Monday, May 13, 2013
സ്കൂള്‍ യൂണിഫോമിന് മില്‍ തുണി: ലക്ഷ്യം രണ്ടര കോടിയുടെ കമീഷന്‍
ആസ്ഥാന മന്ദിരവും നുറുകോടിയില്‍പ്പരം രൂപ മതിപ്പുവിലയുള്ള വസ്തുവകകളും നഷ്ടപ്പെടുത്തിയ ഹാന്‍ടെക്സില്‍ കൊടിയ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും തുടരുന്നു. സ്കൂള്‍ യൂണിഫോം തുണിത്തരങ്ങള്‍ ശേഖരിക്കുന്നതില്‍ വന്‍ അഴിമതിക്കുള്ള ചര്‍ച്ച ഹാന്‍ടെക്സ് ഭരണസമിതിയിലെ ഒരു വിഭാഗം തുടങ്ങി. ഇതിന് സ്ഥാപനത്തിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ സഹായവുമുണ്ട്. ആറു കോടിയില്‍പ്പരം രൂപയ്ക്ക് തുണിത്തരങ്ങള്‍ വാങ്ങാനുള്ള രഹസ്യചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ഇതില്‍ രണ്ടര കോടിയോളം രൂപ കമീഷന്‍ ഇനത്തില്‍ ലഭിക്കണമെന്ന ആവശ്യമാണ് ചര്‍ച്ച നടത്തുന്നവര്‍ തുണിമില്‍ ഉടമകള്‍ക്കു മുമ്പാകെ ഉന്നയിച്ചത്. ഇതേ രീതിയില്‍ കമീഷന്‍ ഇടപാടിലൂടെ കഴിഞ്ഞ ജനുവരിയില്‍ സാരി വാങ്ങിയതിലൂടെ 30 ലക്ഷം രൂപയും നഷ്ടപ്പെടുത്തി.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളും ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സ്കൂള്‍ യൂണിഫോം ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന തുകയിലാണ് ഹാന്‍ടെക്സിലെ ഒരു വിഭാഗം കൈയിട്ടുവാരാന്‍ ശ്രമിക്കുന്നത്. 80 ശതമാനം കോട്ടണും 20 ശതമാനം പോളിസ്റ്ററും ചേര്‍ന്ന തുണിത്തരങ്ങള്‍ ശേഖരിച്ച് വിതരണംചെയ്യണമെന്നാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഈ പദ്ധതി ഹാന്‍ടെക്സ് പൂര്‍ണമായും അട്ടിമറിക്കുകയാണ്. തമിഴ്നാട്ടിലെ പവര്‍ലൂമുകളില്‍ നിര്‍മിക്കുന്ന 20 ശതമാനം കോട്ടണും 80 ശതമാനം പോളിസ്റ്ററും അടങ്ങിയ തുണിത്തരങ്ങള്‍ വാങ്ങിക്കൂട്ടി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത് കമീഷന്‍ തട്ടാനാണ് നീക്കം. കമ്പനി ഉടമകളുടെ പ്രതിനിധികളും ചില ഉദ്യേഗാസ്ഥരും ചേര്‍ന്ന് തയ്യാറാക്കിയ ഈ പദ്ധതി അതീവരഹസ്യമായാണ് ഹാന്‍ടെക്സ് ഭരണസമിതിയിലെ ചിലര്‍ക്കുമുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ജനുവരിയില്‍ വാങ്ങിക്കൂട്ടിയ 5,000 പോളിസ്റ്റര്‍ സാരികള്‍ ഹാന്‍ടെക്സിന്റെ തിരുവനന്തപുരത്തെ കേന്ദ്ര ഡിപ്പോയിലും പ്രദര്‍ശന വില്‍പ്പന ശാലകളിലുമായി കെട്ടിക്കിടക്കുന്നു. തമിഴ്നാട്ടിലെ കരൂരിലെ ഒരു പവര്‍ലൂം മില്ലില്‍നിന്ന് 30 ലക്ഷം രൂപ മുടക്കി വാങ്ങിയതാണീ സാരികള്‍. സ്ഥാപനത്തിലെ ചില ഉദ്യേഗസ്ഥരുടെ ബിനാമികളാണ് ഇടപാടിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. വാങ്ങുന്നതിനുമുമ്പ് തുണിത്തരത്തിന്റെ ഗുണമേന്മ സംബന്ധിച്ച സാങ്കേതിക പരിശോധനകളൊന്നും നടത്തിയില്ല. കമീഷന്‍മാത്രമായിരുന്നു മാനദണ്ഡം. സാരിക്ക് വില്‍പ്പന ഇല്ലാതായതോടെ ഹാന്‍ടെക്സ് ജീവനക്കാരില്‍നിന്നുതന്നെ പരാതി ഉയര്‍ന്നു. ഇതോടെ പരിശോധനയ്ക്ക് ഭരണസമിതി നിര്‍ബന്ധിതരായി. തുടര്‍ന്ന് അമ്പത് ശതമാനം സാരി വിറ്റഴിക്കാനും ബാക്കി മില്ലിലേക്ക് തിരിച്ചയക്കാനും നിര്‍ദേശിച്ചു. ഈ നിര്‍ദേശവും നടപ്പായില്ല. ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥരും ഈ തട്ടിപ്പില്‍ പങ്കാളികളാണെന്ന സംശയമുണ്ട്. കോര്‍പറേഷന്‍ വഴിയാണ് തുണിത്തരങ്ങള്‍ വാങ്ങിയതെന്നാണ് ഹാന്‍ടെക്സ് അവകാശപ്പെടുന്നത്. എന്നാല്‍, രണ്ട് വ്യക്തികളില്‍നിന്നുമാത്രമാണ് സാരി വാങ്ങിയതെന്ന് കോര്‍പറേഷന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു. ഇത്രയും തുകയ്ക്കുള്ള ചെക്കുകള്‍ രണ്ടു വ്യക്തികള്‍ക്കുമാത്രമാണ് നല്‍കിയിട്ടുള്ളത്.
(ജി രാജേഷ്കുമാര്‍)
deshabhimani 130513
Labels:
അഴിമതി
Subscribe to:
Post Comments (Atom)
No comments:
Post a Comment