Saturday, May 11, 2013
ഗതികെട്ട് രാജി
കല്‍ക്കരിപാടം കുംഭകോണക്കേസില്‍ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ സിബിഐ അന്വേഷണറിപ്പോര്‍ട്ട് തിരുത്തിയ നിയമമന്ത്രി അശ്വനികുമാറും നിയമനകോഴയില്‍ കുടുങ്ങിയ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലും രാജിവച്ചു. ബന്‍സല്‍ വൈകിട്ട് ആറുമണിയോടെയും അശ്വനികുമാര്‍ രാത്രി ഒമ്പതുമണിക്കുമാണ് രാജിവച്ചത്. ഇരുവരെയും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അവസാനനിമിഷംവരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോഴാണ് ഗത്യന്തരമില്ലാതെ രാജി. സിബിഐ റിപ്പോര്‍ട്ട് തിരുത്തി പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അശ്വനികുമാറിന്റെ രാജി. റെയില്‍വേ ബോര്‍ഡ്(ഇലക്ട്രിക്കല്‍) അംഗമായി നിയമിക്കാന്‍ മഹേഷ്കുമാറില്‍നിന്ന് ബന്‍സലിന്റെ അനന്തരവന്‍ വിജയ്സിംഗ്ല 90 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവമാണ് ബന്‍സലിന്റെ രാജിയിലേക്ക് നയിച്ചത്.
1.86 ലക്ഷം കോടി നഷ്ടമുണ്ടാക്കിയ കല്‍ക്കരി കുംഭകോണക്കേസില്‍ സിബിഐ അന്വേഷണപുരോഗതിറിപ്പോര്‍ട്ട് തിരുത്താന്‍ നിയമന്ത്രി നിര്‍ദേശിച്ചതിനെയും പ്രധാനമന്ത്രി കാര്യാലയത്തിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥാര്‍ ഇതിനായി ഇടപെട്ടതിനെയും സുപ്രിംകോടതി ബുധനാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോടതി പരാമര്‍ശം തനിക്കോ പ്രധാനമന്ത്രിക്കോ എതിരല്ലെന്ന നിലപാടായിരുന്നു അശ്വനികുമാറിന്. റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ വിട്ടു നിന്ന വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അശ്വനികുമാര്‍ പങ്കെടുത്തതോടെ രാജിക്ക് തയ്യാറല്ലെന്ന സന്ദേശമാണ് നല്‍കിയത്. എന്നാല്‍, രാജിക്കുള്ള സമ്മര്‍ദം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതിരോധവും ദുര്‍ബലമായത്. റെയില്‍വെ കുഭകോണത്തില്‍ ബന്‍സലിന് പങ്കുണ്ടെന്ന് സിബിഐ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. രാജിക്കായുള്ള കടുത്ത സമ്മര്‍ദം പ്രതിപക്ഷത്തുനിന്നും കോണ്‍ഗ്രസില്‍നിന്നുതന്നെയും ഉയര്‍ന്നപ്പോഴും ബന്‍സലിനെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയായി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ സോണിയ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തി. ബന്‍സലിന്റെ രാജി ആവശ്യപ്പെടണമെന്ന് സോണിയ നിര്‍ദേശിച്ചു. അശ്വനികുമാര്‍ തുടരുന്നതിലും സോണിയ അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രി രാജി ആവശ്യപ്പെട്ടത്. ആരോപണവിധേയരായ രണ്ട് മന്ത്രിമാരും തുടരുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ നേരത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ട് വിഭാഗമായി തിരിയുകയുംചെയ്തു. പ്രധാനമന്ത്രി സ്വന്തം നിലയില്‍ നടപടിയെടുക്കില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സോണിയ ഗാന്ധി ഇടപെട്ടത്.
കോഴക്കേസില്‍ ബന്‍സലിനെതിരെ ശക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. കോഴ നല്‍കിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ മഹേഷ്കുമാര്‍ ഏപ്രില്‍ 17ന് മുംബൈയില്‍ ബന്‍സലിനെ കണ്ടതായുള്ള വിവരം സിബിഐക്ക് ലഭിച്ചു. റെയില്‍വേ മന്ത്രിയുടെ ഡല്‍ഹിയിലുള്ള ഔദ്യോഗികവസതിയില്‍ ഏപ്രില്‍ ഏഴിന് വിജയ്സിംഗ്ലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മഹേഷ്കുമാര്‍ സിബിഐയോട് സമ്മതിച്ചു. പരിശോധിച്ച ആയിരത്തിലധികം ടെലിഫോണ്‍ സംഭാഷണങ്ങളിലൂടെ ബന്‍സലിനും മരുമകനുമെതിരായ ശക്തമായ തെളിവാണ് സിബിഐക്ക് ലഭിച്ചത്. റെയില്‍ ഭവനിലെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുടെയും(ഒഎസ്ഡി) മുറികള്‍ വിജയ് സിംഗ്ല തന്റെ കോഴ ഇടപാടുകള്‍ ഉറപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ദുരുപയോഗംചെയ്തിട്ടുണ്ടെന്ന വിവരവും സിബിഐക്ക് കിട്ടി. തെളിവുകളുടെ അടിസ്ഥാനത്തില്‍ ബന്‍സലിനെ സിബിഐ ചോദ്യംചെയ്തേക്കും. അതിനിടെ ബന്‍സല്‍ രാജിവച്ച ഒഴിവില്‍ കര്‍ണാടകത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവും കേന്ദ്ര തൊഴില്‍മന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് റെയില്‍വേമന്ത്രിപദം നല്‍കിയേക്കും.
(വി ജയിന്‍)
deshabhimani 110513
Subscribe to:
Post Comments (Atom)
No comments:
Post a Comment