Monday, May 13, 2013

പിരിവാഘോഷമില്ലാതെ എന്തുയാത്ര


കെപിസിസി പ്രസിഡന്റിന്റെ വടക്കുതെക്കുയാത്ര വെറുതേയെന്നാരും കരുതേണ്ട. ഭരണ നേതൃത്വം കൈയാളുമ്പോള്‍ വറുതിവരുത്തിവയ്ക്കുന്ന സര്‍ക്കാരിനെതിരെ ഒന്നുംപറയാനാവാത്തതുകൊണ്ടാണ് സമൃദ്ധകേരളമെന്ന ബദല്‍ മുദ്രാവാക്യവുമായി യാത്ര നടത്തുന്നത്. സമൃദ്ധകേരളമെന്നത് പിരിവുസമൃദ്ധമെന്നര്‍ഥം. അണികളെ ഉത്തേജിപ്പിക്കലിനുപരി അങ്ങോളമിങ്ങോളമുള്ള നേതാക്കളെ പിരിവിനാല്‍ സമ്പന്നവും സമൃദ്ധവുമാക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. വായില്‍ പത്തില്ലെങ്കില്‍ കൈയില്‍ പത്തുവേണമെന്നുള്ളത് ഏത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്.

രാജാവിന്റെ എഴുന്നള്ളത്തിനെ അനുസ്മരിപ്പിക്കുംവിധം സമാനമായ സംഭവങ്ങളാണ് യാത്രയില്‍ ദൃശ്യമായത്. മുഖംകാണിക്കുന്ന കേന്ദ്രങ്ങളില്‍നിന്ന് കാണിക്കയും കെട്ടുകാഴ്ചകളും മുഖസ്തുതിയും പാരിതോഷികങ്ങളും കണക്കിന് നല്‍കാന്‍ പ്രാദേശിക തലത്തിലെ കോണ്‍ഗ്രസ് അടിയാള നേതാക്കള്‍ മത്സരിച്ചു. നോട്ടുമാല അണിയിക്കലായിരുന്നു പ്രധാന ചടങ്ങ്. പണസമാഹരണ യാത്രയുമായി സഹകരിക്കാത്തവര്‍ക്ക് കനത്ത താക്കീതുകൂടിയായി യാത്ര. അഴിമതിപ്പണം നയിക്കുന്ന പാര്‍ടിയെ കുറെക്കൂടി സാമ്പത്തികമായി കരുത്താര്‍ജിപ്പിക്കാനാണ് സര്‍വതല പണസമാഹരണം. സ്വീകരണം എന്നുകേട്ടാല്‍ സാധാരണക്കാര്‍ ചിന്തിക്കുന്നത് ഹാരമോ മാലയോ അണിയിക്കലാണ്. ഇത് കാലഹരണപ്പെട്ടതാണെന്നും ഹൈടെക്-കമ്പോള കാലത്ത് സ്വീകരണ മാലയിലെന്തങ്കിലും മൂല്യം വേണമെന്നതും മൂന്നാറിലെ പാവപ്പെട്ട തോട്ടംതൊഴിലാളികള്‍ക്കറിയാതെ പോയതാണ് പൊല്ലാപ്പായത്. ഗാന്ധിമൂല്യമുള്ള നോട്ടില്ലാതെ സാധാരണ മാലയുമായി നേതാവിനെ സ്വീകരിക്കാനടുത്ത തൊഴിലാളികളെ വിലക്കിയോടിച്ചത് ഉചിതമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രമാണിമാര്‍ പറയുന്നത്. മൂക്കിലെ രോമം പോയാല്‍ ഭാരം കുറയുമോ എന്നും മൂത്ത നേതാക്കള്‍ ചോദിച്ചുവത്രെ.

മേലാവില്‍നിന്നുള്ള പിരിവുകുറ്റി തോട്ടിലെറിഞ്ഞ് സ്വന്തം കുറ്റി അടിച്ചിറക്കിയാണ് കട്ടപ്പനയില്‍ പിരിവുരാജാക്കാന്മാരുടെ സമാഹരണം. കേരളയാത്രയെന്നു കേട്ടപ്പോഴെ അരയും തലയും മുറുക്കിയിരുന്ന നേതാക്കള്‍ക്ക് യാത്ര അടുക്കാറായപ്പോള്‍ ഉത്സവ പ്രതീതിയായിരുന്നു. എവിടെ തുടങ്ങണം, എങ്ങനെ പിരിക്കണം എന്നുള്ളത് തുടക്കത്തില്‍ തെല്ല് ആശയക്കുഴപ്പം ഉണ്ടാക്കിയെന്നേയുള്ളൂ. പിരിവിനെക്കുറിച്ച് കട്ടപ്പനയിലെ കോണ്‍ഗ്രസ് നേതാക്കളെ പഠിപ്പിക്കേണ്ടതില്ല. പിരിവ് കണ്ടുപിടിച്ചതുതന്നെ ഇവിടെ നിന്നുമാണെന്നാണ് ചിലര്‍ പറയുന്നത്. മുള്ളിനു മുനചെത്തി കൊടുക്കണോ എന്നാണ് പഴയ നേതാക്കളുടെ ഇക്കാര്യത്തിലെ അഭിപ്രായം. ആശങ്കകള്‍ മുഴച്ചുനിന്നെങ്കിലും രണ്ടും കല്‍പ്പിച്ച് ഹൈറേഞ്ചിന്റെ സാമ്പത്തിക മേഖലയിലേക്ക് തിരിയുകയായിരുന്നു. ഏലം മേഖലയില്‍നിന്നുള്ള സമാഹരണം കീശയിലാക്കി അടുത്ത ലാവണം അന്വേഷിച്ചപ്പോഴാണ് യഥാര്‍ഥ പിരിവുകാരും എത്തിയത്. ഒരുപരിപാടിക്ക് രണ്ടുപിരിവെന്തേ എന്നു സംശയം പ്രകടിപ്പിച്ച കോണ്‍ഗ്രസ് അനുഭാവികളോടും കരുണകാട്ടിയില്ല. എന്തായാലും ചടങ്ങിനാണെങ്കിലും ഒരു പരാതി നേതൃത്വത്തിനു നല്‍കിയിട്ടുണ്ട്. ഒരുമന്തുകാലന്‍ ഇരുകാലിലും മന്തുള്ളവനോട് പരിഭവം പറയുന്നതുപോലെ.

deshabhimani

No comments:

Post a Comment