ സിംഗ്ല മുഖേനയാണ് നടക്കുന്നത്. 2011ല്‍ സ്വന്തം സ്ഥാപനത്തിലെ തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ നിന്ന് സമര്‍ഥമായി സിംഗ്ല തടിയൂരുകയും ചെയ്തു.

റെയില്‍വെ ബോര്‍ഡ് അഴിമതി; ഒരാള്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: റെയില്‍വെ ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുനില്‍ ദഗ്ഗയാണ് ഏറ്റവുമൊടുവില്‍ അറസ്റ്റിലായത്. ഇയാളുടെ പേര് എഫ്ഐആറില്‍ സിബിഐ പരാമര്‍ശിച്ചിരുന്നു. ഞായറാഴ്ച രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്ലയും ബോര്‍ഡ് അംഗം മഹേഷ്കുമാറുമാണ് കേസിലെ മുഖ്യ പ്രതികള്‍. അജയ് ഗാര്‍ഗ് എന്ന ഇടനിലക്കാരനെ കൂടി സിബിഐ അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ മൂന്നു ഇടനിലക്കാരെ മേയ് ഏഴു വരെ ഡല്‍ഹി കോടതി റിമാന്‍ഡ് ചെയ്തു.

deshabhimani 060513

No comments:

Post a Comment