കലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാം സ്ഥാനം നിലനിര്‍ത്തിയത് മുസ്ലിംലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും കാലുപിടിച്ച്. സര്‍വകലാശാലയില്‍ സുപ്രധാന തസ്തികകളില്‍ സ്ഥാനം ഉറപ്പിച്ച് ലീഗും കച്ചവടത്തില്‍ നേട്ടമുണ്ടാക്കി. സര്‍വകലാശാലയില്‍ ഇതുവരെ ഉണ്ടാകാത്ത കൂട്ടുകച്ചവടത്തിനാണ് വിസിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട അധികാരതര്‍ക്കം വഴിവച്ചത്.
സര്‍വകലാശാലയില്‍ അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക് സംഘടനാ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവിറക്കിയ വൈസ്ചാന്‍സലര്‍ സ്വന്തം ഇരിപ്പിടം ഉറപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കളുടെ വീടുകയറിയിറങ്ങിയ കാഴ്ചക്കും വിവാദം വഴിയൊരുക്കി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്ബ് എന്നിവരുടെ വസതികളില്‍ നേരിട്ടെത്തിയാണ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് വിസി അബ്ദുള്‍സലാം അഭ്യര്‍ഥിച്ചത്. ഇ അഹമ്മദ്, ഇ ടി മുഹമ്മദ്ബഷീര്‍, കെ പി എ മജീദ് എന്നീ ലീഗ് നേതാക്കളുമായും നിരന്തരം ബന്ധപ്പെട്ടു. പ്രാദേശിക ലീഗ് നേതാക്കളില്‍ ഒരുവിഭാഗത്തിന്റെ സഹായവും തേടി. സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു വിസിയുടെ ഇത്തരമൊരു നീക്കം.
സംഘടനാ പ്രവര്‍ത്തനം നിരോധിച്ച വിസിക്കെതിരെ സര്‍വകലാശാലയിലെ ലീഗ് അനുകൂല സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പ്രക്ഷോഭം സംഘടിപ്പിക്കുമ്പോഴാണ് വിസിയും നേതാക്കളും ഒത്തുതീര്‍പ്പ് കച്ചവടം നടത്തിയതെന്നും ശ്രദ്ധേയമാണ്. വിസിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ചുനില്‍ക്കെ മുസ്ലിംലീഗിന്റെ നിലപാട്മാറ്റം സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും യുഡിഎഫ് സര്‍വീസ് സംഘടനകള്‍ക്കും തിരിച്ചടിയായി. സര്‍വകലാശാലയില്‍ ഒഴിവുവരുന്ന ഉന്നത തസ്തികകളും നിയമനങ്ങളും ലക്ഷ്യമിട്ടാണ് ലീഗ് വിസിക്കെതിരെ പടയൊരുക്കം നടത്തിയതെന്ന ആരോപണം തുടക്കം മുതലുണ്ട്. ഇത് ശരിവയ്ക്കുന്ന നീക്കങ്ങളാണ് അവരുടെ ഭാഗത്തുനിന്നും പിന്നീട് ഉണ്ടായത്. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, അക്കാദമിക് കോളേജ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പാര്‍ടി നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ലീഗ് ആവശ്യം. ഇത് വിസി അംഗീകരിച്ചതോടെയാണ് മുന്‍നിലപാടില്‍നിന്ന് ലീഗ് പിന്നോക്കം പോയത്. മുമ്പ് വിസി സ്ഥാനത്തേക്ക് പരിഗണിച്ച മുസ്ലിംലീഗ് നേതാവിന്റെ ബന്ധുവിനെ രജിസ്ട്രാറാക്കാനാണ് ലീഗ് നീക്കം. രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതല കൈമാറുന്നതുസംബന്ധിച്ചും സമവായമായതായാണ് സൂചന. നിലവിലെ രജിസ്ട്രാര്‍ ഡോ. എം വി ജോസഫിന് താല്‍ക്കാലിക ചുമതല കൈമാറുന്നതില്‍ ലീഗിന് താല്‍പ്പര്യമില്ല. അതിനാല്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് ചുമതല കൈമാറണമെന്നാണ് ലീഗ് ആവശ്യം. പരീക്ഷാ കണ്‍ട്രോളര്‍ തസ്തികയിലും ലീഗിന് കണ്ണുണ്ട്. നിലവില്‍ വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഏലിയാസ് മുസ്തഫയ്ക്കാണ് അക്കാദമിക് കോളേജ് ഡയറക്ടറുടെ ചുമതല.
deshabhimani
No comments:
Post a Comment