Thursday, May 9, 2013

സര്‍ക്കാരിനെതിരായ അവിശ്വാസപ്രഖ്യാപനം


പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയ്ക്കും എതിരായ അവിശ്വാസപ്രഖ്യാപനമാണ് കല്‍ക്കരിപ്പാട കുംഭകോണക്കേസില്‍ സുപ്രീംകോടതി നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സിബിഐ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കല്‍ക്കരിപ്പാട കുംഭകോണക്കേസിലെ അന്വേഷണം തുടരട്ടെയെന്ന് കോടതി പറഞ്ഞു. പുതിയ സംവിധാനത്തിലല്ലെങ്കില്‍ അന്വേഷണത്തെ പ്രധാനമന്ത്രിയും കൂട്ടരും അട്ടിമറിക്കുമെന്ന ആശങ്കയല്ലാതെ മറ്റെന്താണിതിനു പിന്നില്‍?

അന്വേഷണത്തിന്റെ സുപ്രധാന ഘട്ടത്തില്‍ അന്വേഷണച്ചുമതലയുണ്ടായിരുന്ന രവികാന്ത് ചൗളയെ ആ ചുമതലയില്‍നിന്ന് നീക്കി ഇന്റലിജന്‍സിലേക്ക് മാറ്റിയത് മന്‍മോഹന്‍സിങ് സര്‍ക്കാരാണ്. സര്‍ക്കാര്‍ മാറ്റിയ ആ ഓഫീസറെ തിരിച്ചുകൊണ്ടുവന്ന് അന്വേഷണച്ചുമതല നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നു. മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരിനെതിരായ അവിശ്വാസമല്ലാതെ മറ്റെന്താണ് ഇതിലൂടെ കോടതി പ്രകടിപ്പിച്ചത്?

സിബിഐ കൂട്ടിലടയ്ക്കപ്പെട്ട തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞു. സിബിഐയെ കൂട്ടിലടച്ചത് മന്‍മോഹന്‍സിങ് മന്ത്രിസഭയല്ലാതെ മറ്റാരാണ്? സിബിഐ രാഷ്ട്രീയ യജമാനന്മാരെ അനുസരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. മന്‍മോഹന്‍സിങ് അല്ലാതെ സിബിഐക്ക് വേറെ ഏത് രാഷ്ട്രീയ യജമാനനാണുള്ളത്. സിബിഐയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണമെന്ന് ജഡ്ജിമാര്‍ പറയുന്നു. സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയത് പ്രധാനമന്ത്രിയുടെതന്നെ ഓഫീസും മന്‍മോഹന്‍സിങ്ങിന്റെ നിയമമന്ത്രിയുമല്ലാതെ മറ്റാരാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കുകയാണ് ഇപ്പോള്‍ കല്‍ക്കരി കുംഭകോണം.

ഈ പ്രധാനമന്ത്രിയുടെ ചുമതലയില്‍ കല്‍ക്കരിവകുപ്പുണ്ടായിരുന്ന കാലത്താണ് 1,86,000 കോടി രൂപയുടെ നഷ്ടം ഖജനാവിന് വരുത്തിയ ഈ മഹാ കുംഭകോണം നടന്നത്. പ്രധാനമന്ത്രിയുടെ ഒപ്പിന്റെ ബലത്തിലാണ് അനര്‍ഹരായ രാഷ്ട്രീയനേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും രാഷ്ട്രീയസ്വാധീനമുള്ള വമ്പന്‍ കോര്‍പറേറ്റുകള്‍ക്കും ക്രമരഹിതമായി കല്‍ക്കരിപ്പാടം വീതിച്ചുനല്‍കിയത്. പ്രധാനമന്ത്രി കല്‍ക്കരിവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന ഘട്ടത്തിലാണ് സിബിഐ ആവശ്യപ്പെട്ടിട്ടും കല്‍ക്കരിപ്പാടവിതരണത്തിന്റെ ഫയലുകള്‍ അന്വേഷണത്തിന് വിട്ടുകൊടുക്കാതെ തടഞ്ഞുവച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജോയിന്റ് സെക്രട്ടറി പ്രധാനമന്ത്രി അറിയാതെ സിബിഐപോലുള്ള ഒരു ഉന്നത അന്വേഷണ സ്ഥാപനത്തിന്റെ ഉന്നതാധികാരിയെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് ഭേദഗതിപ്പെടുത്താന്‍ നിര്‍ദേശിക്കുന്നതിന് ധൈര്യപ്പെടുമോ? ആ ജോയിന്റ് സെക്രട്ടറിക്ക് വ്യക്തിപരമായ എന്ത് താല്‍പ്പര്യമാണിതിലുള്ളത്? സുപ്രീംകോടതിക്ക് കൊടുക്കാന്‍ സിബിഐ തയ്യാറാക്കിവച്ച അന്വേഷണനില റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുമായി ആലോചിക്കാതെ നിയമമന്ത്രി അശ്വനികുമാര്‍ വിളിച്ചുവരുത്തി തിരുത്താന്‍ ധൈര്യപ്പെടുമോ? ആ മന്ത്രിക്ക് പ്രധാനമന്ത്രിയെ രക്ഷപ്പെടുത്തുക എന്നതിനപ്പുറം എന്ത് താല്‍പ്പര്യമാണുള്ളത്. തന്റെ താല്‍പ്പര്യമാണ് യഥാര്‍ഥത്തില്‍ നിയമമന്ത്രി നിര്‍വഹിച്ചതെന്ന ബോധ്യം ഉള്ളതുകൊണ്ടല്ലേ ആ നിയമമന്ത്രിയെ സുപ്രീംകോടതിയുടെ വിമര്‍ശത്തിനുശേഷവും പ്രധാനമന്ത്രി സംരക്ഷിച്ചുനിര്‍ത്തിയത്?

സുപ്രീംകോടതി കല്‍ക്കരിപ്പാട കുംഭകോണം പരിഗണിച്ചുതുടങ്ങിയ ഘട്ടത്തില്‍ത്തന്നെ മന്‍മോഹന്‍സിങ് മന്ത്രിസഭ സുപ്രീംകോടതി ഇടപെടുന്നതിനെ തടയാന്‍ ശ്രമിക്കുകയായിരുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആ ഘട്ടത്തില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത് പാര്‍ലമെന്ററി അക്കൗണ്ട്സ് കമ്മിറ്റി സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ടെന്നും അത് നടക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടേണ്ട കാര്യമില്ലെന്നുമാണ്. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനാണ് സുപ്രീംകോടതിയുടെ പരിശോധനയെ അഗ്നിയെ എന്നവണ്ണം പ്രധാനമന്ത്രിയും സര്‍ക്കാരും ഭയക്കുന്നത്?

സുപ്രീംകോടതിയുടെ പരിശോധനയും പിഎസിയുടെ പരിശോധനയും രണ്ടാണെന്നും ഒന്ന് നടക്കുന്നുവെന്നത് മറ്റൊന്ന് നടക്കുന്നതിന്റെ സാംഗത്യത്തെ ഇല്ലാതാക്കുന്നില്ലെന്നുമുള്ള നിലപാട് സുപ്രീംകോടതി കൈക്കൊണ്ടതുകൊണ്ടുമാത്രമാണ് ഇത്രയേറെ കാര്യങ്ങള്‍ വെളിപ്പെട്ടത്. ഇത് വെളിപ്പെടുന്നതില്‍ എന്തിനായിരുന്നു മന്‍മോഹന്‍സിങ് സര്‍ക്കാരിന് അസ്വസ്ഥത. സിബിഐക്ക് ഈ കേസില്‍ പ്രധാനമന്ത്രികാര്യാലയവും നിയമമന്ത്രാലയവുമായും തുടര്‍ച്ചയായ ആലോചനകള്‍ നടത്തേണ്ടിവന്നതെന്തുകൊണ്ടാണ് എന്ന് കോടതി ചോദിച്ചു. അവര്‍ക്ക് ഈ കേസില്‍ എന്ത് കാര്യം എന്ന് ചോദിച്ചു. മാര്‍ച്ച് ആറിന്റെ യോഗത്തില്‍ സിബിഐ ഡയറക്ടറും അറ്റോര്‍ണി ജനറലും പ്രധാനമന്ത്രികാര്യാലയത്തിലെ ജോയിന്റ് സെക്രട്ടറിയും നിയമമന്ത്രി അശ്വനികുമാറും കല്‍ക്കരിമന്ത്രാലയത്തിലെ സെക്രട്ടറിയും സംബന്ധിച്ചു. ഇവരെയൊക്കെ ഏകോപിപ്പിച്ച ശക്തി എന്താണ്? ഈ ചോദ്യവും പ്രധാനമന്ത്രിയിലേക്ക് സംശയത്തിന്റെ സൂചിമുന നീട്ടുന്നുണ്ട്.

അന്വേഷണറിപ്പോര്‍ട്ടിന്റെ ഹൃദയംതന്നെ സര്‍ക്കാരിന്റെ ഇടപെടലിലൂടെ മാറ്റപ്പെട്ടുവെന്ന് സുപ്രീംകോടതി കണ്ടെത്തി. ആ സര്‍ക്കാരിന്റെ നായകന് ഈ കോടതി വിമര്‍ശത്തിനുശേഷവും അധികാരത്തില്‍ തുടരാന്‍ എന്ത് ധാര്‍മികാവകാശമാണുള്ളത്? കല്‍ക്കരിപ്പാടം സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ട് വന്നയുടന്‍തന്നെ ആ ഭരണഘടനാസ്ഥാപനത്തിനു നേര്‍ക്ക് ഭര്‍ത്സനവുമായി എത്തിയവര്‍തന്നെയാണ് സത്യം പുറത്തുവരുന്നത് തടയാന്‍ എല്ലാ മാര്‍ഗവും ഉപയോഗിച്ച് ഇപ്പോള്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം അധികാരംതന്നെ.

deshabhimani editorial 090513

No comments:

Post a Comment